'പൊളി'യാവുമോ പിള്ളേർ? സൂംബ സ്കൂളിലെത്തുമ്പോൾ..

കുട്ടികള്‍ കളിക്കുമ്പോള്‍, അത് ശാരീരിക വ്യായാമം എന്നതിനെക്കാള്‍ സാമൂഹികവൽക്കണത്തിന് കൂടി ഇടം നൽകുന്നു.
Zumba exercising
സ്കൂളുകളിൽ സൂംബ പരിശീലനം (Zumba)പ്രതീകാത്മക ചിത്രം
Updated on
3 min read

സൂംബ വേറെ ലെവലാണ് സാറേ! പരിശീലകേന്ദ്രങ്ങളിലും ജിമ്മുകളിലും മാത്രം ഒതുങ്ങി നിന്ന സൂംബ സ്കൂളുകളിലേക്ക് വരിയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ്‌ പരിശീലിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഈ വരുന്ന അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

കായിക വ്യായാമങ്ങൾ തീർച്ചയായും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം മെച്ചപ്പെടുന്നതിനും അവരുടെ ശ്രദ്ധയും ഏകാ​ഗ്രതയും വർധിപ്പിക്കാനും ഗുണകരമാണെന്ന് തിരുവനന്തപുരം മെഡി. കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍ സമകാലിക മലയാളത്തോട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്ന് പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. കളികളിലൂടെയുള്ള കുട്ടികളുടെ മാനസിക-സാമൂഹിക വളർച്ചയെ കുറിച്ച് വിശദമായി തന്നെ ഈ പഠനങ്ങള്‍ വിശദീകരിക്കുന്നു.

children playing
കുട്ടികൾ കളിക്കുന്നു

കുട്ടികള്‍ കളിക്കുമ്പോള്‍, അത് ശാരീരിക വ്യായാമം എന്നതിനെക്കാള്‍ സാമൂഹികവൽക്കണത്തിന് കൂടി ഇടം നൽകുന്നു. ഒപ്പം ജീവിത നിപുണത വിദ്യാഭ്യാസത്തിനുള്ളൊരു അവസം കൂടി കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കളിയില്‍ ജയവും തോൽവിയും വരുന്നുണ്ട്. അതിലൂടെ ജീവിതം എന്താണെന്നും ജീവിതത്തിന്റെ സ്വഭാവമെന്താണെന്നതൊക്കെ മനസിലാക്കാൻ കുട്ടികളെ സഹായിക്കും. ജീവിതത്തിലെ പ്രതിസന്ധി നേരിടാൻ അവരെ പാകപ്പെടുത്തുകയും ചെയ്യുന്നു. സമപ്രായക്കാരുടെ സമ്മർദം എതിർക്കാൻ അടക്കമുള്ള സ്വഭാവ ദൃഢതയും ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കിട്ടുന്നു. അതുകൊണ്ടാണ് കായിക വ്യായാമങ്ങളും കളികളും കുട്ടികളുടെ ദിനചര്യയില്‍ ഉൾപ്പെടുത്തണമെന്ന് പറയുന്നതിന് പിന്നിലെ മനഃശാസ്ത്രം.

എന്നാൽ സൂംബ പോലുള്ള വ്യായാമ രീതിയിലൂടെ വ്യായാമം എന്ന ആദ്യ ഭാ​ഗം മാത്രമാണ് ലഭിക്കുക. ഒരു ദിവസം ഒരു മണിക്കൂർ നേരം സൂര്യപ്രകാശം കൊണ്ടുള്ള കായിക വ്യായാമം ചെയ്യുന്നതാണ് കുട്ടികൾ കൂടുതൽ ആരോ​ഗ്യകരം. അതിന് നിരവധി ഗുണങ്ങളുണ്ട്.

  • ഒരു മണിക്കൂറെങ്കിലും കായിക വ്യായാമം ചെയ്യുന്ന കുട്ടികളുടെ തലച്ചോറില്‍ ഡോപ്പമിൻ അളവും കൂടാൻ സഹായിക്കും. അത് അവരിൽ ശ്രദ്ധയും ഏകാ​ഗ്രയും മെച്ചപ്പെടാൻ സഹായിക്കും. അത് പഠന മികവ് വർധിപ്പിക്കാൻ സഹായിക്കും.

  • കായിക വ്യായാമത്തിലൂടെ കുട്ടികളില്‍ എൻഡോർഫിൻ എന്ന ഹോര്‍മോണിന്‍റെ അളവു കൂടാന്‍ സഹായിക്കും. ഇത് അവർ സന്തുഷ്ടരാകാൻ സഹായിക്കും. തലയിലെ രക്തയോട്ടം കൂടാനും അതുവഴി അവർ കൂടുതൽ ഊർജ്ജസ്വലരാകാനും സഹായിക്കും.

children playing
കുട്ടികൾ കളിക്കുന്നു
  • സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുന്നത് അൾട്രവൈലറ്റ് ബി കിരണങ്ങൾ ത്വക്കിലേറ്റ് കൊളസ്ട്രോൾ ഘടങ്ങളിൽ പ്രവർത്തിച്ച് അവയെ വിറ്റാമിൻ ഡി ആയി പരിവർത്തനപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ ഡി കുട്ടികളെ സംബന്ധിച്ചിടത്തോളം എല്ലുകളുടെയും പല്ലിന്റെ ബലത്തിനും കായിക ക്ഷമതയ്ക്കും സഹായിക്കും. കൂടാതെ രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടാനും തലച്ചോറിന്റെ വിജ്ഞാന വിശകലന ശേഷം മെച്ചപ്പെടാനും സഹായിക്കും.

ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് സൂംബ നൃത്തം, യോ​ഗ പോലുള്ളവ ഉള്‍പ്പെടുത്തുന്നത് തുടക്കത്തിലുള്ള മടുപ്പ് മാറാനും കുട്ടികളെ ഊർജ്ജസ്വലരാക്കാനും സഹായിക്കും. എന്നാൽ ദീർഘനേരം അതിന്റെ ​ഗുണം ലഭിക്കണമെങ്കിൽ ദിവസവും ഒരു മണിക്കൂറെങ്കിലും കായിക വ്യായാമത്തിനുള്ള അവസരം ഉണ്ടായിരിക്കണമെന്നും ഡോ. അരുണ്‍ ബി നായര്‍ പറയുന്നു.

കൂടുതല്‍ കുട്ടികള്‍ ഒരുമിച്ച് ഒരു ടീം ആയി ചെയ്യുന്നതു കൊണ്ട് തന്നെ കുട്ടികളില്‍ ശാരീരികവും മാനസികവുമായി ഗുണങ്ങള്‍ ഉണ്ടാക്കുമെന്ന് തിരുവനന്തപുരം, എസ് യു ടി ഹോസ്പിറ്റല്‍, ന്യൂറോസര്‍ജന്‍ ഡോ. മനോജ് വെള്ളനാട് സമകാലിക മലയാളത്തോട് പറയുന്നു. സൂംബ ഒരു കാർഡിയോവാസ്കുലാർ വ്യായാമമാണ്. ഇത് ഹൃദയാരോ​ഗ്യവും ശ്വാസകോശത്തിന്റെയും ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും. ഇന്നത്തെ കുട്ടികളിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി പോലുള്ള ജീവിതശൈലി രോ​ഗങ്ങളുടെ തോത് കൂടുതലാണ്.

children playing
കുട്ടികളിലെ വ്യായാമം

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമ രീതിയാണ് സൂംബ. കുട്ടികളില്‍ പേശിബലവും വഴക്കവും വർധിക്കാൻ ഇത്തരം ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും. ഒരു മണിക്കൂർ സൂംബ ചെയ്താൽ ഏതാണ്ട് 300 കലോറിയോളം ഇല്ലാതാക്കാൻ സഹായിക്കും. കുട്ടികളിൽ ദിവസവും ഒരു 15 മിനിറ്റ് ചെയ്താൽ തന്നെ അത് അവരിൽ അധിക കലോറി നീക്കാൻ സഹായിക്കും. ഇത് അധികം സ്കിൽ ആവശ്യമുള്ള വ്യായാമ രീതിയല്ല. നൃത്തം അറിയാത്തവർക്കും സൂംബ ചെയ്യാം. കൂടുതൽ രസകരമാണ്. അതുകൊണ്ട് തന്നെ കുട്ടികൾ അത് കൂടുതൽ ആസ്വദിക്കാം.

വ്യായാമം ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഡോപ്പമിന്‍, സെറാട്ടോണിന്‍, എൻഡോർഫിനുകൾ പോലുള്ള ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് സഹായിക്കും. മാത്രമല്ല, വ്യായാമം ചെയ്യുന്നവരില്‍ തലച്ചോറിൽ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം (ബിഡിഎന്‍എഫ്) കൂടുതലായിരിക്കും. തലച്ചോറിന്‍റെ ഹിപ്പോകാംപസ് പ്രദേശത്ത് കാണപ്പെടുന്ന ഇവ തലച്ചോറിന്‍റെ വികാസത്തിന് പ്രധാനമാണ്. കുട്ടികളിലെ ഓര്‍മശക്തി, പഠന മികവ് എന്നിവയെല്ലാത്തിനും ബിഡിഎന്‍എഫ് പ്രധാനമാണെന്നും ഡോ. മനോജ് വെള്ളനാട് പറയുന്നു.

Summary

Effect of Zumba dance on physical fitness of school students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com