57-ാം വയസിലും ബോഡി ഫിറ്റ്നസിന് അത്രയേറെ പ്രധാന്യം നൽകുന്ന ആളാണ് ബോളിവുഡ് താരം അക്ഷയ് കുമാർ (Akshay Kumar Diet). കഠിനമായ വർക്ക്ഔട്ടിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ സംരക്ഷണത്തിന് പിന്നിൽ. അദ്ദേഹം തന്റെ ഡയറ്റിനെ കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവന്നത്.
'നമ്മുടെ ശാസ്ത്രത്തിൽ, രാത്രി കിടക്കുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പറയുന്നു. താൻ അതാണ് പിന്തുടരുന്നത്. വൈകുന്നേരം 6.30 ക്ക് ശേഷം ഭക്ഷണം കഴിക്കാറില്ലെന്നും വിഡിയോയിൽ അദ്ദേഹം പറയുന്നു. രാത്രി വൈകി, വിശന്നാൽ തന്നെ മുട്ടയുടെ വെള്ളയോ, റാഡിഷോ, കാരറ്റോ, സാലഡോ ആണ് കഴിക്കുക. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്രയേറെ ദോഷമാണ്. ഭക്ഷണം ദഹിപ്പിക്കാൻ ദഹന വ്യവസ്ഥയ്ക്ക് ഏകദേശം മൂന്ന്-നാല് മണിക്കൂർ സമയം വേണം. രാത്രി 10നും 11 മണിക്കും ശേഷം ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ മറ്റ് അവയവങ്ങൾ വിശ്രമിക്കുമ്പോൾ ദഹനവ്യവസ്ഥ മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കും'.- അക്ഷയ് പറയുന്നു.
വൈകുന്നേറം 6.30 ന് ശേഷം വിശന്നാൽ കാഴിക്കാൻ മുളപ്പിച്ച പയർ കൊണ്ടുള്ള ഒരു സാലഡ് റെസിപ്പിയും താരം പങ്കുവെയ്ക്കുന്നുണ്ട്. ഒരു ബൗളിലേക്ക് മുളപ്പിച്ച ചെറുപയര്‍, ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, വെള്ളരി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിലേക്ക് ഒരുപിടി വേവിച്ച ചോളം, ഒരു ചെറിയ കപ്പ് മാതളനാരങ്ങ, അര കപ്പ് അരിഞ്ഞ പച്ച മാങ്ങ, നിലക്കടല എന്നിവ ചേർക്കുക.
മറ്റൊരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ബ്ലാക്ക് സാള്‍ട്ട്, ജീരകപ്പൊടി, ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു പിടി മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നാരങ്ങ പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. ഈ മസാലക്കൂട്ട് അരിഞ്ഞ പച്ചക്കറികളിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കഴിക്കുക. ഏറെ ആരോഗ്യഗുണമുള്ള സാലഡാണിത്. നാരുകള്‍, കാല്‍സ്യം, വിറ്റാമിന്‍ എ,സി, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പയറു മുളപ്പിക്കുന്നത് അതിന്റെ ആരോഗ്യഗുണം ഇരട്ടിയാക്കും. ഇതിൽ അടങ്ങിയ ആന്റി-ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates