പച്ച ചീരയെ അപേക്ഷിച്ച് ചുവന്ന ചീരയാണ് ആരോഗ്യഗുണത്തിൽ സൂപ്പർമാൻ. കാര്യം രണ്ടും ചീരയാണെങ്കിലും നിറത്തിലും പോഷകഗുണത്തിലും ചില വ്യത്യാസങ്ങൾ ഉണ്ട്. അവയില്‍ അടങ്ങിയിട്ടുള്ള ഓക്സലേറ്റുകളുടെ അളവാണ് ഒരു പ്രധാന ഘടകം. പച്ച ചീരയില്‍ നിന്നും വ്യത്യസ്തമായി, ചുവന്ന ചീരയിൽ ഓക്‌സലേറ്റുകളൊന്നുമില്ല. അതിനാല്‍, വൃക്കയില്‍ കല്ലു പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തിരഞ്ഞെടുക്കാം.
വൈറ്റമിൻ എ, സി, ഇ എന്നിവ ചുവന്ന ചീരയിൽ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ഹീമോഗ്ലോബിന്റെ പ്രവർത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്ക് ഇത് മികച്ചതാണ്.
ചീരയുടെ ചുവന്ന നിറം
'ആന്തോസയാനിൻ' എന്ന ഘടകമാണ് ഇവയ്‌ക്ക് ചുവപ്പ് നിറം നൽകുന്നത്. പ്രമേഹ രോഗികളിൽ മാത്രമല്ല വിളർച്ച, ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപിത്തം ഇവയ്‌ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാൻ സഹായിക്കും.
ചില രോഗങ്ങളിൽ ഔഷധങ്ങൾക്കൊപ്പം ചുവന്ന ചീര കറിയാക്കി കഴിക്കുന്നത് രോഗശമനം എളുപ്പമാക്കാറുണ്ട്. കുടലിലെ അൾസർ, സോറിയാസിസ് രോഗികൾ എന്നിവരിൽ ചുവന്ന ചീര നല്ല ഫലം തരും. ആർത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാൻ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. തൊണ്ടയിലെ കുരുക്കൾ ശമിക്കാൻ ചുവപ്പൻ ചീരയിലകൾ ചേർത്ത് തിളപ്പിച്ചാറിയ വെള്ളം കവിൾക്കൊള്ളാം.
എങ്ങനെ പാകം ചെയ്യണം
ചീരയുടെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളിൽ ചീരയിലകൾക്ക് അവസാനം ചേർക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും.
നിറം: പച്ച ചീരയ്ക്ക് ഇളം പച്ച നിറവും ചുവന്ന ചീരയ്ക്ക് ചുവപ്പ്-പർപ്പിൾ നിറവുമാണ്.
രുചി: പച്ച ചീരയെ അപേക്ഷിച്ച് ചുവന്ന ചീരയ്ക്ക് നേരിയ മധുരവും എരിവുമുള്ള രുചിയാണ്.
പോഷകങ്ങൾ: ചുവന്ന ചീരയിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതേസമയം പച്ച ചീരയിൽ വിറ്റാമിൻ സി കൂടുതലായി കാണപ്പെടുന്നു.
ഉപയോഗങ്ങൾ: രണ്ട് തരം ചീരകളും കറികൾ, തോരൻ, സൂപ്പ് തുടങ്ങിയ പല വിഭവങ്ങളിലും ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates