കടയിൽ നിന്ന് പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ മിക്കവാറും ആളുകൾ അവയുടെ ബ്രാൻഡ്, വില, രുചി, ഓഫർ തുടങ്ങിയ കാര്യങ്ങളിലേക്കാണ് ശ്രദ്ധകൊടുക്കാറ്. എന്നാൽ നിങ്ങൾ വാങ്ങുന്ന ഭക്ഷണം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് മനസ്സിലാക്കാൻ പാക്കറ്റിന്റെ മുൻവശത്തെക്കാൾ പ്രധാനം അവയുടെ പിന്നിലെഴുതിയിരിക്കുന്ന ലേബൽ ആണ്.
'ഹെൽത്തി', 'നാച്ചുറൽ', 'ലോ ഫാറ്റ്', 'ഷുഗർ ഫ്രീ' പോലുള്ള വാക്കുകൾ മാത്രം കണ്ട് ഭക്ഷണം തിരഞ്ഞെടുക്കുന്നത് എല്ലാപ്പോഴും ശരിയായ രീതിയല്ല. പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ ലേബലിൽ ആദ്യം പരിശോധിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ നോക്കാം.
പാക്കറ്റ് ഭക്ഷണത്തിന്റെ ഇൻഗ്രിഡിയൻസ് ലിസ്റ്റ് ആണ് ആദ്യം പരിശോധിക്കേണ്ടത്. സാധാരണയായി ഭക്ഷണത്തിൽ അളവ് കൂടുതലുള്ള ചേരുവകൾ ആദ്യം വരുന്ന രീതിയിലാണ് പട്ടിക നൽകുന്നത്. അതായത്, നിങ്ങൾ ഒരു ബിസ്ക്കറ്റ് ആണ് വാങ്ങുന്നതെങ്കിൽ ആദ്യ ചേരുവകളിൽ തന്നെ റിഫൈൻഡ് ഷുഗർ, പഞ്ചസാര, ഹൈഡ്രോജെനേറ്റഡ് ഫാറ്റ് തുടങ്ങിയവ വരുന്നുണ്ടെങ്കിൽ അത് പരിവായി കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണോ എന്ന ആലോചിക്കണം.
ഒരു ഭക്ഷണത്തിൽ പല തരത്തിലുള്ള പഞ്ചസാര ഉപയോഗിച്ചിട്ടുണ്ടാകാം. Sugar, glucose syrup, fructose syrup, maltose, dextrose തുടങ്ങിയ പേരുകളിൽ അവ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് ഷുഗർ എന്ന വാക്ക് തിരയാതെ മുഴുവൻ പട്ടികയും വായിക്കുക.
പാക്കറ്റ് ഭക്ഷണത്തിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന പഞ്ചസാരയും പിന്നീട് ചേർക്കുന്ന Added Sugar-ഉം തമ്മിൽ വ്യത്യാസമുണ്ട്. സീരിയൽ, ഫ്ലേവർഡ് യോഗർട്ട്, ബിസ്കറ്റ്, ചോക്ലേറ്റ്, എനർജി ബാർ, ഇൻസ്റ്റന്റ് ഡ്രിങ്ക് മിക്സ്, സോസുകൾ തുടങ്ങിയവയിൽ ആഡഡ് ഷുഗർ ഉണ്ടായേക്കാം. ലേബലിൽ Total Sugar എന്നതിനൊപ്പം Added Sugar പ്രത്യേകം നൽകിയിട്ടുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക. ഷുഗർ ഫ്രീ എന്ന് എഴുതിയിട്ടുണ്ടെങ്കിലും അത് സ്വാഭാവികമായി ആരോഗ്യകരമായ ഭക്ഷണമാണെന്ന് അർത്ഥമില്ല. പകരം കൊഴുപ്പ്, ഉപ്പ്, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയവ കൂടുതലായിരിക്കാം.
മധുരമില്ലാത്ത ഭക്ഷണം ആരോഗ്യകരമാണെന്ന് കരുതുന്നത് സാധാരണ തെറ്റാണ്. പല പാക്കറ്റ് ഭക്ഷണങ്ങളിലും സോഡിയം അളവ് ശ്രദ്ധിക്കേണ്ടതാണ്. ചിപ്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, സൂപ്പ് പാക്കറ്റുകൾ, സോസുകൾ, പ്രോസസ്ഡ് മീറ്റ്, ക്രാക്കറുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവയിൽ സോഡിയം കൂടുതലായിരിക്കാം.
ലേബലിൽ സോഡിയം അല്ലെങ്കിൽ ചിലപ്പോൾ സോൾട്ട് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുക. ഒരേ ദിവസം പല പാക്കറ്റ് ഭക്ഷണങ്ങളും കഴിച്ചാൽ സോഡിയം എളുപ്പത്തിൽ ഉയരാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഉൾപ്പെടെ ഉപ്പ് നിയന്ത്രിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചിട്ടുള്ളവർ പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഈ ഭാഗം പ്രത്യേകം ശ്രദ്ധിക്കണം.
പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കലോറി കണ്ടിട്ട് അത് മുഴുവൻ പാക്കറ്റിനുള്ളതാണെന്ന് കരുതരുത്. Nutrition label-ൽ പലപ്പോഴും വിവരങ്ങൾ നൽകുന്നത് per serving എന്ന അടിസ്ഥാനത്തിലാണ്. ഒരു പാക്കറ്റിൽ രണ്ടോ മൂന്നോ സേർവിങ്ങുകൾ ഉണ്ടെങ്കിൽ, പാക്കറ്റ് മുഴുവൻ കഴിക്കുമ്പോൾ ലേബലിൽ കാണുന്ന കലോറിയുടെ രണ്ടോ മൂന്നോ മടങ്ങ് ലഭിച്ചേക്കാം.
'ലോ ഫാറ്റ്' എന്ന് എഴുതിയിരിക്കുന്ന ഭക്ഷണം നിർബന്ധമായും ആരോഗ്യകരമാകണമെന്നില്ല. കൊഴുപ്പ് കുറയ്ക്കുമ്പോൾ പഞ്ചസാരയോ റിഫൈൻഡ് കാർബോഹൈഗ്രേറ്റോ കൂടുതലായിരിക്കാം. അതുപോലെ, പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, മൊത്തത്തിലുള്ള കൊഴുപ്പ് എന്നിവയും നോക്കണം.
സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുമ്പോൾ ഓരോ പാക്കറ്റും വിശദമായി വായിച്ചു മനസ്സിലാക്കാണ സമയം കിട്ടണമെന്നില്ല. അതിനായി സിംപിൾ ആയി ഈ 5 സ്റ്റെപ്പ് ചെക്ക് ചെയ്യാം.
ചേരുവ- ആദ്യത്തെ മൂന്ന് ചേരുവകൾ എന്തൊക്കെ?
ആഡഡ് ഷുഗർ- എത്ര
സോഡിയം അല്ലെങ്കിൽ ഉപ്പ്-എത്ര
സേർവിങ് സൈസ്- യഥാർഥത്തിൽ എത്രയാണ് ഒരു സേർവിങ്?
പ്രോട്ടീൻ, ഫൈബർ, കൊഴുപ്പ്- പോഷകമൂല്യം എങ്ങനെയാണ്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates