Cancer survivers day file
Health

കാൻസറിനെ അതിജീവിച്ചവർ അറിയേണ്ടത്: എന്താണ് 'സെക്കൻഡ് കാൻസർ'? തുടർപരിശോധനകൾ പ്രാധാന്യം

കാൻസർ ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ശേഷം 'സെക്കൻഡ് പ്രൈമറി കാൻസർ' അഥവാ രണ്ടാമതൊരു കാൻസർ വരാനുള്ള സാധ്യതയെക്കുറിച്ചാണ് മെഡിക്കൽ ലോകം മുന്നറിയിപ്പ് നൽകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കാൻസർ എന്ന മഹാമാരിയോട് പോരാടി അതിജീവനത്തിന്റെ പുതുജീവിതത്തിലേക്ക് നിശ്ചയദാർഢ്യത്തോടെ കടന്നുവന്നവർക്ക് അവരുടെ തുടർ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുക കൂടിയാണ് നാഷണൽ കാൻസർ സർവൈവേഴ്സ് ദിനം ആചരിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം. കാൻസർ ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ശേഷം 'സെക്കൻഡ് പ്രൈമറി കാൻസർ' അഥവാ രണ്ടാമതൊരു കാൻസർ വരാനുള്ള സാധ്യതയെക്കുറിച്ചാണ് മെഡിക്കൽ ലോകം മുന്നറിയിപ്പ് നൽകുന്നത്.

ആദ്യമുണ്ടായ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്ന അവസ്ഥയല്ല മറിച്ച് ആദ്യത്തെ രോഗവുമായി നേരിട്ട് ബന്ധമില്ലാത്ത, തികച്ചും പുതിയൊരു കാൻസർ ശരീരത്തിൽ മറ്റൊരിടത്ത് രൂപപ്പെടുന്ന അവസ്ഥയാണിത്. കാൻസർ അതിജീവിച്ചവരിൽ ഈ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

അവഗണിക്കരുതാത്ത പ്രാരംഭ ലക്ഷണങ്ങൾ

ആദ്യ കാൻസറിന്റെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കാം രണ്ടാമതുണ്ടാകുന്ന കാൻസറിന്റെ ലക്ഷണങ്ങൾ. താഴെ പറയുന്ന മാറ്റങ്ങൾ ശരീരത്തിൽ പ്രകടമായാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.

ശരീരത്തിലുണ്ടാകുന്ന പുതിയ മുഴകൾ: കക്ഷത്തിലോ, കഴുത്തിലോ, സ്തനങ്ങളിലോ മറ്റേതെങ്കിലും ഭാഗങ്ങളിലോ പുതിയതായി ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകൾ അല്ലെങ്കിൽ വീക്കം.

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും: ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമ, ശബ്ദവ്യത്യാസം അല്ലെങ്കിൽ കഫത്തിൽ രക്തത്തിന്റെ അംശം കാണുക.

ശരീരഭാരത്തിലെ പെട്ടെന്നുള്ള കുറവ്: ഭക്ഷണക്രമത്തിൽ മാറ്റം വരുത്താതെ തന്നെ അകാരണമായി ശരീരഭാരം പെട്ടെന്ന് കുറയുക.

മാറാത്ത വ്രണങ്ങൾ: ചർമ്മത്തിലോ വായിലോ ഉണ്ടാകുന്നതും ദീർഘനാൾ കഴിഞ്ഞിട്ടും ഉണങ്ങാത്തതുമായ വ്രണങ്ങൾ.

മലമൂത്രവിസർജ്ജനത്തിൽ അനുഭവപ്പെടുന്ന മാറ്റങ്ങൾ: മലദ്വാരത്തിലൂടെയോ മൂത്രത്തിലൂടെയോ രക്തം പോവുക, വിട്ടുമാറാത്ത മലബന്ധം അല്ലെങ്കിൽ വയറിളക്കം.

വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനക്കേടും: ആഹാരം ഇറക്കാൻ തടസ്സം നേരിടുക അല്ലെങ്കിൽ വിട്ടുമാറാത്ത കഠിനമായ ദഹനക്കേട്.

അസാധാരണമായ രക്തസ്രാവം: ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന രക്തസ്രാവം അല്ലെങ്കിൽ ശരീരഭാഗങ്ങളിൽ നിന്ന് പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം.

രോഗസാധ്യതാ ഘടകങ്ങളും കാരണങ്ങളും

ഒരു തവണ കാൻസർ വന്നവരിൽ രണ്ടാമതൊരു കാൻസർ വരാൻ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് കാരണമാകുന്നത്:

ആദ്യ കാൻസറിന്റെ ചികിത്സാ പാർശ്വഫലങ്ങൾ: ആദ്യത്തെ കാൻസർ ഭേദമാക്കാൻ നൽകിയ കീമോതെറാപ്പി മരുന്നുകളും റേഡിയേഷൻ തെറാപ്പിയും ശരീരത്തിലെ മറ്റ് കോശങ്ങൾക്ക് ജനിതക വ്യതിയാനം വരുത്താൻ സാധ്യതയുണ്ട്. ഇത് വർഷങ്ങൾക്ക് ശേഷം മറ്റൊരു കാൻസറായി മാറാം.

പാരമ്പര്യവും ജനിതക ഘടകങ്ങളും: ചിലരിൽ ജനിതകപരമായ തകരാറുകൾ (ഉദാഹരണത്തിന് BRCA1, BRCA2 ജീനുകളിലെ വ്യതിയാനം) കാരണം ശരീരത്തിലെ കോശങ്ങൾക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും. ഇത് ഒന്നിലധികം കാൻസറുകൾക്ക് കാരണമാകാം.

മാറാത്ത ജീവിതശൈലി: കാൻസറിന് കാരണമായ മോശം ജീവിതശൈലി (പുകവലി, മദ്യപാനം, അമിതവണ്ണം, തെറ്റായ ഭക്ഷണക്രമം) ചികിത്സയ്ക്ക് ശേഷവും തുടരുന്നത് രണ്ടാമതും കാൻസറിനുള്ള സാധ്യത ഇരട്ടിയാക്കുന്നു.

തുടർപരിശോധനകളുടെ പ്രാധാന്യം

കാൻസർ ചികിത്സ കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ തുടർ പരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

കാൻസറുകൾ പലപ്പോഴും പ്രാരംഭഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും വെളിവാക്കുന്നതല്ല അതുകൊണ്ട് തന്നെ കൃത്യമായ മാമോഗ്രാം, പാപ് സ്മിയർ, കൊളോണോസ്കോപ്പി, രക്തപരിശോധനകൾ, അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന സ്കാനിംഗുകൾ എന്നിവയിലൂടെ മാത്രമേ ഇവ തുടക്കത്തിലേ കണ്ടെത്താനാകൂ. ആദ്യഘട്ടത്തിൽത്തന്നെ വീണ്ടും കാൻസർ കണ്ടെത്തിയാൽ അത് പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കും.

സുരക്ഷിതമായ പുതുജീവിതത്തിനായി ജീവിതശൈലി

കാൻസർ അതിജീവനത്തിന് ശേഷമുള്ള ജീവിതം കൂടുതൽ ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കുക:

  • നിങ്ങളുടെ കാൻസർ ചികിത്സയുടെ വിശദാംശങ്ങളും (Survivorship Care Plan) അടുത്ത പരിശോധന നടത്തേണ്ട തീയതികളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുക, അത് മുടക്കാതിരിക്കുക.

  • പുകവലിയും മദ്യപാനവും പൂർണ്ണമായി ഒഴിവാക്കുന്നത് കാൻസർ വരാനുള്ള സാധ്യതയെ വൻതോതിൽ കുറയ്ക്കും.

  • ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളും (Processed food) ചുവന്ന ഇറച്ചിയും (Red meat) പരമാവധി കുറയ്ക്കുക.

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ലഘുവായ വ്യായാമങ്ങളിൽ (നടത്തം, യോഗ) ഏർപ്പെടുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കാനും അമിതവണ്ണം തടയാനും സഹായിക്കും.

കാൻസറിനെ അതിജീവിച്ചവരിൽ രണ്ടാമതും കാൻസർ വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് മറിച്ച് അതീവ ജാഗ്രത പുലർത്താനുള്ള ഒരോർമ്മപ്പെടുത്തലാണ്. നിങ്ങൾ ഇതിനകം തന്നെ നേരിട്ട വലിയൊരു പോരാട്ടം വിജയിച്ചവരാണ്. അതിനാൽ കൃത്യസമയത്തുള്ള സ്ക്രീനിംഗുകളിലൂടെയും ശരീരത്തിൽ പ്രകടമാകുന്ന ചെറിയ മാറ്റങ്ങളെപ്പോലും കൃത്യമായി നിരീക്ഷിക്കുന്നതിലൂടെയും രണ്ടാമതൊരു രോഗസാധ്യതയെ നമുക്ക് പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കും. ഭയമല്ല, കൃത്യമായ അറിവും ജാഗ്രതയുമാണ് കാൻസറിന് ശേഷമുള്ള പുതുജീവിതത്തെ കൂടുതൽ സുരക്ഷിതവും മനോഹരവുമാക്കുന്നത്.

Dr. Aravind N

തയ്യാറാക്കിയത്: ഡോ. അരവിന്ദ് എൻ, അസ്സോസിയേറ്റ് കൺസൾട്ടന്റ് സർജിക്കൽ ഓൺകോളജി, ആസ്റ്റർ മിംസ് കാസറഗോഡ്

Cancer Survivers Day: How to prevent second primary cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

ഡല്‍ഹി സര്‍വകലാശാല അധ്യാപികയുടെ കൊലപാതകം: 1,400 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയ ദമ്പതികള്‍ പിടിയില്‍; കാരണം സ്വത്തുതര്‍ക്കമെന്ന് പൊലീസ്

തൃഷയല്ല, തിരുച്ചി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ഥിയാകാന്‍ രാഘവ ലോറന്‍സ്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന

ഓഷ്യൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രോജക്ട് എഞ്ചിനീയർ ഉൾപ്പെടെ ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാം

ശരീരവീക്കം കുറയ്ക്കാൻ മഞ്ഞൾ നല്ല ഔഷധമാണ്, പക്ഷെ ​ഗുണം ഉണ്ടാകണമെങ്കിൽ ഒപ്പമുള്ള ചേരുവ ശരിയാകണം

SCROLL FOR NEXT