ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ആറ് മുതൽ 29 ശതമാനം വരെ സെർവിക്കൽ കാൻസറാണെന്ന് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ& പീഡിയാട്രിക് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നത്.
ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്‌സിലാണ് അർബുദ കോശങ്ങൾ വളരുന്നത്. ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണിത്. വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്. എച്ച്പിവിയുമായി സമ്പർക്കത്തിൽ വരുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ തടയും എന്നാൽ ചിലരിൽ വൈറസ് വളരെക്കാലം നിലനിൽക്കുകയും സെർവിക്കൽ കോശങ്ങൾ അർബുദ കോശങ്ങളായി മാറുകയും ചെയ്യുന്നു. എല്ലാ വർഷവും ജനുവരി മാസവും സെർവിക്കൽ കാൻസർ അവബോധ മാസമായി ആചരിച്ചുവരുന്നു.
ലക്ഷണങ്ങൾ
യോനിയിൽ ചൊറിച്ചിലും പുകച്ചിലും, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, വയറു കമ്പിക്കൽ, പുറംവേദനയും വയറുവേദനയും, ക്ഷീണം എന്നിവയാണ് സെർവിക്കൽ കാൻസറിന്റെ ചില ലക്ഷണങ്ങൾ
സെർവിക്കൽ കാൻസർ നേരത്തെ തിരിച്ചറിയാം ഒപ്പം പ്രതിരോധിക്കാം
പതിവ് സ്ക്രീനിങ്ങിലൂടെ സെര്‍വിക്കല്‍ കോശങ്ങളിലുണ്ടാകുന്ന മാറ്റം നേരത്തെ തിരിച്ചറിയാനും ഇത് കാന്‍സര്‍ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും. പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പതിവ് പരിശോധനകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും.
എച്ച്പിവിക്കെതിരായ പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കുന്നത് വിവിധ എച്ച്പിവി വൈറസുകളില്‍ നിന്നും സംരക്ഷണം നല്‍കും. ഇത് സെര്‍വിക്കല്‍ കാന്‍സര്‍ വരാതെ പ്രതിരോധിക്കും.
സുരക്ഷിതമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും.
പുകവലി പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും ഇത് എച്ച്പിവി അണുബാധയോട് നിലനില്‍ക്കാനും ഇത് കാന്‍സറായി രൂപപ്പെടാനും കാരണമാകുന്നു.
അപകടസാധ്യത കൂടുതലുള്ളവര്‍
18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍( ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.)
ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍
പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates