അടിയന്തരാവസ്ഥയ്‌ക്കെതിരെ ഉറച്ചുനിന്നിട്ടും കെ. രാമന്‍പിള്ള ജയിലില്‍ പോകാതിരുന്നത് പൊലീസിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതുകൊണ്ടല്‌ള. മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്റ്റ് (മിസ) വാറണ്ടുമായി കെ. കരുണാകരന്റെ പൊലീസ് പലവട്ടം വാതിലില്‍ മുട്ടി, കാണാതെ വന്നപേ്പാള്‍ പരക്കം പാഞ്ഞു. ''പിടികൊടുക്കരുതെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു, ഭാഗ്യവശാല്‍ ഞാന്‍ അവരുടെ കൈയില്‍പെട്ടില്‌ള. എങ്ങനെയൊക്കെയോ രക്ഷപെ്പട്ടു നടക്കാന്‍ കഴിഞ്ഞു.' രാമന്‍ പിള്ള പറയുന്നു. പക്ഷേ, പൊലീസിനെ പേടിച്ച് നിശ്ശബ്ദമായി ഇരുന്നവരുടെ കൂട്ടത്തിലാകാന്‍ തയാറായിരുന്നില്‌ള അദ്ദേഹം. രാജ്യവ്യാപകമായി നടന്ന അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തില്‍ കേരളത്തിലെ പ്രധാന കണ്ണികളിലൊന്നുതന്നെയായി.
ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്രതീകമായി മാറിയ ജയപ്രകാശ് നാരായണന്‍ ദേശീയതലത്തില്‍ രൂപീകരിച്ച ലോക്‌സംഘര്‍ഷ സമിതിയുടെ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പിയുടെ പൂര്‍വരൂപമായിരുന്ന ജനസംഘത്തിന്റെ സഹസംഘടനാ സെക്രട്ടറിയുമായിരുന്നു. പിന്നീട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി. 2006 നവംബറില്‍ ബി.ജെ.പി. വിട്ട് ജനപക്ഷം രൂപീകരിച്ച അദ്ദേഹം സമീപകാലത്ത് അതിന്റ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. അടിയന്തരാവസ്ഥ ഇനിയൊരിക്കലും വരില്ല എന്നുറപ്പിക്കേണ്ട എന്നു താക്കീതു ചെയ്യുകയും അതെന്തുകൊണ്ടാണെന്നു വിശദീകരിക്കുകയും ചെയ്യുന്ന കെ. രാമന്‍ പിള്ളയ്ക്ക് ഇന്ദിരാഗാന്ധിയെയും കെ. കരുണാകരനെയും കുറിച്ചു മാത്രമല്‌ള, വി.ആര്‍. കൃഷ്ണയ്യരെക്കുറിച്ചും ചിലതു പറയാനുണ്ട്.
രാജ്യത്ത് അതിനുമുമ്പും പിമ്പും ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരമായ അവസ്ഥയായിരുന്നു അടിയന്തരാവസ്ഥ. കാരണം അത് മനുഷ്യന്റെ എല്‌ളാത്തരത്തിലുള്ള സ്വാതന്ത്ര്യത്തെയും തടഞ്ഞു. മിസയുടെ പേരില്‍ ആരെയും എപേ്പാഴും അറസ്റ്റു ചെയ്തു തടവിലാക്കാമെന്ന സ്ഥിതി. എത്രകാലവും തടവിലിടാം. കോടതിയെ സമീപിക്കാന്‍ അവസരമില്‌ള. അവര്‍ ദാഹിച്ചു വെള്ളം ചോദിച്ചാല്‍പോലും കൊടുക്കാതിരിക്കാം എന്നാണ് അന്നത്തെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യവും അന്ന് രാജ്യത്തുണ്ടായിരുന്നില്‌ള. ഇന്ദിരാഗാന്ധി 17 തെരഞ്ഞെടുപ്പു കുറ്റങ്ങള്‍ നടത്തിയെന്നു വ്യക്തമായ സാഹചര്യത്തിലാണ് അലഹബാദ് ഹൈക്കോടതി അവരുടെ തെരഞ്ഞെടുപ്പു റദ്ദാക്കിയത്. അവര്‍ രാജിവെച്ച് മറ്റൊരാളെ ചുമതലയേല്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നതും സാധാരണഗതിയില്‍ ഏതു രാഷ്ര്ടീയപ്പാര്‍ട്ടിയും ചെയ്യേണ്ടതും അതാണ്. പക്ഷേ, ഇന്ദിര സുപ്രീംകോടതിയെ സമീപിച്ചു.
അവിടെ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അലഹബാദ് ഹൈക്കോടതി വിധിക്ക് സ്‌റ്റേ കൊടുത്തില്‌ള. പക്ഷേ, അപ്രസക്തമായ ഒരു പരാമര്‍ശം നടത്തി. ലോക്‌സഭാംഗത്വം ഇലെ്‌ളങ്കിലും ഇന്ദിരാഗാന്ധിക്ക് ലോക്‌സഭയില്‍ പങ്കെടുക്കുകയും പ്രധാനമന്ത്രിയായി തുടരുകയും ചെയ്യാം എന്നായിരുന്നു അത്. ഈ പരാമര്‍ശത്തില്‍ മൗലികമായ ഒരു ന്യൂനതയുണ്ട്. ഇന്ത്യയിലെ ഏതു പൗരനും ആറു മാസത്തേക്ക് തെരഞ്ഞെടുക്കപെ്പടാതെ പ്രധാനമന്ത്രിയോ മന്ത്രിയോ ഒക്കെ ആകാം. അതിനിടയില്‍ തെരഞ്ഞെടുക്കപെ്പടണം എന്നേയുള്ളു. പക്ഷേ, ഇവിടെ കാര്യം അതല്‌ള. തെരഞ്ഞെടുപ്പു കുറ്റത്തിനു ശിക്ഷിക്കപെ്പട്ട ഒരാളാണ് ഇന്ദിര. അവര്‍ക്ക് ഇനിയും തുടരാം എന്നു പറഞ്ഞതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ധൈര്യം നല്‍കിയത്. ജസ്റ്റീസ് കൃഷ്ണയ്യര്‍ തെറ്റാണ് ചെയ്തത്.
മുന്‍കരുതലുകളെ കടത്തിവെട്ടിയ ചരിത്രം
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപെ്പട്ട് പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ ആ സമരം അക്രമാസക്തമായിരിക്കുമെന്ന സൂചനകളേ ഉണ്ടായിരുന്നില്‌ള; ആരും പറഞ്ഞിട്ടുമില്‌ള. പ്രത്യേകിച്ചും ഗാന്ധിയനായ ജയപ്രകാശ് നാരായണന്‍ നേതൃത്വം കൊടുക്കുന്ന സമരം അഹിംസാത്മക സമരംതന്നെയായിരിക്കുമെന്നും ഉറപ്പായിരുന്നു. പക്ഷേ, ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ വേണമായിരുന്നു. അതിന് അവര്‍ 1975 ജൂണ്‍ 25-ന് അര്‍ധരാത്രി ഉറങ്ങിക്കിടന്ന രാഷ്ര്ടപതി ഫക്രുദീന്‍ അലി അഹമ്മദിനെ വിളിച്ചുണര്‍ത്തി പ്രഖ്യാപനത്തില്‍ ഒപ്പിടുവിച്ചു. അധികാരം ഏതുവിധവും നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. ഇങ്ങനെയുള്ള ജനാധിപത്യം ആവശ്യമിലെ്‌ളന്നും നിയന്ത്രിത ജനാധിപത്യം മതി എന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ അവരോടൊപ്പമുള്ള പല ആളുകളും പ്രകടിപ്പിച്ചിരുന്നു. ഇത് നേരത്തെ മനസ്‌സിലാക്കിയ ചില ആളുകളുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനും വളരെ മുമ്പാണ് ഒ.വി. വിജയന്‍ ധര്‍മപുരാണം എന്ന നോവല്‍ എഴുതിയത്.
പ്രസിദ്ധീകരിക്കാന്‍ മലയാളനാട് വാരികയ്ക്ക് അയച്ചുകൊടുത്തു. നോവല്‍ പ്രസിദ്ധീകരിക്കുന്നതിനേക്കുറിച്ചു പരസ്യവും വന്നു. എന്നാല്‍, അത് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേതന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇപേ്പാള്‍ പ്രസിദ്ധീകരിക്കേണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചരിത്രം നമ്മെ കടത്തിവെട്ടി എന്നാണ് അതേക്കുറിച്ച് ഒ.വി. വിജയന്‍ പറഞ്ഞത്. അതുപോലെതന്നെ ചോ രാമസ്വാമിയുടെ മാസികയുടെ 1975 ഫെബ്രുവരി ലക്കം ഇറങ്ങിയത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു എന്ന തലക്കെട്ടുള്ള ലേഖനവുമായിട്ടായിരുന്നു. ഇന്ദിരാഗാന്ധി പട്ടാള വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും തമാശ ഭാവത്തിലാണെങ്കിലും പ്രസിദ്ധീകരിച്ചു. ഇന്ത്യ പട്ടാളഭരണത്തിലേക്കു പോകുന്നു എന്നതരം സൂചനയായിരുന്നു അത്. സംഭവിക്കാന്‍ പോകുന്നത് അങ്ങനെ മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായിരുന്നു.
പൗരാവകാശങ്ങള്‍ എടുത്തുകളഞ്ഞ നടപടികള്‍ക്കെതിരെ സമരം ചെയ്യണമെന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ലോക് സംഘര്‍ഷ സമിതി തീരുമാനിച്ചു. അതനുസരിച്ച് കേരളത്തില്‍ അതിന്റെ സെക്രട്ടറിയായി നിയോഗിച്ചത് എന്നെയാണ്. പ്രസിഡന്റായി എം.പി. മന്മഥനെയും.
കേരളത്തില്‍ ഒരിടത്തും യോഗം ചേരാന്‍ നിര്‍വാഹമില്‌ള. അതുകൊണ്ട് തമിഴ്‌നാട്ടിലെ പഴനിയിലാണ് ചേര്‍ന്നത്, രണ്ടു തവണ. മൂന്നാമത് ബാംഗ്‌ളൂരില്‍. നവംബര്‍ 14 മുതല്‍ രണ്ടു മാസം തുടര്‍ച്ചയായി സത്യഗ്രഹം നടത്താനായിരുന്നു തീരുമാനം. ഈ സമരത്തിന് എല്‌ളാ പാര്‍ട്ടികളുടെയും സഹകരണം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ ആദ്യം സമീപിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയാണ്. മലമ്പുഴ എം.എല്‍.എ. ആയിരുന്ന വി. കൃഷ്ണദാസ് മുഖേന ഇ.എം.എസ്‌സിനെ കാണാന്‍ സമയം ചോദിച്ചു. തിരുവനന്തപുരത്ത് എം.എല്‍.എ. ഹോസ്റ്റലില്‍ വച്ചു കാണാം എന്നും സമ്മതിച്ചു. അവിടെച്ചെന്നപേ്പാള്‍ ഇ.എം.എസ്. ഉണ്ടായിരുന്നില്‌ള. പകരം വി.എസ്. അച്യുതാനന്ദന്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് പൊലീസ് അന്വേഷിക്കുന്ന ആളാണോ എന്നാണ്. അതെ എന്നു പറഞ്ഞപേ്പാള്‍, അങ്ങനെയെങ്കില്‍ ഇ.എം.എസ്. കാണില്‌ള എന്നു പറഞ്ഞു. അത് അവരുടെ പാര്‍ട്ടി തീരുമാനമായിരുന്നു. എന്താ വേണ്ടതെന്നുവച്ചാല്‍ തന്നോടു പറഞ്ഞാല്‍ മതിയെന്നും അത് ഇ.എം.എസ്‌സിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും വി.എസ്. അറിയിച്ചു. ഞാന്‍ കാര്യം പറഞ്ഞു. അടിയന്തരാവസഥയ്‌ക്കെതിരെ സമാധാനപരമായ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹകരണം വേണം.
ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് ഇതിനെതിരെ സമരം വേണ്ട എന്നാണെന്നാണ് അപേ്പാള്‍ വി.എസ്. പറഞ്ഞത്. പകരം, അടിയന്തരാവസ്ഥയുടെ മറവില്‍ തൊഴിലാളികളുടെ ബോണസ് അവകാശങ്ങള്‍ പോലുള്ളവ നിഷേധിക്കുന്നതിനെതിരെയും മറ്റും സമരം ചെയ്താല്‍ മതി എന്നാണ് തീരുമാനം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അന്ന് സമരത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി മാറിയേനേ. ഒരു വലിയ മൂവ്‌മെന്റായി മാറാന്‍ ഇടയുണ്ടായിരുന്നു. ഒരു കാര്യമുള്ളത്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ ഭൂരിഭാഗവും അപേ്പാഴേക്കും ജയിലിലായിരുന്നു എന്നതാണ്. സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നില്‌ള, കരുതല്‍ തടവായിരുന്നു അത്. ആഭ്യന്തര മന്ത്രി കെ. കരുണാകരന്റെ നിര്‍ദേശപ്രകാരം പൊലീസ് രാഷ്ര്ടീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ശക്തമായി ഇടപെട്ടിരുന്നു.
പിന്നീട് പല പാര്‍ട്ടികളുടേയും നേതാക്കളെ കണ്ടു. സംഘടനാ കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍ അന്ന് ജയിലിലായിരുന്നു. പിന്നീട് സര്‍ക്കാരുമായുള്ള ധാരണയില്‍ പുറത്തുവന്ന് അദ്ദേഹം മന്ത്രിയായി. കെ. ഗോപാലനായിരുന്നു അവരുടെ മറ്റൊരു പ്രധാന നേതാവ്. അദ്ദേഹത്തെ കണ്ടു. സഹകരിക്കാമെന്നും പറഞ്ഞു. സോഷ്യലിസ്റ്റുകളെ കണ്ടു. അവര്‍ വളരെക്കുറവാണ്. സി.പി.എം. നേതൃത്വം നല്‍കുന്ന മുന്നണിയിലായതുകൊണ്ട് അവരുടെ നിലപാടിനു വിരുദ്ധമായി സഹകരിക്കാനുള്ള ബുദ്ധിമുട്ട് അവര്‍ പറഞ്ഞു. സി.ജി. ജനാര്‍ദ്ദനന്‍ വലിയ നേതാവായിരുന്നു. അദ്ദേഹം സഹകരിക്കാമെന്നു പറഞ്ഞു. പക്ഷേ, സഹകരിച്ചില്‌ള എന്നതു വേറെ കാര്യം. ചുരുക്കത്തില്‍ ഈ സമരത്തില്‍ ജനസംഘവും ആര്‍.എസ്.എസ്‌സും അവരുമായി ബന്ധമുള്ള ചിലരും മാത്രമേ ഉണ്ടായുള്ളു.
എം.പി. മന്മഥന്‍ സാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുവഭാരത സംഘം വന്നു. സമരം നിശ്ചയിച്ച വിധത്തില്‍ തന്നെ നടന്നു. ആഴ്ചയിലൊരു ദിവസം അടിയന്തരാവസ്ഥയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുക, ലഘുലേഖകള്‍ വിതരണം ചെയ്യുക തുടങ്ങിയവയൊക്കെയായിരുന്നു രീതി. അതുപോലും അന്ന് അസാധ്യവും സര്‍ക്കാരിന് അങ്ങേയറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു എന്നോര്‍ക്കണം. കണ്ണൂരില്‍ സമരം നടത്തിയവരെ എസ്.പി. പുലിക്കോടന്‍ നാരായണന്റെ നേതൃത്വത്തില്‍ ഭീകരമായി മര്‍ദിച്ചു. അവര്‍ക്ക് സംശയമുള്ളവരെയൊക്കെ മിസ പ്രകാരവും ഡി.ഐ.ആര്‍. പ്രകാരവും അറസ്റ്റു ചെയ്തു. അങ്ങനെ ധാരാളം ആര്‍.എസ്.എസ്., ജനസംഘം പ്രവര്‍ത്തകര്‍ ജയിലിലായി.
ഫാസിസ്റ്റുകളും ജനാധിപത്യവാദികളും
അറസ്റ്റിലാകുന്നവര്‍ക്കെല്‌ളാമെതിരെ കോടതിയില്‍ ഹാജരാക്കുന്ന ചാര്‍ജ് ഷീ്റ്റ് ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ''അര്‍ധരാത്രി ഏതെങ്കിലും ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ അലെ്‌ളങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി സംഘം ചേരുകയും ഇന്ത്യാ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ തീരുമാനിക്കുകയും അത് പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.' ജന്മഭൂമിയുടെ എഡിറ്റര്‍ പി. നാരായണനെ ലോഡ്ജില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട്ട് അടിയന്തരാവസ്ഥയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ ചുമരെഴുതിക്കൊണ്ടിരുന്നപേ്പാള്‍ പിടികൂടി എന്നാണ് കുറ്റം ചുമത്തിയത്.
ആന്റണി എന്ന മജിസ്‌ട്രേട്ടിന്റെ അടുത്താണ് ഹാജരാക്കിയത്. അദ്ദേഹം ഇതു വായിച്ചു ചിരിച്ചു. ആ ചുമരെഴുത്ത് നേരത്തെ മുതല്‍ അവിടെയുണ്ടെന്ന് ആ വഴി സ്ഥിരമായി യാത്ര ചെയ്യുന്ന മജിസ്‌ട്രേട്ട് കണ്ടിട്ടുള്ളതാണ്. പരിവര്‍ത്തനവാദി കോണ്‍ഗ്രസ്‌സുകാരോ മറ്റോ എഴുതിയതാണ്. ഏതായാലും നാരായണനെ കോടതി വിട്ടയച്ചു. അങ്ങനെയും ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. പൊലീസിന്റെ മര്‍ദനത്തെ അതിജീവിച്ച് മുടക്കംവരാതെ സമരം ചെയ്യുകയും സമരത്തിന്റെ വാര്‍ത്തകളൊന്നും പത്രങ്ങളില്‍ വരാതിരിക്കുകയും ചെയ്തപേ്പാള്‍ കുരുക്ഷേത്രം എന്ന പേരില്‍ ഒരു ദൈ്വവാരിക പ്രസിദ്ധീകരിച്ചു. എട്ടു സ്ഥലങ്ങളില്‍നിന്നാണ് ഈ നാലു പേജ് വാരിക ഒരേസമയം ഇറങ്ങിയിരുന്നത്. അതിന്റെ വിതരണ കാര്യത്തില്‍ ആര്‍.എസ്.എസ്‌സിന്റെ നെറ്റുവര്‍ക്ക് വളരെ ഗുണം ചെയ്തു. ഇന്ന സ്ഥലത്ത് ഉണ്ടാകും, വന്നെടുത്തുകൊള്ളണം എന്ന് പ്രവര്‍ത്തകരെ അറിയിക്കും. അവര്‍ അവിടെച്ചെന്ന് ഒരു രഹസ്യ കോഡ് പറഞ്ഞാല്‍ കിട്ടും.
അതുകൊണ്ട് അതിന്റെ പേരില്‍ ആരെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്‌ള. ജയപ്രകാശ് നാരായണന്റെ സന്ദേശങ്ങളും സമരവാര്‍ത്തകളുമൊക്കെയായിരുന്നു പ്രധാന ഉള്ളടക്കം. അടിയന്തരാവസ്ഥയെ രൂക്ഷമായി എതിര്‍ത്തുകൊണ്ട് എ.കെ.ജി. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗംപോലും ഞങ്ങളാണ് ആദ്യം അച്ചടിച്ചു വിതരണം ചെയ്തത്. അങ്ങനെ പ്രസംഗിക്കാന്‍ അധികമാരും ഉണ്ടായിരുന്നില്‌ള. ജനസംഘമായിരുന്നു സമിതിയിലെ പ്രധാന കക്ഷി. പിന്നെ ആര്‍.എസ്.എസ്., സംഘടനാ കോണ്‍ഗ്രസ്, സര്‍വോദയക്കാര്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. പരിവര്‍ത്തനവാദി കോണ്‍ഗ്രസ്‌സില്‍നിന്ന് എം.എ. ജോണ്‍ വന്നിലെ്‌ളങ്കിലും മറ്റു പലരും വന്നു. ചെങ്ങന്നൂരില്‍ പ്രസ്‌സ് നടത്തിയിരുന്ന എബ്രഹാം ഈപ്പന്‍ ഈ പ്രവര്‍ത്തനങ്ങളെ സഹായിച്ചിരുന്നു. പ്രസ്‌സില്‍ പൊലീസ് പരിശോധന നടത്തി, കേസെടുത്തു. ആറു മാസം ജയിലില്‍ കിടന്നു. പക്ഷേ, കുരുക്ഷേത്രം എവിടെ അടിക്കുന്നു, ആരു വിതരണം ചെയ്യുന്നു എന്ന് കണ്ടുപിടിക്കാന്‍ പൊലീസിനു കഴിഞ്ഞില്‌ള. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ ഇത് ഇറങ്ങി.
അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന ഘട്ടം വന്നപേ്പാഴാണ് പൗരാവകാശ സമിതിയുടെ പേരിലും മറ്റും സെമിനാറുകള്‍ നടത്തുകയും ഇ.എം.എസ്. അതില്‍ പ്രസംഗിക്കുകയുമൊക്കെ ചെയ്തത്. അതിന് സര്‍ക്കാര്‍ അനുമതിയും കൊടുത്തിരുന്നു. ജനസംഘത്തിന്റെ പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാനോ പരിപാടി നടത്താനോ അനുമതി തന്നിരുന്നില്‌ള. മാത്രമല്‌ള, വ്യാപകമായി അറസ്റ്റും ചെയ്തു. ഫാസിസ്റ്റുകള്‍ എന്നാണ് ഈ സമരക്കാരെ സര്‍ക്കാരും കോണ്‍ഗ്രസ്‌സും വിശേഷിപ്പിച്ചത്. പൊലീസ് അതിനനുസരിച്ച് വാശിയോടെ അടിച്ചമര്‍ത്തിക്കൊണ്ടുമിരുന്നു. പത്രങ്ങളില്‍ വരാത്തതുകൊണ്ട് ഇതൊന്നും ലോകം അറിഞ്ഞില്‌ള. എന്നിട്ടും രണ്ടുമാസം തുടര്‍ച്ചയായി താലൂക്ക് അടിസ്ഥാനത്തില്‍ സത്യഗ്രഹ സമരം നടത്തിയത് അടിയന്തരാവസ്ഥ എന്ന ജനാധിപത്യ വിരുദ്ധ നടപടിയോടുള്ള വിട്ടുവീഴ്ചയില്‌ളാത്ത എതിര്‍പ്പുമൂലമായിരുന്നു. കോഴിക്കോട് പന്നിയങ്കരയിലാണ് മാതൃഭൂമി റസിഡന്റ് എഡിറ്ററായിരുന്ന എ.പി. ഉദയഭാനു താമസിച്ചിരുന്നത്. അദ്ദേഹം രാവിലെ ഓഫീസില്‍ പോകുമ്പോഴാണ് പന്നിയങ്കര ജംഗ്ഷനില്‍ സത്യഗ്രഹം നടക്കുന്നത്.
മുദ്രാവാക്യങ്ങള്‍ വിളിക്കുകയല്‌ളാതെ വേറൊന്നുമില്‌ള. മഹാത്മാഗാന്ധി കീ, ഭാരത് മാതാ കീ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ കൂടെ അടിയന്തരാവസ്ഥ പിന്‍വലിക്കുക എന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. അതു മാത്രമാണ് സര്‍ക്കാരിനെതിരെയുള്ളതും അവരെ പ്രകോപിപ്പിക്കുന്നതും. പൊലീസ് പാഞ്ഞുവന്നു. എല്‌ളാവരെയും തല്‌ളി വലിച്ചിഴച്ച് ജീപ്പിലേക്കെറിഞ്ഞു. ഇതു നേരിട്ടുകണ്ട ഉദയഭാനു ഓഫീസിലെത്തിയപേ്പാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത്രേ, ഫാസിസ്റ്റുകളെ ജനാധിപത്യവാദികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നു നേരിട്ടു കണ്ടു എന്ന്.
കണ്ടവര്‍ക്കൊക്കെ കാര്യം മനസ്‌സിലായിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക് അടിയന്തരാവസ്ഥയെക്കുറിച്ചു വളരെയധികം തെറ്റിദ്ധാരണകളുണ്ടായിരുന്നു. പൊതുവേ ഇഷ്ടവുമായിരുന്നു. ബന്ദില്‌ള, ഹര്‍ത്താലില്‌ള, എല്‌ളാവരും എവിടെയും ക്യൂ പാലിക്കുന്നു. കൊള്ളാമലേ്‌ളാ എന്നൊരു തോന്നല്‍ കേരളത്തിലുണ്ടായിരുന്നു. അത് പിന്നീടു നടന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചലേ്‌ളാ. ഉത്തരേന്ത്യ മുഴുവനും ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌സിനെ ജനം കൈവിട്ടപേ്പാള്‍ ഇവിടെ തിരിച്ചായിരുന്നലേ്‌ളാ സ്ഥിതി.
ഞാന്‍ അറസ്റ്റിലായില്‌ള. അറസ്റ്റിന് അവസരം കൊടുക്കരുതെന്ന് പാര്‍ട്ടിതലത്തിലും സമിതിയുടേതായും തീരുമാനമുണ്ടായിരുന്നു. മന്മഥന്‍ സാര്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടന്‍ അറസ്റ്റു ചെയ്തു, വിട്ടു. സമിതി രൂപീകരിച്ച് അദ്ദേഹം പ്രസിഡന്റായപേ്പാള്‍ വീണ്ടും അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥ കഴിഞ്ഞാണു പിന്നെ പുറത്തുവരുന്നത്. ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഒ. രാജഗോപാല്‍ ഈ കാലഘട്ടം മുഴുവന്‍ ജയിലിലായിരുന്നു. എന്നെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ താമസിക്കാന്‍ ഇടയുള്ള പല സ്ഥലങ്ങളും പൊലീസ് റെയ്ഡ് ചെയ്തു. ഭാഗ്യം കൊണ്ട് മാറിനില്‍ക്കാന്‍ സാധിച്ചു. രാഷ്ര്ടീയപ്പാര്‍ട്ടികളുടെ സംയുക്തസമിതി തീരുമാനിച്ച് മൂന്നു ദിവസം സമരം നടത്തി. അതില്‍ പങ്കെടുത്തപേ്പാഴാണ് രാജഗോപാലിനെയും മറ്റും അറസ്റ്റു ചെയ്തത്. 1975 ജൂലൈ 7,8,9 തീയതികളില്‍ നടന്ന ഈ സമരത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പങ്കെടുത്തിരുന്നു. ജില്‌ളാ ആസ്ഥാനങ്ങളില്‍ സത്യഗ്രഹമായിരുന്നു സംഘടിപ്പിച്ചത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചില നേതാക്കളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു എന്നാണ് മനസ്‌സിലാകുന്നത്.
ഞങ്ങളുടെ ഒരാളെയും അതിന് അനുവദിച്ചില്‌ള. ജനസംഘം ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ജി. മാരാരും അറസ്റ്റിലായി. ആക്ടിംഗ് പ്രസിഡന്റായി നിശ്ചയിച്ച പി.കെ. വിഷ്ണു നമ്പൂതിരിയെയും ഉടന്‍ അറസ്റ്റു ചെയ്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറിയാക്കിയ പി.എന്‍. സുകുമാരന്‍ നായര്‍ക്ക് കരുണാകരനുമായി അടുപ്പമുള്ള ചില എം.എല്‍.എമാര്‍ ബന്ധുക്കളായി ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്തില്‌ള. പി. പരമേശ്വര്‍ജി കുറച്ചുകാലം തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്നു. പിന്നീട് കേരളത്തിലെത്തിയപേ്പാള്‍ അറസ്റ്റു ചെയ്തു.
അടിയന്തരാവസ്ഥ കഴിഞ്ഞതോടെ സമിതി പിരിച്ചുവിട്ടു. പാര്‍ട്ടികള്‍ യോജിക്കാനുള്ള ഒരു ധാരണ രൂപപെ്പട്ടു. ജനസംഘം, സോഷ്യലിസ്റ്റു പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ഭാരതീയ ക്രാന്തിദള്‍ എന്നിവയെല്‌ളാം ചേര്‍ന്ന് ജനതാ പാര്‍ട്ടിയായത് അങ്ങനെയാണ്. കേരളത്തില്‍ അതു രൂപീകരിക്കാനുള്ള ശ്രമത്തിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇടങ്കോലിട്ടുകൊണ്ടിരുന്നു. സമ്മര്‍ദം ചെലുത്തി സോഷ്യലിസ്റ്റു പാര്‍ട്ടിയെ മാറ്റി. അതുപോലെ സംഘടനാ കോണ്‍ഗ്രസ്‌സില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്‌സിലേക്കു തിരിച്ചുപോയി. ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളകോണ്‍ഗ്രസ്‌സും കുറച്ചുകാലം കൂടെയുണ്ടായിരുന്നു. ഇതിനിടയില്‍ പറയേണ്ട വിചിത്രമായ ഒരു കാര്യമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ പോയ ബാലകൃഷ്ണ പിള്ള ജയിലില്‍നിന്ന് പ്രത്യേക പരോളില്‍ ഇറങ്ങി ഡല്‍ഹിയില്‍ പോയി. മടങ്ങിവന്നത് ജയില്‍മന്ത്രിയായിട്ടാണ്.
അക്രമങ്ങള്‍ നടത്തിയിരുന്ന നക്‌സലൈറ്റുകളെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥമൂലം സാധിച്ചുവെന്ന് അവകാശപെ്പടുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തിയത് അടിയന്തരാവസ്ഥയുടെ പേരിലല്‌ള. പൊലീസ് സ്റ്റേഷനാക്രമണം പോലുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെ പേരിലാണ്. ഈ അക്രമങ്ങള്‍ അടിയന്തരാവസ്ഥയിലുമുണ്ടായിരുന്നു.
അടിയന്തരാവസ്ഥയിലെ അഴിമതി
സി.പി.ഐയുടെ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിയെങ്കിലും ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍ അധികാരം ദുരുപയോഗപെ്പടുത്തുന്നതില്‍ വളരെ പ്രധാനപെ്പട്ട പങ്കുവഹിച്ചിരുന്നു. അദ്ദേഹം പിന്നീടു പറഞ്ഞു, അന്നത്തെ നിലയില്‍ എനിക്ക് അങ്ങനെയേ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ എന്നൊക്കെ. നിസ്‌സഹായാവസ്ഥയിലായിരുന്നുവെന്നും അലെ്‌ളങ്കില്‍ രാജിവച്ച് പോകേണ്ടിവരുമായിരുന്നു എന്നുമൊക്കെ പറഞ്ഞു. എനിക്ക് അതേക്കുറിച്ച് അറിയില്‌ള. പക്ഷേ, അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തിയിരുന്നു. അനേകം വ്യക്തികളുടെ മരണത്തിനും മര്‍ദനത്തിനുമൊക്കെ കാരണക്കാരനായി. അഴിമതിയും അക്കാലത്ത് വര്‍ധിച്ചു. ഏതു പൊലീസുകാരനും എവിടെച്ചെന്നും ഭയപെ്പടുത്തി പണം വാങ്ങാവുന്ന സ്ഥിതി. അത് പലരും നല്‌ളവണ്ണം പ്രയോജനപെ്പടുത്തിയിട്ടുണ്ട്. നിങ്ങളുടെ പേര് മിസ ലിസ്റ്റിലുണ്ട് എന്നു പറഞ്ഞാല്‍ രക്ഷപെ്പടാന്‍ ഏതു ബിസിനസ്‌സുകാരനും ചോദിക്കുന്ന പണം കൊടുക്കുമായിരുന്നു. ചില്‌ളറയൊന്നുമല്‌ള, വലിയ അഴിമതി. തൃശൂരിലെ പി.ടി. മാനുവല്‍ ആന്റ് സണ്‍സ് ഉടമ മാനുവല്‍ തന്നെ പറഞ്ഞിട്ടുണ്ട്, അന്നത്തെ നിലയില്‍ നാലു ലക്ഷം രൂപ കൊടുത്താണ് അദ്ദേഹം മിസയില്‍നിന്നു രക്ഷപെ്പട്ടതെന്ന്. 1975-ലാണലേ്‌ളാ. അത് ഇന്നത്തെ നാലു കോടിയാണ്. പൊലീസാണ് വാങ്ങിയത്. ചില സ്ഥലങ്ങളില്‍ രാഷ്ര്ടീയനേതാക്കളും വാങ്ങിയിട്ടുണ്ടാകാം. പക്ഷേ, പൊലീസാണ് പ്രധാനമായും ഇതു ചെയ്തിരുന്നത്.
26 സംഘടനകളെ നിരോധിച്ചിരുന്നു. അതില്‍ ആര്‍.എസ്.എസ്‌സും ജമാഅത്തെ ഇസ്‌ളാമിയും ഉള്‍പെ്പട്ടിരുന്നു. ജയിലില്‍ ഒന്നിച്ചുള്ള സഹവാസം പരസ്പരം തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സഹായിച്ചിരുന്നു എന്നാണ് എന്റെ അറിവ്. പക്ഷേ, അതുകഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ആ അടുപ്പം നിലനില്‍ക്കുന്നുമില്‌ള. ഈ സംഘടനകളെയൊന്നും നിരോധിക്കേണ്ട കാര്യമുണ്ടായിരുന്നില്‌ള. അപകടം ചെയ്തിരുന്ന സംഘടനകളല്‌ള ഇതൊന്നും.
ഇനിയൊരിക്കലും അടിയന്തരാവസ്ഥ വരില്‌ള എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്‌ള. കാരണം, രാഷ്ര്ടീയത്തില്‍ അധികാരം തങ്ങളുടെ തറവാട്ടുസ്വത്ത് പോലെ വച്ച് അനുഭവിക്കാനുള്ളതാണെന്നു വിശ്വസിക്കുന്ന ചിലരുണ്ട്. അധികാരത്തിന് ഒരു പരിധി നിശ്ചയിക്കാത്തിടത്തോളം കാലം ഈ ഭീഷണി ഉണ്ടാകാം. അമേരിക്കയില്‍ പ്രസിഡന്റിന് പരമാവധി രണ്ടു തവണയേ പ്രസിഡന്റാകാന്‍ പറ്റൂ, നിയമപരമായിത്തന്നെ. ബ്രിട്ടനിലും അതാണു കീഴ്‌വഴക്കം. ഇന്ത്യയില്‍ ആ പരിധി നിശ്ചയിച്ചിട്ടില്‌ള. അതുകൊണ്ട് ഓരോരുത്തരും ആയുഷ്‌ക്കാലം ആ പദവിയില്‍ ഇരിക്കാനാണ് ശ്രമിക്കുന്നത്. തന്റെ കാലശേഷം തനിക്ക് വേണ്ടപെ്പട്ടവര്‍ വരണമെന്നും ആഗ്രഹിക്കുന്നു. ഈ പ്രവണതയാണ് ഏകാധിപത്യം കൊണ്ടുവരുന്നത്. ഏകാധിപത്യം വന്നുകഴിഞ്ഞാല്‍ പിന്നെ ഫാസിസ്റ്റു പ്രവണത അതിന്റെ അനിവാര്യ ഘടകമാണ്. അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും. അടിയന്തരാവസ്ഥയില്‍ എന്നെ ഞെട്ടിച്ച ഒരു കാര്യം, ജനാധിപത്യവാദികളായിരുന്നവരുടേയും ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ചു പ്രസംഗിച്ചിരുന്നവരുടേയുമൊക്കെ സ്വഭാവം ആ സമയമായപേ്പാള്‍ പെട്ടെന്നങ്ങു മാറി എന്നതാണ്. അവര്‍ അതിനെ പിന്തുണയ്ക്കുന്നവരായി മാറി. നാടകീയമായ മാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates