കുളി 
Health

ദീര്‍ഘനേരമുള്ള കുളി എല്ലാവര്‍ക്കും നല്ലതല്ല, എക്സിമ ലക്ഷണങ്ങള്‍ വഷളാക്കും

എക്സിമ ചർമ രോ​ഗമുള്ളർ ​ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോ​ഗാവസ്ഥ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ.

സമകാലിക മലയാളം ഡെസ്ക്

കുളി നമ്മുടെ ശുചിത്വത്തിന്‍റെ ഭാ​ഗമാണ്. പത്തു മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ കുളിക്കാൻ സമയമെടുക്കുന്നവരുണ്ട്. എന്നാൽ എല്ലാവരിലും ദീർഘനേരമുള്ള കുളി അത്ര നല്ലതായിരിക്കില്ല. എക്സിമ ചർമ രോ​ഗമുള്ളർ ​ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോ​ഗാവസ്ഥ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ.

എക്സിമ നിയന്ത്രിക്കുന്നതിൽ കുളിക്കും വലിയ പങ്കുണ്ട്. ദീർഘസമയം ഷവറിനുകീഴിലുള്ള കുളി ഒഴിവാക്കി, ഒരു ബക്കറ്റ് മാത്രം വെള്ളത്തിൽ കുളിക്കുന്നതാണ് ഈ ചർമരോ​ഗത്തിന് അഭികാമ്യമെന്നും വിദ​ഗ്ധർ പറയുന്നു. സമയം ഏറെയെടുത്തുള്ള കുളി ചർമത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്സിമ ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യും.

എന്താണ് എക്സിമ?

ചർമത്തിലുണ്ടാകുന്ന നീർക്കെട്ടാണ് എക്സിമ. അക്യൂട്ട് എക്സിമ, സബ് അക്യൂട്ട് എക്സിമ, ക്രോണിക് എക്സിമ എന്നിങ്ങനെ മൂന്നുവിധലുണ്ട്. ചുവപ്പ്, കുമിളകൾ, പുകച്ചിൽ, നീരൊലിപ്പ് തുടങ്ങിയവയാണ് അക്യൂട്ട് എക്സിമ ലക്ഷണങ്ങള്‍. ഇത് പെട്ടെന്നുണ്ടാകുന്ന തരത്തിലാണ്.

ചൊറിച്ചിലോടുകൂടിയ മൊരിച്ചിൽ, പൊറ്റ തുടങ്ങിയവയാണ് സബ് അക്യൂട്ട് എക്സിമയിലെ ലക്ഷണങ്ങൾ. ക്രോണിക് എക്സിമ അൽപംകൂടി തീവ്രമാണ്. ഇവിടെ ചൊറിച്ചിലിനൊപ്പം ചർമത്തിൽ കറുപ്പുനിറത്തിൽ കട്ടിയോടെ കാണപ്പെടും.

ഏതു പ്രായത്തിലുള്ളവരേയും എക്സിമ ബാധിക്കാം. കുട്ടിക്കാലത്താണ് പൊതുവേ ലക്ഷണങ്ങൾ പ്രകടമാവുക, ഇത് പ്രായപൂർത്തിയാകുംവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഡെർമറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലർജികൾ ഉള്ളവർ, ആസ്ത്മ രോ​ഗികൾ തുടങ്ങിയവരിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്.

ശരീരത്തിന്റെ പ്രതിരോധസംവിധാനം എക്സിമയിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ചെറിയ അസ്വസ്ഥതകളോ, അലർജികളോ ഉണ്ടാകുമ്പോൾ പ്രതിരോധസംവിധാനം അവയെ മറികടക്കാൻ വീക്കമുണ്ടാക്കും. ചർമരോ​ഗങ്ങൾ കുടുംബത്തിലാർക്കെങ്കിലും ഉണ്ടെങ്കിലും വരാനുള്ള സാധ്യത കൂടുതലാണ്.

പൊടി, പുക, ചിലയിനം സോപ്പുകൾ, തുണിത്തരങ്ങൾ, സ്കിൻ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയും എക്സിമ ഉണ്ടാക്കാന്‍ കാരണമാകാം. അന്തരീക്ഷത്തിൽ ഈർപ്പം കുറയുന്നത് ചർമം വരണ്ട് ചൊറിയാനിടയാക്കും. ചൂടും ​ഹ്യുമി‍ഡിറ്റിയും വിയർപ്പ് ഉണ്ടാക്കുകയും ഇത് ചൊറിച്ചിൽ കൂട്ടുകയും ചെയ്യും. കൂടാതെ മാനസികനിലയ്ക്കും പ്രധാന പങ്കുണ്ട്. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്നവരിൽ എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

പരിഹാരം

അലർജി വരാനും ചൊറിച്ചിലുണ്ടാക്കാനും ഇടയാക്കുന്ന പദാർഥങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നതാണ് പ്രധാനം. സോപ്പുകളുടെ അമിതോപയോ​ഗം കുറയ്ക്കുകയും ശരീരം വരണ്ടതാകാതിരിക്കാൻ മോയ്സചറൈസർ ഉപയോ​ഗിക്കുകയും ചെയ്യുക. ചർമരോ​ഗവിദ​ഗ്ധനെ കണ്ട് എക്സിമയുടെ തോതിനനുസരിച്ച ലേപനങ്ങളും മരുന്നുകളും സ്വീകരിക്കുകയും വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT