ഒരു ഡ്രസ് ഒന്നിലധികം ദിവസം ഉപയോഗിക്കുന്നത് ദൈനംദിന ജീവിതത്തിൽ സാധാരണമാണ്. പ്രത്യേകിച്ച് ജീൻസ് പോലുള്ളവ മൂന്നും നാലും തവണ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ വസ്ത്രങ്ങളുടെ കാര്യത്തിലും ഇത് പ്രായോഗികമായിരിക്കില്ല. അത്തരത്തിലൊന്നാണ് സോക്സുകൾ.
ഉപയോഗിച്ച സോക്സുകൾ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും പെരുകാൻ അനുയോജ്യമായ ഈർപ്പവും ചൂടുമുള്ള സാഹചര്യം ഒരുക്കും. ശരീരത്തിലെ മറ്റ് വസ്ത്രങ്ങളെ അപേക്ഷിച്ച്, വിയർപ്പും മൃതകോശങ്ങളും വലിയ തോതിൽ വലിച്ചെടുക്കുന്നതിനാൽ സോക്സുകൾ സൂക്ഷ്മജീവികളുടെ താവളമായി മാറുന്നു എന്ന് മൈക്രോബയോളജി വിദഗ്ധർ വ്യക്തമാക്കുന്നു.
ശരീരത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്മജീവികൾ കാണപ്പെടുന്ന ഇടങ്ങളിലൊന്നാണ് കാൽപാദങ്ങൾ. കാൽവിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും എപ്പോഴും ഈർപ്പവും ചൂടും നിലനിൽക്കുന്നു. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഫംഗസ് വൈവിധ്യം കാണപ്പെടുന്നത് പാദങ്ങളിലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ പഠനങ്ങളിൽ പറയുന്നു. കഴുകാത്ത സോക്സ് വീണ്ടും ധരിക്കുമ്പോൾ ലക്ഷക്കണക്കിന് സൂക്ഷ്മജീവികൾ നിറഞ്ഞ ഒരിടത്തേക്ക് കാൽ വെച്ചുകൊടുക്കുകയാണ് നാം ചെയ്യുന്നത്.
കഴുകാത്ത സോക്സ് ധരിക്കുമ്പോൾ അത് പാദങ്ങളിലെ ബാക്ടീരിയകളെ ഷൂസിലേക്കും, തറയിലേക്കും, ഫർണിച്ചറുകളിലേക്കും കിടക്കയിലേക്കും വരെ എത്തിക്കും.
ഒരുതവണ ഉപയോഗിച്ച സോക്സിൽ വിയർപ്പുള്ള ടീ-ഷർട്ടിലുള്ളതിനേക്കാൾ ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണുള്ളത്.
വിയർപ്പിനെ വിഘടിപ്പിച്ച് ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന 'ഐസോവലെറിക് ആസിഡ്' (Isovaleric acid) എന്ന സംയുക്തമാണ് ദുർഗന്ധത്തിന് കാരണം
മാത്രമല്ല, ഇത് 'അത്‌ലറ്റ്‌സ് ഫൂട്ട്' (Athlete's foot) പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചില ബാക്ടീരിയകൾ ആഴ്ചകളോളം തുണിയിൽ ജീവനോടെയിരിക്കും എന്നതിനാൽ 'വിയർപ്പുണങ്ങിയ' സോക്സ് വൃത്തിയുള്ളതാണെന്ന് കരുതരുത്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates