മനുഷ്യന്റെ ശരീരത്തിന്റെ ഏതാണ്ട് 50 മുതൽ 60 ശതമാനം വരെ ജലാംശമാണ്. കോശങ്ങളുടെ പ്രവർത്തനം, താപനില നിയന്ത്രണം, പോഷകങ്ങളുടെ വിതരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ശരീരത്തിൽ ജലം അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ദിവസവും ഏഴ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. എന്നാൽ വെള്ളം കുടിക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുക.
വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിൽ ജലാംശം കുറയാനും നിർജ്ജലീകരണം എന്ന അവസ്ഥയിലേക്ക് തള്ളിവിടാനും കാരണമാകും. നിർജ്ജലീകരണം കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകാം. ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ അപടത്തിലാകാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദാഹം എന്നത് ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ മറ്റ് ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണെന്ന് വിദഗ്ധർ പറയുന്നു.
വേനൽക്കാലത്ത് നിർജ്ജലീകരണം വളരെ സാധാരണ ആരോഗ്യപ്രശ്നമാണ്. കഠിനമായ ചൂടിനെ തുടർന്ന് ശരീരം വിയർക്കുന്നതു മൂലം ശരീരത്തിൽ നിന്നും വലിയ അളവിൽ ജലാംശം നഷ്ടപ്പെടാനും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഇത് ശാരീരിക പ്രവർത്തനങ്ങളെയും ആന്തരിക അവയവങ്ങളെയും ബാധിക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ നിർജ്ജലീകരണം നേരിയതോ മിതമായതോ ആകാം, ഓറൽ റീഹൈഡ്രേഷൻ വഴി ഇത് പഴയപടിയാക്കാൻ സാധിക്കും. എന്നാൽ, മുന്നറിയിപ്പ് സൂചനകൾ അവഗണിക്കുന്നത് സാഹചര്യം വഷളാകാനും ഗുരുതര നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
ഇത് വൃക്ക സംബന്ധമായ പ്രവർത്തനം നിലയ്ക്കൽ, സെൻസോറിയത്തിലെ മാറ്റങ്ങൾ, ഡെലിറിയം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല അടിയന്തിര ചികിത്സ ആവശ്യമായി വരികയും ചെയ്യും.
നിർജ്ജലീകരണം തടയുന്നതിനും ജലാംശം നിലനിർത്തുന്നതിനും നിർജ്ജലീകരണത്തിന്റെ മറ്റ് ലക്ഷണങ്ങൾ പരിശോധിക്കാം.
വരണ്ട ചുണ്ടുകൾ, വരണ്ട വായ, വായ്നാറ്റം
ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുക, ചർമം വരണ്ടു പോവുക
മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ നിറമാവുക, മൂത്രത്തിന്റെ അളവു കുറയുക
തല അനക്കുമ്പോൾ തലവേദന, ഓക്കാനം
കഠിനമായ ക്ഷീണം, ശ്രദ്ധി കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മന്ദത
ശിശുക്കളെയും കുട്ടികളെയുമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. കുഞ്ഞുങ്ങൾ കണ്ണുനീരില്ലാതെ കരയുകയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയോ ചെയ്താൽ ശ്രദ്ധിക്കണം. നിർജലീകരണം തടയുന്നതിനുള്ള ഒരു ലളിതമായ വെള്ളം കുടിക്കുകയെന്നതാണ്. അതേസമയം, അമിതമായ വിയർപ്പ്, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം എന്നിവ ഉണ്ടാകുമ്പോൾ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ റീഹൈഡ്രേഷൻ ലവണങ്ങൾ ആവശ്യമായി വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates