ശരീരത്തിനുള്ളിലെ മിക്കവാറും ആരോഗ്യ പ്രശ്നങ്ങള്‍ ഒരു സിടി സ്കാനിലൂടെ വ്യക്തമായി തിരിച്ചറിയാം. മോഡേണ്‍ മെഡിസിനിലെ വിപ്ലവകരമായ ഒരു കണ്ടെത്തലായിരുന്നു സിടി സ്‌കാന്‍. ആന്തരിക പരിക്കുകള്‍ മുതല്‍ കാന്‍സര്‍ കോശങ്ങളെ വരെ തിരിച്ചറിയാന്‍ ഒരു സിടി സ്‌കാനിലൂടെ സാധിക്കും. എന്നാല്‍ അതേ ജീവന്‍ രക്ഷകരായ സിടി സ്കാന്‍ കാന്‍സറിന് കാരണമാകാമെന്ന് ജാമ ഇന്റേണൽ മെഡിസിൻ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.
അമേരിക്കയില്‍ 2023 ല്‍ മാത്രം ഒരു ലക്ഷത്തോളം കാന്‍സര്‍ കേസുകള്‍ക്ക് പിന്നില്‍ സിടി സ്കാനില്‍ നിന്നുള്ള റേഡിയേഷന്‍ ആയിരുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ അമേരിക്കയില്‍ സിടി സ്‌കാനുകളുടെ എണ്ണം 30 ശതമാനമാണ് വര്‍ധിച്ചത്. 2023-ല്‍ 62 ദശലക്ഷം ജനങ്ങളില്‍ 93 ദശലക്ഷം സിടി സ്‌കാനുകള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഓരോ വര്‍ഷവും രോഗനിര്‍ണയം നടത്തുന്ന പുതിയ കാന്‍സറുകളുടെ ഏകദേശം അഞ്ച് ശതമാനം സിടി സ്‌കാനുകള്‍ക്ക് കാരണമാകുമെന്ന് ഗവേകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ പരിശോധിക്കുമ്പോള്‍ സിടി സ്കാനുകളില്‍ നിന്നുള്ള റേഡിയഷന്‍ കാരണമുണ്ടാകുന്ന കാന്‍സര്‍ കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. മദ്യം, പൊണ്ണത്തടി പോലുള്ള കാന്‍സര്‍ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമായി സിടി സ്കാന്‍ മാറാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അപകടസാധ്യത കൂടുതല്‍ ആര്‍ക്ക്
കുട്ടികളെയും കൗമാരക്കാരെയുമായി ഇത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത, കാരണം ഇവരുടെ ശരീരം വികസിച്ചു കൊണ്ടിരിക്കുന്നതെയുള്ളൂ. മാത്രമല്ല, അയോണൈസിങ് റേഡിയേഷന്‍ മൂലമുണ്ടാകുന്ന ഏതെങ്കിലും തകരാറുകള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും പ്രകടമാവുക.
ശ്വാസകോശാര്‍ബുദം, കോളന്‍ കാന്‍സര്‍, രക്താര്‍ബുദം തുടങ്ങിയവയാണ് സിടി സ്‌കാനുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണയായ അര്‍ബുദങ്ങള്‍. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതയും കൂടുതലാണ്.
സ്കാനിങ്ങിലെ അപകടസാധ്യത
മുതിര്‍ന്നവരില്‍ വയറ്റിലെ അവയവങ്ങളുടെയും പെല്‍വിസിന്റെയും സ്‌കാനുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ കുട്ടികളില്‍ തലയില്‍ നടത്തുന്ന സ്‌കാനുകളാണ് കൂടുതല്‍ അപകടം. പ്രത്യേകിച്ച് ഒരു വയസിന് താഴെ പ്രായമായ കുട്ടികളില്‍. സിടി സ്‌കാനുകള്‍ നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കും. അനാവശ്യമായ സ്‌കാനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
എന്നാല്‍ ഫോട്ടോണ്‍ കൗണ്ടിങ് സിടി സ്‌കാനുകള്‍ പോലുള്ളവ കുറച്ചുകൂടി സുരക്ഷിതമാണ്. കാരണം ഇവ കുറഞ്ഞ അളവിലുള്ള വികിരണങ്ങളാണ് പുറപ്പെടുവിക്കുന്നത്. അതുപോലെ എംആര്‍ഐ സ്‌കാനുകളും റേഡിയേഷന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇവയൊന്നും വ്യക്തികളില്‍ സിടി സ്‌കാന്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിയിക്കുന്നില്ല.
അതേസമയം സിടി സ്‌കാന്‍ മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാകുമെന്നതുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവുകളില്ലെന്ന് അമേരിക്കല്‍ കോളജ് ഓഫ് റേഡിയോളജി ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സിടി സ്കാനുകള്‍ അപകടമല്ലെന്ന് പൂര്‍ണമായും പറയാനാകില്ലെന്നും പഠനത്തില്‍ പറയുന്നു. അനാവശ്യ സ്‌കാനുകള്‍ ഒഴിവാക്കിയും റേഡിയേഷന്റെ ഡോസു കുറയ്ക്കുന്നതും സിടി സ്‌കാനുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates