Zumba പ്രതീകാത്മക ചിത്രം
Health

വെറുതെയുള്ള ‍ഡാന്‍സു കളിയല്ല, സൂംബ അടിപൊളിയാണ്; മാനസിക ഉന്മേഷത്തിനും ഹൃദയാരോഗ്യത്തിനും നല്ലത്

ഫിറ്റ്‌നസ് ഡാന്‍സ് എന്ന ഗണത്തില്‍ പെടുന്ന സൂംബ കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളുകളില്‍ കുട്ടികളെ സൂംബ പരിശീലിപ്പിക്കണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഫിറ്റ്‌നസ് ഡാന്‍സ് എന്ന ഗണത്തില്‍ പെടുന്ന സൂംബ കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും.

1990കളില്‍ കൊളംബിയന്‍ നൃത്തശിക്ഷകനായ ബെറ്റോ പെരിസ് വിവിധ ലാറ്റിന്‍ അമേരിക്കല്‍ ഡാന്‍സ് സ്റ്റൈലുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ വ്യായാമ രീതിയാണ് സൂംബ. സംഗീതത്തിന്‍റെ താളത്തിനൊത്ത് ചടുലമായ നൃത്ത ചുവടുകള്‍ വെച്ചുകൊണ്ടുള്ള സൂംബ പരിശീലനം പെട്ടെന്ന് ജനശ്രദ്ധ ആകര്‍ഷിച്ചു. ജെംബ, സാല്‍സ, മെറങ്ങേ, റെഗെറ്റോണ്‍, സാംബ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ ഡാന്‍സ് സ്റ്റൈലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കാര്‍ഡിയോ എക്‌സര്‍സൈസ് ആണ് സൂംബ.

തടി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന സൂംബ മുതിര്‍ന്നവര്‍ക്കും മികച്ചതാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തിനും വ്യായാമം ലഭിക്കുന്ന തരത്തിലാണ് സൂംബ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തില്‍ 11 മുതല്‍ 13 വരെ പാട്ടുകള്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തെ കണക്കിലെടുത്ത് പാട്ടിന്റെ താളങ്ങള്‍ മാറിമാറിവരുന്നു.

വാം അപ്പ്, കൂള്‍ ഡൗണ്‍

മറ്റ് ഏത് വര്‍ക്ക്ഔട്ട് രീതികളെ പോലെയും സൂംബയ്ക്കും വാം അപ്പ്-കൂള്‍ ഡൗണ്‍ ഘട്ടങ്ങള്‍ പ്രധാനമാണ്. ഇത് ഹൃദയാരോഗ്യത്തിനും പരിശീലനത്തിന് മുന്‍പ് ശരീരത്തെ നൃത്ത ചുവടുകള്‍ക്കായി ഉണര്‍ത്തുന്നതിനും സഹായിക്കും.

പരിശീലനം തുടങ്ങുന്നതിന് മുന്‍പ് 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വാം അപ്പ് ചെയ്യണം. ഇത് ശരീരത്തെ നൃത്തം ചെയ്യാനുള്ള ഉന്മേഷവും നല്‍കുന്നു. പരിശീലനത്തിന്റെ അവസാന ഘട്ടം കൂള്‍ ഡൗണ്‍ സ്റ്റെപ്പുകളും ഉണ്ടാകും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയും കണക്കിലെടുത്തിട്ടാണ് വ്യായാമത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുക.

ആരോഗ്യ ഗുണങ്ങള്‍

ശാരീരകാരോഗ്യത്തിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്താനും സൂംബ സഹായിക്കും. താളം പിടിച്ചുള്ള നൃത്ത പരിശീലനത്തിലൂടെ ശരീരത്തില്‍ സന്തോഷ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിക്കുന്നു. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളുടെ ഊര്‍ജം വഴിതിരിച്ചു വിടാനും സൂംബ പ്രയോജനപ്പെടും.

മാത്രമല്ല, കുട്ടികളുടെ ചിന്താശേഷിയും ഓര്‍മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഒരു മണിക്കൂറില്‍ 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സൂംബ പരിശീലനത്തിലൂടെ സാധിക്കും. ഇത് തടി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സൂംബ ടീം ആയി ചെയ്യുന്നതു കൊണ്ട് തന്നെ കുട്ടികള്‍ക്കിടയില്‍ ആത്മവിശ്വാസം, ടീം വര്‍ക്ക്, നേതൃപാടവം എന്നിവ വര്‍ധിപ്പിക്കാനും സഹായിക്കുന്നു

Health benefits of Zumba. This Dance Fitness Exercise will improve physical and mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT