ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്, അവയുടെ മധുരം നാവിലേക്ക് പകരുമ്പോൾ തലച്ചോറിൽ സന്തോഷത്തിന്റെ പടക്കങ്ങൾ പൊട്ടുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ സന്തോഷ ഹോർമോൺ ആയ ഡോപ്പമിന്റെ ഉൽപാദം വർധിപ്പിക്കുകയും മാനസിക സമ്മർദം കുറയ്ക്കാനും ചോക്ലേറ്റ് സഹായിക്കും. എന്നാൽ എല്ലാവർക്കുമല്ല, ചോക്ലേറ്റ് അലർജി ഉള്ളവരുമുണ്ട്.
വളരെ അപൂർവമാണെങ്കിലും ചോക്ലേറ്റ് അലർജി ഉണ്ടാക്കാം. അത് ജീവന് തന്നെ ഭീഷണിയാകാമെന്ന് വിദഗ്ധർ പറയുന്നു. കൊക്കോ ബീൻസിൽ കാണപ്പെടുന്ന ചില പ്രത്യേക പ്രോട്ടീനുകളോട് നമ്മുടെ പ്രതിരോധ സംവിധാനം അമിതപ്രതികരിക്കുന്നതാണ് കൊക്കോ അലർജിക്ക് കാരണമാകുന്നത്. മൊത്തത്തിലുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചോക്ലേറ്റ് അലർജി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ചോക്ലേറ്റ് സെൻസിറ്റിവിറ്റി അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ശരീരത്തിന് പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ഘടകം ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ടെങ്കിൽ കൊക്കോ സെൻസിറ്റിവിറ്റി ഉണ്ടാകാം. ദഹനപ്രശ്നങ്ങൾ, വീക്കം, തലവേദന പോലുള്ള ലഘുവായ പ്രതികരണങ്ങളിലേക്ക് ഇത് നയിക്കാം. കഴിക്കുന്ന ചോക്ലേറ്റിന്റെ അളവും വ്യക്തിയുടെ സംവേദനക്ഷമതയും പ്രതികരണത്തിൻ്റെ തീവ്രതയെ ബാധിക്കും.
അലർജി എന്നത് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഒരു രോഗപ്രതിരോധ പ്രക്രിയയാണ്. അതേസമയം സംവേദനക്ഷമത (സെൻസിറ്റിവിറ്റി) ഒരു നോൺ-ഇമ്മ്യൂണോളജിക്കൽ പ്രക്രിയയാണ്. കൊക്കോ മാത്രമല്ല, ചോക്ലേറ്റിൽ അടങ്ങിയ പാൽ പ്രോട്ടീനുകൾ, ട്രീ നട്സ്, നിലക്കടല ചിലപ്പോൾ ഗോതമ്പ് അല്ലെങ്കിൽ ഗ്ലൂറ്റൻ തുടങ്ങിയവയും അലർജി ഉണ്ടാക്കുന്നതായതിനാൽ ചോക്ലേറ്റ് കഴിക്കാൻ കഴിയാതെ പോകുന്നവരുമുണ്ട്. പ്രായപൂര്‍ത്തിയാകുമ്പോഴും കൊക്കോ അലര്‍ജി വിട്ടുമാറണമെന്നില്ല.
തേനീച്ചകൾ കുത്തിയ പോലെ ചർമത്തിൽ തിണർപ്പ് ഉണ്ടാവുക, ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ദഹനനാളത്തിൻ്റെ ലക്ഷണങ്ങൾ, തുമ്മൽ, ശ്വാസതടസം, തൊണ്ടയിലെ വീക്കം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക എന്നിവയാണ് കൊക്കോ അലര്‍ജിയുടെ ലക്ഷണങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates