സലൂണിൽ നിന്ന് ഹെയർ സ്ട്രെയ്റ്റനിങ് ട്രീറ്റ്മെന്റ് ചെയ്തതിന് പിന്നാലെ 26കാരിയുടെ വൃക്കയ്ക്ക് തകരാറ്. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ് ദുരനുഭവമുണ്ടായത്. 2020 ജൂൺ, 2021 ഏപ്രിൽ, 2022 ജൂലായ് എന്നീ മാസങ്ങളിലാണ് യുവതി സലൂണിൽ നിന്നും ഹെയർ സ്ട്രെയ്റ്റൻ ചികിത്സ ചെയ്തത്.
ഓരോ തവണ ഹെയർ ട്രീറ്റ്മെന്റ് കഴിഞ്ഞു വരുമ്പോഴും ഛർദി, വയറിളക്കം, പനി, പുറംവേദന തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെന്ന് യുവതി പിന്നീട് വ്യക്തമാക്കി. സ്ട്രെയ്റ്റൻ ചെയ്യുന്നതിനിടെ ശിരോചർമത്തിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നുവെന്നും കഴിഞ്ഞതിനു ശേഷം മുറിവുകൾ രൂപപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിക്ക് മുൻപ് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിൽ നിന്നുള്ള ഡോക്ടേഴ്സ് സംഘമാണ് യുവതിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് അധികരിച്ചതായി കണ്ടെത്തിയെന്നും അത് വൃക്കയുടെ തകരാറിന്റെ ലക്ഷണമായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്തിരുന്നു. ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കൽ അടങ്ങിയ സ്ട്രെയ്റ്റനിങ് ക്രീമാണ് യുവതിയുടെ മുടി സ്ട്രെയ്റ്റനിങ് ചെയ്യുന്നതിന് ഉപയോഗിച്ചിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടർന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഗ്ലയോക്സിലിക് ആസിഡ് ചർമത്തിലൂടെ വൃക്കയിൽ എത്തിയതാകാം പ്രശ്നമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. സലൂണിൽ നിന്ന് യുവതിയിൽ ഉപയോഗിച്ച സ്ട്രെയ്റ്റനിങ് ക്രീം തന്നെയാണ് എലികളിലും പരീക്ഷിച്ചത്. ഒപ്പം ഇതേ പ്രക്രിയ പെട്രോളിയം ജെല്ലി ഉപയോഗിച്ച് മറ്റ് എലികളിലും പരീക്ഷിച്ചു. ശേഷമാണ് സ്ട്രെയ്റ്റനിങ് ക്രീം ഉപയോഗിച്ച എലികളിലെ രക്തത്തിൽ 28 മണിക്കൂറിനുള്ളിൽ തന്നെ ക്രിയാറ്റിനിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്.
അതേസമയം പെട്രോളിയം ജെല്ലി ഉപയോഗിച്ചവയിൽ അസാധാരണമായൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് ഒഴിവാക്കേണ്ടത് അഭികാമ്യമാണെന്ന് ഡോക്ടർമാർ റിപ്പോർട്ടിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates