കോവിഡ് ഭേദമായതിന് ശേഷവും അസ്വസ്ഥതകൾ തുടരുമെന്ന തരത്തിൽ പുറത്തുവന്നിരുന്ന വിവരങ്ങൾ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അത്തരം റിപ്പോർട്ടുകൾക്കിടെ ആശ്വാസം പകരുന്നൊരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോവിഡ്-19 ശ്വാസകോശത്തിന് ഗുരുതര ആഘാതമുണ്ടാക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോൾ കോവിഡ് തീവ്രമായി ബാധിച്ച രോഗികളിൽ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളിൽ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. നെതർലൻഡ്‌സിലെ റാഡ്ബൗഡ് സർവകലാശാല നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്.
കോവിഡ് മൂലം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടവർ, കോവിഡ് മൂലം ആശുപത്രിയിലെ നഴ്‌സിങ്ങ് വാർഡിൽ അഡ്മിറ്റായവർ, കോവിഡ് ബാധിച്ച് വീട്ടിലിരുന്ന ശേഷം തുടർച്ചയായ ലക്ഷണങ്ങൾ മൂലം ഡോക്ടർമാരാൽ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടവർ എന്നിങ്ങനെ കോവിഡ് ബാധിച്ച 124 രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ ആരോഗ്യ നില സംബന്ധിച്ച പരിശോധനകൾ നടത്തി. സിടി സ്‌കാൻ, ലങ് ഫങ്ഷണൽ ടെസ്റ്റ് അടക്കമുള്ളവ നടത്തിയപ്പോഴും നീണ്ടു നിൽക്കുന്ന പ്രശ്നങ്ങൾ ഭൂരിഭാഗം രോഗികളിലും ഉണ്ടായിട്ടില്ലെന്ന് പഠനത്തിൽ കണ്ടെത്തി.
ക്ഷീണം, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളാണ് മൂന്നു മാസത്തിനു ശേഷം പലർക്കും ഉണ്ടായിരുന്നത്. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ ചിലർക്ക് മാത്രമാണ് നിണ്ടുനിൽക്കുന്ന പ്രശ്നങ്ങൾ കണ്ടതെന്ന് പഠനത്തിൽ പറയുന്നു. കടുത്ത ന്യുമോണിയ,അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം അവസ്ഥകളിലൂടെ കടന്നുപോയ ആളുകൾക്ക് ഉണ്ടായ രോഗമുക്തി ക്രമമാണ് കോവിഡ് രോഗികളും പ്രദർശിപ്പിച്ചതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates