പ്രായമായവരെ അപേക്ഷിച്ച് യുവാക്കളില്‍ ഉണ്ടാകുന്ന കാന്‍സര്‍ കൂടുതൽ അപകടകരമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ബൈജു സേനാധിപൻ. മുന്‍പ് അറുപതും എഴുപതും വയസുകാരില്‍ കണ്ടുവരുന്ന ഉദരസംബന്ധമായ കാന്‍സറുകള്‍ ഇന്ന് മുപ്പതും നാല്‍പ്പതും പ്രായമായ യുവാക്കളില്‍ കണ്ടുവരുന്നു. ഇത്തരം കാന്‍സറുകള്‍ കൂടുതല്‍ ആക്രമണാത്മക പ്രവണത കാണിക്കുന്നുവെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഡിഎന്‍എയിലെ ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുന്നതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇത്തരം കാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റ് അവയവങ്ങളിലേക്ക് പകരുകയും അതിജീവന സാധ്യത കുറയുകയും ചെയ്യുന്നു. വാർദ്ധക്യത്തിലെ കാൻസർ അത്ര ആക്രമണാത്മകമല്ല. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങൾ മൂലമാകാം ഇത് സംഭവിക്കുന്നത്. ചെറിപ്പക്കാരിലെ കാന്‍സര്‍ അപകടമാണ്. 40 വയസിന് ശേഷം നിര്‍ബന്ധമായും കൊളോനോസ്കോപ്പിക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊറോട്ടയും ബീഫും
കേരളത്തില്‍ ചെറുപ്പക്കാരുടെ വികാരമായ പൊറോട്ടയും ബീഫും കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയില്‍ കാൻസറുമായി ബന്ധപ്പെട്ട അലോക്സാൻ എന്ന സംയുക്തം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ, റെഡ് മീറ്റ് അമിത അളവിൽ കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇവയെല്ലാം പാടെ ഉപേക്ഷിക്കണമെന്നല്ല, വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നതില്‍ പ്രശ്നമില്ല. പതിവാക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ ഡയറ്റ്
മലയാളികളുടെ ഡയറ്റ് ശ്രദ്ധിച്ചാൽ അതിൽ കാർബോഹൈഡ്രേറ്റുകളുടെ അളവു കൂടുതലും പ്രോട്ടീന്റെ അളവു കുറവുമായിരിക്കും. കൂടാതെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പൊണ്ണത്തടി നിയന്ത്രിക്കേണ്ടതിന് കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത് നിർണായകമാണ്. മലയാളികൾക്ക് ചോറ് വളരെ പ്രിയപ്പെട്ടതാണ്. മുൻപ് രണ്ട് നേരം ചേറ് കഴിച്ചുകൊണ്ടിരുന്ന നിരവധി ആളുകൾ ചോറ് ഒരു നേരമാക്കിയിട്ടുണ്ട്. ചോറിന് പകരം ചപ്പാത്തിയിലേക്ക് മാറി. എന്നാൽ രണ്ടിലും ഏതാണ്ട് ഒരേപോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിന്റെ അളവിലാണ് വ്യത്യാസം. ചോറിന്റെ അത്ര അളവിൽ നമ്മൾ ചപ്പാത്തി കഴിക്കുന്നില്ല. അത് കാർബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്നു. മിതത്വമാണ് പ്രധാനം.
പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തണം
സസ്യങ്ങള്‍, മൃഗ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങളെ രണ്ട് തരത്തില്‍ പ്രോട്ടീന്‍ ലഭ്യമാണ്. നിലക്കടല, ബദാം, കശുവണ്ടി മുതലായവയിൽ നിന്ന് ലഭിക്കുന്ന സസ്യ പ്രോട്ടീനുകളിൽ മിക്കതും നല്ലതാണ്. എന്നാൽ ചുവന്ന മാംസത്തിന്റെ അമിത ഉപഭോഗം വിഷമാണ്. ചുവന്ന മാംസം കൂടുതൽ അർബുദകാരിയാണ്. സ്റ്റിറോയിഡുകൾ കുത്തിവയ്ക്കാത്ത കോഴിയിറച്ചി കഴിച്ചാൽ കുഴപ്പമില്ല. സസ്യാഹാരം നല്ലൊരു ജീവിതശൈലിയാണ്. എന്നാല്‍ സസ്യാഹാരികൾക്ക് കാൻസര്‍ വരില്ലെന്ന് പറയാനാകില്ല. അതുപോലെ മാംസാഹാരികൾക്ക് കാൻസർ വരണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates