RUNNERS GUT Pinterest
Health

മത്സരയോട്ടത്തിനിടെ മലവിസജ‍ർനം, ബെയ്ജിങ്ങിൽ ഓസ്ട്രേലിയൻ താരം നേരിട്ട അപ്രതീക്ഷിത ശരീരിക അവസ്ഥ, എന്താണ് 'റണ്ണേഴ്സ് ഗട്ട്'?

കാലിലൂടെ വിസര്‍ജ്യമൊഴുകിയിട്ടും താരം ഏകദേശം ഒരു മണിക്കൂറോളം മത്സരം പൂർത്തിയാക്കാനായി ഓട്ടം തുടർന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ബെയ്ജിങ്ങിൽ നടന്ന ‘ഹൈറോക്സ്’ ഫിറ്റ്നസ് മത്സരവേദിയിൽ ഓസ്ട്രേലിയൻ താരമായ ജോവാന വിയറ്റ്സിക് നേരിട്ട അപ്രതീക്ഷിത ശരീരിക അവസ്ഥ രാജ്യാന്തര തലത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മത്സരയോട്ടത്തിനെ താരത്തിന് മലവിസർജനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും മത്സരം പൂർത്തിയാക്കുകയും വനിതകളുടെ പ്രോ വിഭാഗത്തിൽ വിജയിക്കുകയും ചെയ്തു.

ഒരു വിഭാ​ഗം കായികതാരത്തിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യമായി വാഴ്ത്തപ്പെടുമ്പോൾ, മറുവശത്ത് ഒരേ വേദി പങ്കിടുന്ന മറ്റ് മത്സരാർഥികളുടെ ആരോഗ്യവും ശുചിത്വവും അപകടത്തിലാക്കി എന്ന വിമർശനവും ശക്തമാണ്. സെപ്റ്റംബർ 12ന് ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന മല്‍സരത്തിനിടെയായിരുന്നു സംഭവം. കാലിലൂടെ വിസര്‍ജ്യമൊഴുകിയിട്ടും താരം ഏകദേശം ഒരു മണിക്കൂറോളം മത്സരം പൂർത്തിയാക്കാനായി ഓട്ടം തുടർന്നു.

കഠിനമായ കായിക വിനോദങ്ങളിലോ തീവ്ര വ്യായാമങ്ങളിലോ ഏർപ്പെടുമ്പോൾ ശരീരം അനുഭവിക്കുന്ന ഭീമമായ ശാരീരിക സമ്മർദമാണ് ഇത്തരം അവസ്ഥകൾക്ക് കാരണം. റണ്ണേഴ്സ് ഗട്ട് അഥവാ ‘എക്സർസൈസ് ഇന്റ്യൂസ്ഡ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഡിസ്ട്രസ്’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

30 ശതമാനം മുതൽ 50 ശതമാനം വരെ എൻഡുറൻസ് അത്‌ലറ്റുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ദീർഘനേരം അല്ലെങ്കിൽ ഉയർന്ന തീവ്രതയിൽ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ ശ്രദ്ധ പ്രധാനമായും സജീവമായ പേശികൾക്കും ഹൃദയത്തിനും ശ്വാസകോശത്തിനുമാണ്. അതിനാൽ ദഹനവ്യവസ്ഥയിലേക്കുള്ള രക്തപ്രവാഹത്തിൽ മാറ്റം സംഭവിക്കാം. ഇതോടൊപ്പം ശരീരത്തിലെ ചൂട്, നിർജലീകരണം, വ്യായാമത്തിന്റെ തീവ്രത, ഭക്ഷണം എന്നിവയും ദഹനവ്യവസ്ഥയെ ബാധിക്കാം.

ഉയർന്ന തീവ്രതയിലോ ദീർഘനേരത്തേക്കോ ചെയ്യുന്ന വ്യായാമം ചിലരിൽ വയറിളക്കം, ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പുതിയ അവലോകന പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഓട്ടത്തിനിടെ ശരീരത്തിന്റെ തുടർച്ചയായ ചലനവും വയറിനും കുടലിനും ഉണ്ടാകുന്ന മെക്കാനിക്കൽ സമ്മർദവും ചിലരിൽ മലവിസർജനത്തിന് തോന്നൽ വർധിപ്പിക്കാം. മത്സരവേദിയിലെ അഡ്രിനാലിൻ പ്രവാഹവും അമിതമായ ഉത്കണ്ഠയും കുടലിന്റെ സഞ്ചാരവേഗം വർധിപ്പിക്കുന്നു. ഇത് വയറിളക്കത്തിനോ അപ്രതീക്ഷിതമായി മലവിസർജനത്തിൽമേലുള്ള നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയ്ക്കോ കാരണമാകാം.

‘റണ്ണേഴ്സ് ഗട്ട്’ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ

വ്യായാമത്തിന്റെ ഉയർന്ന തീവ്രത

വളരെ വേഗത്തിൽ ഓടുകയോ തുടർച്ചയായി കഠിനമായ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോൾ ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ സമ്മർദമുണ്ടാകാം.

നിർജലീകരണം

ശരീരത്തിൽ വെള്ളം കുറയുമ്പോൾ വ്യായാമത്തോടുള്ള ദഹനവ്യവസ്ഥയുടെ പ്രതികരണം മോശമാകാം. അതുകൊണ്ട് ദീർഘനേരം വ്യായാമം ചെയ്യുന്നവർക്ക് ആവശ്യമായ രീതിയിൽ ദ്രാവകം ലഭിക്കേണ്ടത് പ്രധാനമാണ്.

വ്യായാമത്തിന് തൊട്ടുമുമ്പുള്ള ഭക്ഷണം

വ്യായാമത്തിന് തൊട്ടുമുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ചിലരിൽ വയറു നിറയാനും, അസ്വസ്ഥത, ഓക്കാനം തുടങ്ങിയവയ്ക്ക് കാരണമാകാം. ഏത് ഭക്ഷണമാണ് ഒരാൾക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് വ്യക്തികളിൽ വ്യത്യാസപ്പെടും.

ചില കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ

ചിലർക്ക് എളുപ്പത്തിൽ ദഹിക്കാത്ത ചില കാർബോഹൈഡ്രേറ്റുകൾ, പ്രത്യേകിച്ച് FODMAP വിഭാഗത്തിൽപ്പെടുന്ന ഭക്ഷണങ്ങൾ, വ്യായാമത്തിനിടെ വയറുവീക്കം, വാതം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ വർധിപ്പിക്കാം. അതുകൊണ്ടുതന്നെ മത്സരത്തിന് മുമ്പുള്ള ഭക്ഷണക്രമം പരിശീലനത്തിനിടെ തന്നെ പരീക്ഷിച്ച് മനസ്സിലാക്കണം.

ശരീരത്തിന് പരിചയമില്ലാത്ത ഭക്ഷണങ്ങളോ എനർജി ഉൽപ്പന്നങ്ങളോ

മത്സരദിവസം ആദ്യമായി പുതിയ എനർജി ജെൽ, സ്പോർട്സ് ഡ്രിങ്ക് അല്ലെങ്കിൽ മറ്റൊരു ഭക്ഷണപദാർഥം പരീക്ഷിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് പരിശീലന സമയത്ത് തന്നെ ഭക്ഷണ-പാനീയ രീതികൾ പരീക്ഷിക്കുന്നതാണ് നല്ലത്.

വ്യക്തിഗത ദഹനസെൻസിറ്റിവിറ്റി

എല്ലാ കായികതാരങ്ങൾക്കും ഒരേ രീതിയിലല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പരിശീലനത്തിനിടെ തന്നെ വയറുസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് മത്സരസമയത്ത് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ, അമിതമായ നാരുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും വ്യായാമത്തിനിടെ വയറുവേദനയ്ക്കും അയഞ്ഞ മലത്തിനും കാരണമാകുകയും ചെയ്യുന്നു. അമിതമായ കഫീൻ അടങ്ങിയ ഭക്ഷണം കുടലിന്റെ പ്രവർത്തനത്തെ പെട്ടെന്ന് ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തിനുള്ള തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു.

ഹൈറോക്സ് പോലുള്ള രാജ്യാന്തര മത്സരങ്ങളിൽ വേദിയിൽ തുപ്പുന്നതിനോ, അനാവശ്യമായി വെള്ളം ഒഴിക്കുന്നതിനോ പോലും രണ്ട് മിനിറ്റ് പിഴയും അയോഗ്യതയും നേരിടേണ്ടി വരാറുണ്ട്. ഇത്രയും കർശനമായ നിയമങ്ങൾ നിലനിൽക്കെ, മലവിസർജ്ജനം സംഭവിച്ച ഒരു കായികതാരത്തെ മത്സരം തുടരാൻ അനുവദിച്ചത് മറ്റ് അത്‌ലറ്റുകളെ ആരോഗ്യപരമായ അപകടസാധ്യതയിലേക്ക് തള്ളിവിട്ടില്ലേ എന്ന ചോദ്യം ന്യായമാണ്.

എന്നാൽ, മനഃപൂർവമുള്ള പെരുമാറ്റദൂഷ്യവും ശാരീരികപരമായ അടിയന്തര വൈദ്യസഹായ സാഹചര്യവും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ട്. ഒരു കായികതാരത്തോടുള്ള സഹാനുഭൂതി നിലനിർത്തുമ്പോൾ തന്നെ, ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വേദികളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ സംഘാടകരും മെഡിക്കൽ ടീമും സമയബന്ധിതമായി ഇടപെടേണ്ടതിന്റെ ആവശ്യകത ഈ സംഭവം അടിവരയിടുന്നു.

Gastrointestinal problems during running, what is runners gut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹലോ കേൾക്കുന്നുണ്ടോ? തകഴിയാണ് സംസാരിക്കുന്നത്': കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇന്ന് 30 വയസ്സ്

കോടഞ്ചേരിയിലെ പുഴകളിൽ മുങ്ങിമരണം തുടർക്കഥ: സുരക്ഷയൊരുക്കാൻ അടിയന്തര ഇടപെടൽ വേണം; ഭരണകൂടത്തെ സമീപിച്ച് കയാക്കിങ് താരങ്ങൾ

'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കും, റഷ്യന്‍ എണ്ണ ഇറക്കുമതി തുടരും'; യുഎസിന്റെ നീക്കം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ

സൈക്കോളജിക്കൽ ത്രില്ലറുമായി സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും, 'ദ് തേർഡ് മർഡർ' റിലീസ് തീയതി

വയനാട് ഹെൽത്ത് കേരളയിൽ അവസരം; ഡയറ്റീഷ്യൻ,നഴ്സ് തുടങ്ങി നിരവധി ഒഴിവുകൾ