മനസും ശരീരവും ഒരുപോലെ തണുപ്പിക്കുന്ന കരിമ്പിന്‍ ജ്യൂസ് ഒരുവിധം എല്ലാവരുടെയും ഇഷ്ട പാനീയമാണ്. ഇത് ഉടനടി ഊര്‍ജ്ജം നല്‍കാനും ദഹനത്തിനും അസിഡിറ്റിക്കുമൊക്കെ മികച്ച ഓപ്ഷനാണ്. വഴിയോരങ്ങളില്‍ ഫ്രഷ് ആയി കരിമ്പിന്‍ ജ്യൂസ് നല്‍കുന്ന നിരവധി കടകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. യാത്രകളില്‍ ക്ഷീണം മാറ്റാനും ഫ്രഷ് ആകാനും കരിമ്പിന്‍ ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്ക് ഈ ശീലം സേയ്ഫ് ആയിരിക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇക്കൂട്ടര്‍ കരിമ്പിന്‍ ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രമേഹരോഗികള്‍
കരിമ്പിന്‍റെ ഗ്ലൈസെമിക് സൂചിക വളരെ ഉയര്‍ന്നതായതു കൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് അത്ര ആരോഗ്യകരമല്ല. ഒരു ഗ്ലാസ് ജ്യൂസിൽ 40–50 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം, ഇത് ഒരു സോഫ്റ്റ് ഡ്രിങ്കിന് തുല്യമാണെന്ന് വിദഗ്ധർ പറയുന്നു. ഇത് ഷുഗര്‍ സ്പൈക്ക് ഉണ്ടാക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കരിമ്പിൻ ജ്യൂസ് അത്ര നല്ല ഓപ്ഷനല്ല. കാരണം, മറ്റ് പോഷകങ്ങള്‍ ഉണ്ടെങ്കിലും കരിമ്പില്‍ പ്രകൃതിദത്ത പഞ്ചസാരയ്ക്കൊപ്പം ഉയര്‍ന്ന അളവില്‍ കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം ശരീരഭാരം വർധിപ്പിക്കും. അത് ഹൃദ്രോഗങ്ങളിലേക്കും ഫാറ്റി ലിവര്‍ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
പ്രതിരോധശേഷി കുറഞ്ഞ ആളുകൾ
വഴിയരികില്‍ നിന്ന് കരിമ്പിന്‍ ജ്യൂസ് വാങ്ങി കുടിക്കുന്നവര്‍ നിരവധിയുണ്ട്. അവിടെ ശുചിത്വം എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. ശരിയായി വൃത്തിയാക്കാത്ത യന്ത്രങ്ങൾ, വൃത്തിഹീനമായ വെള്ളമോ ഫിൽട്ടർ ചെയ്യാത്ത ഐസോ ഉപയോഗിക്കുന്നത് മലിനീകരണ സാധ്യത വർധിപ്പിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലും കുട്ടികളിലും മുതിര്‍ന്നവരിലും ഇത് അണുബാധ, വയറിളക്കം അല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
മഞ്ഞപ്പിത്തം അല്ലെങ്കിൽ കരൾ പ്രശ്നങ്ങൾ ഉള്ളവര്‍
കരളിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ച് മഞ്ഞപ്പിത്തത്തിന്, ആയുർവേദത്തിൽ കരിമ്പിൻ ജ്യൂസ് പലപ്പോഴും ശുപാർശ ചെയ്യാറുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും ഗുണപ്രദമായിരിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കരൾ രോഗം, ഫാറ്റി ലിവർ അല്ലെങ്കിൽ സിറോസിസ് എന്നിവ ഉള്ളവര്‍ക്ക് കരിമ്പിൻ ജ്യൂസില്‍ അടങ്ങിയ പഞ്ചസാര കരൾ സമ്മർദം വർധിപ്പിക്കുന്നു. ക്ലിൻകണക്റ്റിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല ക്ലിനിക്കൽ ട്രയൽ, കരൾ രോഗികളിൽ കരിമ്പിൻ ജ്യൂസ് ചില സന്ദർഭങ്ങളിൽ സഹായിച്ചേക്കാമെങ്കിലും, ഉപഭോഗം എപ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ മാർഗനിർദേശത്തില്‍ ആയിരിക്കണമെന്ന് സൂചിപ്പിക്കുന്നു.
ദന്തരോഗമുള്ളവര്‍
കരിമ്പിന്‍ ജ്യൂസില്‍ അടങ്ങിയ പഞ്ചസാര പല്ലുകളില്‍ പറ്റിപടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ശരിയായി കഴുകിയില്ലെങ്കിൽ, അത് ബാക്ടീരിയ വളർച്ച, പല്ലുകളില്‍ പോട്, മോണയിലെ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. സെൻസിറ്റീവ് പല്ലുകൾ, പല്ല് ക്ഷയം, അല്ലെങ്കിൽ മോണയിലെ അണുബാധ തുടങ്ങിയ ദന്ത പ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.
ദഹനപ്രശ്നങ്ങളുള്ളവര്‍
പലർക്കും കരിമ്പിൻ ജ്യൂസ് ഉന്മേഷദായകമാണെങ്കിലും, ദഹനക്കുറവ്, വയറു വീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) എന്നിവയുള്ളവർക്ക് ആരോഗ്യകരമായ ഓപ്ഷന്‍ അല്ല കരിമ്പിന്‍ ജ്യൂസ്. ഇത് വയറ്റിൽ എത്തി വേഗത്തിൽ പുളിക്കുകയും ഗ്യാസ് പോലുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും. വയറിളക്കം ഉള്ളവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates