Oats and eggs, protein Meta AI Image
Health

'ദിവസവും പരമാവധി പ്രോട്ടീൻ ഉൾപ്പെടുത്തും, പക്ഷെ 93 ശതമാനം ഇന്ത്യക്കാരും ഇപ്പോഴും ആശയക്കുഴപ്പത്തിൽ'

വെറും 19 ശതമാനം പേർ മാത്രമാണ് പ്രോട്ടീനുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്കായി ഡോക്ടർമാരെയോ പോഷകാഹാര വിദഗ്ധരെയോ ആശ്രയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുൻകാലങ്ങളിൽ ഫിറ്റ്നസ് പ്രേമികളുടെ പ്രോട്ടീൻ ഉപഭോ​ഗത്തെ പരിഹസിച്ച പലരും ഇന്ന് മൂന്ന് നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. പ്രോട്ടീൻ അത്രയും പ്രധാനപ്പെട്ട പോഷകമാണെന്ന് ഇന്ന് മിക്കവാറും ആളുകൾ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ഇന്ത്യാസ് പ്രോട്ടീൻ പാരഡോക്സ് എന്ന റിപ്പോർട്ടിൽ രാജ്യത്ത് രണ്ടിൽ ഒരാൾ, അതായത് 50 ശതമാനം ആളുകളും അവരുടെ എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുന്നുണ്ടെന്ന് വിശദീകരിക്കുന്നു.

എന്നാൽ പ്രോട്ടീന്റെ അളവു സജീവമായി നിരീക്ഷിക്കുന്ന 93 ശതമാനം ആളുകൾക്കും പ്രോട്ടീനുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദൈനംദിന ആവശ്യകതകളെക്കുറിച്ചും കൃത്യമായ പോഷക മൂല്യങ്ങളെക്കുറിച്ചും അവർക്ക് അറിവില്ല. പ്രോട്ടീനെക്കുറിച്ചുള്ള അവബോധവും അതേക്കുറിച്ചുള്ള ശരിയായ ധാരണയും തമ്മിലുള്ള വലിയ അന്തരമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ​പഠനത്തിന് നേതൃത്വം നൽകിയ പൾസ്എഐ റിസർച്ച് ​ഗവേഷകർ പറയുന്നു.

'ഏകദേശം 50 ശതമാനം ഉപഭോക്താക്കളും എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുകയും 41 ശതമാനം പേർ അത് സജീവമായി നിരീക്ഷിക്കുകയും ചെയ്യുമ്പോൾ, ട്രാക്ക് ചെയ്യുന്നവരിൽ 93 ശതമാനം പേരും പോഷകാഹാര വിവരങ്ങളെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ്. വ്യാപകമായ തെറ്റായ വിവരങ്ങൾ, ധാന്യങ്ങൾ കൂടുതലുള്ള ഭക്ഷണക്രമത്തിൽ നിന്നുള്ള മോശം പ്രോട്ടീൻ ഗുണനിലവാരം, ആഴത്തിലുള്ള അറിവില്ലായ്മകൾ എന്നിവ ഇന്ത്യക്കാർക്കിടയിൽ ഗുണനിലവാരമുള്ള പ്രോട്ടീൻ ഉപഭോഗത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ പ്രോട്ടീൻ ഉപഭോഗ രീതികൾ, ഭക്ഷണ മുൻഗണനകൾ, പോഷകാഹാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി 2000 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 41 ശതമാനം ആളുകൾ തങ്ങൾ കഴിക്കുന്ന പ്രോട്ടീന്റെ അളവ് സജീവമായി നിരീക്ഷിക്കുകയോ കണക്കാക്കുകയോ ചെയ്യുന്നു. ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് ഏതാണ്ട് പകുതി ആളുകളും പോഷകാഹാര ലേബലുകൾ പതിവായി പരിശോധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, പ്രോട്ടീന്റെ അളവ് നിരീക്ഷിക്കുന്നത് അതേ കുറിച്ചുള്ള മികച്ച ധാരണയിലേക്ക് സ്വാഭാവികമായി നയിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രോട്ടീൻ ഉപഭോഗം പതിവായി നിരീക്ഷിക്കുന്നവരിൽ 93 ശതമാനം പേരും പ്രോട്ടീനുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ആശയക്കുഴപ്പമോ അവ്യക്തതയോ ഉള്ളവരാണ്. തങ്ങളുടെ പ്രോട്ടീൻ ആവശ്യകതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് കരുതുന്നവരിൽ പോലും പ്രോട്ടീൻ ഉപഭോഗ രീതികളിൽ സ്ഥിരതയില്ല. ഇതിലൂടെ ആളുകൾക്ക് തങ്ങൾക്ക് ആവശ്യമായ പ്രോട്ടീനെക്കുറിച്ച് ധാരണയുണ്ടെന്ന് തോന്നുന്നുവെങ്കിലും യഥാർഥ ജീവിതത്തിലെ ഭക്ഷണശീലങ്ങൾ അതിനോട് പൊരുത്തപ്പെടുന്നില്ലെന്ന അന്തരം വ്യക്തമാകുന്നതായും റിപ്പോർട്ട് പറയുന്നു.

പ്രോട്ടീന്റെ കാര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരൊറ്റ സമീപനമല്ല ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പലരും പ്രോട്ടീനെ മസിൽ വളർച്ചയുമായും ഫിറ്റ്നസുമായും ബന്ധപ്പെടുത്തുമ്പോൾ, മറ്റു ചിലർ പ്രോട്ടീൻ പ്രധാനമായും മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന പോഷകമായാണ് കാണുന്നത്. പോഷകാഹാര ആവശ്യകതകളെക്കുറിച്ചുള്ള പൊതുവായ ധാരണയെക്കാൾ വ്യക്തിഗത ഗവേഷണം, സ്വന്തം അനുഭവങ്ങൾ, ജീവിതശൈലി ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പലരും പ്രോട്ടീൻ തിരഞ്ഞെടുക്കുന്നത്. വെറും 19 ശതമാനം പേർ മാത്രമാണ് പ്രോട്ടീനുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്കായി ഡോക്ടർമാരെയോ പോഷകാഹാര വിദഗ്ധരെയോ ആശ്രയിക്കുന്നത്.

അതായത്, നോൺ-വെജിറ്റേറിയൻ വിഭാ​ഗത്തിലുള്ളവരിൽ പോലും 31.4 ശതമാനം പേർ പയർവർഗങ്ങൾ, നട്സ് തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകളെ തങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീന്റെ ഭാഗമാക്കുന്നു. വെജിറ്റേറിയൻ വിഭാഗത്തിലുള്ളവർ പ്രധാനമായും പാലുൽപ്പന്നങ്ങൾ, പയർവർഗങ്ങൾ, നട്സ് എന്നിവയിൽ നിന്നാണ് പ്രോട്ടീൻ നേടുന്നത്.

പ്രോട്ടീൻ സപ്ലിമെന്റുകൾ ഉണ്ടെങ്കിലും പരമ്പരാ​ഗത ഭക്ഷണവിശ്വാസങ്ങൾ ഇപ്പോഴും പ്രോട്ടീൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ പകുതി പേരും സപ്ലിമെന്റുകളേക്കാൾ ഭക്ഷണങ്ങളാണ് പ്രോട്ടീന്റെ മികച്ച ഉറവിടമെന്ന് വിശ്വസിക്കുന്നവരാണ്.

ഇന്ത്യയിലെ പ്രോട്ടീൻ വിഭാഗം വളരെ വൈരുധ്യങ്ങൾ നിറഞ്ഞതാണ്. ആളുകൾ തങ്ങൾക്ക് ആവശ്യമുള്ള പ്രോട്ടീൻ കഴിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാൽ അവരുടെ ഡയറ്റ് മറ്റൊരു കഥയാണ് പറയുന്നത്. ആത്മവിശ്വാസത്തിനൊപ്പം ആശയക്കുഴപ്പവും നിലനിൽക്കുന്നുവെന്ന് പൾസ് എഐ റിസർച്ച് സിഇഒ ശിശിർ വർമ്മ പറഞ്ഞു.

Almost Half Of Indians Include Protein In Every Meal, But 93% Remain Confused: Survey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്തത് ഇന്ത്യയോ? പാകിസ്ഥാനുമായുള്ള താരതമ്യത്തിലെ വസ്തുത അറിയാം

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രാജിവെച്ചു

ഓണത്തപ്പനെ വരവേൽക്കാൻ തൃശൂരിൽ കുമ്മാട്ടികൾ ഇറങ്ങും; വേഷമൊരുക്കാൻ പർപ്പടകപ്പുല്ല് കിട്ടാനില്ലാതെ കുമ്മാട്ടി സംഘങ്ങൾ

കനത്ത ചൂടില്‍ ആശ്വാസമായി മഴയെത്തും; സൗദിയില്‍ ജാഗ്രത നിര്‍ദേശം

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച മംഗല്യനിറവിൽ ഗുരുവായൂർ; ആഗസ്റ്റ് 23-ന് ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ