കേരളത്തിൽ വേനൽച്ചൂട് കനക്കുകയാണ്. അസഹനീയമായ ചൂടും നിർജ്ജലീകരണവും മൂലം ആരോഗ്യപ്രശ്നങ്ങളും വർധിച്ചു. ശരീരത്തിൽ ജലാംശം നിലനിർത്തി അകമെ തണുപ്പ് കിട്ടാൻ നമ്മുടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തണം. വേനൽക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ.
കുക്കുമ്പർ
ഏതാണ്ട് 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനൽക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
കരിക്കിൻ വെള്ളം
പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിൻ വെള്ളം. കഠിനമായ ചൂടിൽ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തിൽ ക്ഷീണം അകറ്റി, ശരീരത്തിന് ഊർജ്ജം പകരാനും ജലാംശം നിലനിർത്താനും ഇത് സഹായിക്കും.
പുതിന
ഭക്ഷണത്തിന് രുചിയും മണവും നൽകാൻ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പുതിനയിലയ്ക്ക് പ്രത്യേക കഴിവുണ്ട്. പുതിനയില ചേർത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നൽകും. ഇതിലെ മെന്തോൾ ഘടകങ്ങൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്.
തണ്ണിമത്തൻ
വേനൽക്കാല വിപണിയിലെ താരം തണ്ണിമത്തനാണ്. ഇതിലെ ഉയർന്ന ജലാംശവും ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും സൂര്യതാപം മൂലമുള്ള ചർമ്മപ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും തണ്ണിമത്തൻ മികച്ചതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates