മുട്ട കഴിച്ചാൽ കൊളസ്‌ട്രോളിന് കാരണമാകുമെന്ന വാദം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണെന്നാണ് ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. മുട്ടയിൽ അടങ്ങിയ ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ലെന്ന് ഗവേഷകർ കണ്ടെത്തി.
ഭക്ഷണത്തിൽ അടങ്ങിയ പൂരിത കൊഴുപ്പ് ആണ് യഥാർഥ വില്ലൻ. എന്നാൽ മുട്ടയിൽ പൂരിത കൊഴുപ്പ് കുറവാണ്. മുട്ടകൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്ന മോശം കൊളസ്ട്രോൾ ആയ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ വർധിപ്പിക്കുമോ എന്നതിനെക്കുറിച്ച് നിരന്തരം ഗവേഷണം നടന്നു വരികയാണ്. ഒരു ശരാശരി വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇത് മുമ്പ് ശുപാർശ ചെയ്തിരുന്ന 300 മില്ലിഗ്രാം എന്ന പ്രതിദിന പരിധിയുടെ മൂന്നിൽ രണ്ട് ഭാഗമാണ്.
എന്നാൽ അടുത്തിടെ നടത്തിയ ഗവേഷണങ്ങൾ കണ്ടെത്തിയത് ഭക്ഷണങ്ങളിലെ പൂരിത കൊഴുപ്പാണ് എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതെന്നാണ്. മിക്ക ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് കൂടുതലാണ്. പക്ഷേ മുട്ടയിൽ ഇത് വളരെ കുറച്ച് (1.6 ഗ്രാം) മാത്രമേ അടങ്ങിയിട്ടുള്ളുയെന്ന് ഗവേഷകർ പറയുന്നു. ആരോഗ്യമുള്ള 61 മുതിർന്നവരെ മൂന്ന് ഗ്രൂപ്പ് ആയി വിഭജിച്ചായിരുന്നു പഠനം.
അഞ്ച് ആഴ്ച പ്രത്യേക ഭക്ഷണക്രമം പിന്തുടരാൻ അവരെ നിർദേശിച്ചു. 48 പേർ മൂന്ന് തരം ഭക്ഷണക്രമവും മാറിമാറി പരീക്ഷിച്ചു.
ഭക്ഷണക്രമം നിയന്ത്രിക്കുക: ഉയർന്ന കൊളസ്ട്രോളും ഉയർന്ന പൂരിത കൊഴുപ്പും, ആഴ്ചയിൽ പരമാവധി ഒരു മുട്ട കഴിക്കുക.
എഗ് ഡയറ്റ്: ഉയർന്ന കൊളസ്ട്രോളും കുറഞ്ഞ പൂരിത കൊഴുപ്പും, ദിവസവും രണ്ട് മുട്ട കഴിക്കുക.
മുട്ട ഇല്ലാത്ത ഭക്ഷണക്രമം: കൊളസ്ട്രോൾ കുറവും പൂരിത കൊഴുപ്പു കൂടുതലും, മുട്ട കഴിക്കാതെ.
പരീക്ഷണത്തിൽ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം കണ്ടെത്തി. എന്നാൽ എഗ് ഡയറ്റ് ചീത്ത കൊളസ്ട്രോൾ (ശരാശരി 5.7 മില്ലിഗ്രാം/ഡെസിലിറ്റർ) കുറച്ചുവെന്നും ഗവേഷകർ പറയുന്നു. എന്നാൽ മുട്ടയില്ലാത്ത ഭക്ഷണക്രമം ഈ ഫലം കാണിച്ചില്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. ഇത് സൂചിപ്പിക്കുന്നത് ഭക്ഷണത്തിലെ കൊളസ്ട്രോളല്ല, മറിച്ച് പൂരിത കൊഴുപ്പാണ് എൽഡിഎൽ അളവ് ഉയർത്തുന്നത് എന്നാണ്.
ഭക്ഷണത്തിലെ കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും വ്യത്യസ്ഥമാണ്. നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നല്ല വരുന്നത്. കരളാണ് അത് നിർമിക്കുന്നത്. പൂരിത കൊഴുപ്പ് ധാരാളം കഴിക്കുന്നത് എൽഡിഎൽ അളവ് വർധിപ്പിക്കും. ഇതിലൂടെ കരൾ കൂടുതൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കുകയും രക്തത്തിൽ എത്തുകയും ചെയ്യുന്നു. എന്നാൽ ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രതിദിനം 13 ഗ്രാമിൽ കൂടുതൽ പൂരിത കൊഴുപ്പ് കഴിക്കരുതെന്ന് ശുപാർശ ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates