രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുൻപ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്ന പതിവ് പലർക്കുമുണ്ട്. ചിലർക്ക് കാപ്പിയില്ലാതെ ദിവസം തുടങ്ങാനാകില്ല. എന്നാൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ആരോഗ്യമുള്ള മിക്കാവാറും ആളുകളിൽ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരിൽ ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറിലെ അസ്വസ്ഥത, വിറയൽ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ പ്രകടമാക്കാം.
കാപ്പിയിലെ പ്രധാന ഉത്തേജക ഘടകമാണ് കഫീൻ. ഇത് തലച്ചോറിനെ ഉത്തേജിപ്പിച്ച് ഉറക്കം കുറയ്ക്കാനും ജാഗ്രതയും ശ്രദ്ധയും വർധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, കഫീൻ ശരീരത്തിൽ താരതമ്യേന വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായി അസ്വസ്ഥത, കൈകാലുകളിൽ വിറയൽ, ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടുന്നതായി തോന്നൽ എന്നിവ ഉണ്ടാകാം. ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് കഫീൻ ആഗിരണം കുറച്ച് മന്ദഗതിയിലാക്കാൻ സഹായിക്കാം.
രാവിലെ കാപ്പി കുടിക്കുന്നത് ഊർജ്ജം വർധിപ്പിക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുമെങ്കിലും, ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന കാപ്പി ഹൃദയാഘാതത്തിനും അസിഡിറ്റിക്കും കാരണമാകുകയോ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുകയോ മലബന്ധത്തിന് കാരണമാവുകയോ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
എല്ലാവരുടെയും ശരീരം വ്യത്യസ്തമായായിരിക്കും പ്രതികരിക്കുക. അതുകൊണ്ട് ഇതിൽ ഉറപ്പുള്ള നിഗമനത്തിൽ എത്താൻ ബുദ്ധിമുട്ടാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതുകൊണ്ട്, രാവിലെ കാപ്പി കുടിക്കുന്നവർക്ക് അത് തുടരാം. എന്നാൽ ആരോഗ്യത്തിന് പ്രശ്നമായി തുടങ്ങുമ്പോൾ രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
2020-ൽ ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസും ഇൻസുലിനും വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട്, ആരോഗ്യസ്ഥിതി വഷളാകാരിതിക്കാൻ വെറും വയറ്റിൽ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ പ്രഭാതഭക്ഷണം കാപ്പിയോടൊപ്പം കഴിക്കുന്നത് കഫീന്റെ ആഗിരണം മന്ദഗതിയിലാക്കാനും വയറിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കാം.
രാവിലെ കാപ്പി കുടിക്കണ ആഗ്രഹം തോന്നുമ്പോൾ, ഉണർന്നതിനു ശേഷം കുറച്ച് വെള്ളം കുടിക്കുക, ഉയർന്ന കലോറി ഒഴിവാക്കി ലഘുവായ പ്രഭാതഭക്ഷണം കഴിക്കുക, അതിനോടൊപ്പമോ ശേഷമോ കാപ്പി കുടിക്കുക എന്നിവയാണ് ഏറ്റവും മികച്ച മാർഗം.
കഫീൻ്റെ അളവ്, കാപ്പിയുടെ തരം, തയ്യാറാക്കുന്ന രീതി, കപ്പിൻ്റെ വലുപ്പം എന്നിവ അനുസരിച്ച് മാറ്റങ്ങൾ വരാം. എഫ്ഡിഎയുടെ കണക്കു പ്രകാരം, ആരോഗ്യവാനായ മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ സാധാരണയായി പ്രതികൂല ഫലമുണ്ടാക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates