പഞ്ചാര കൊതിയന്മാരെ പൊക്കാന്‍ സ്കൂളുകളിൽ 'ഷുഗര്‍ ബോര്‍ഡ്'; കുട്ടികളിലെ പ്രമേഹ സാധ്യത തടയാൻ സിബിഎസ്ഇ

ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ അളവു ആരോ​ഗ്യകരമായ ഭക്ഷണരീതി എന്നിവ ഉൾപ്പെടുത്തിയതാണ് ഷു​ഗർ ബോർഡ്.
Sugar Board in CBSE Schools
സിബിഎസ്ഇ സ്കൂളുകളിൽ ഷു​ഗർ ബോർഡ് പ്രതീകാത്മക ചിത്രം
Updated on

ന്യൂഡൽഹി: കുട്ടികൾക്കിടയിൽ പൊണ്ണത്തടിയന്മാരും പ്രമേഹരോ​ഗികളും വർധിച്ചു വരുന്ന സാഹചര്യത്തില്‍ കുട്ടികളിലെ പഞ്ചസാര തീറ്റ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. എല്ലാ സിബിഎസ്ഇ സ്കൂളുകളിലും 'ഷു​ഗർ ബോർഡ്' സ്ഥാപിക്കാന്‍ തീരുമാനമായി. ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ അളവു, ജങ്ക്ഫുഡ്, ശീതള പാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവു, മധുരം അധികം കഴിക്കുന്നതു മൂലമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ, ആരോ​ഗ്യകരമായ ഭക്ഷണരീതി എന്നിവ ഉൾപ്പെടുത്തിയതാണ് ഷു​ഗർ ബോർഡ്.

ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ വിദ്യാർഥികൾക്കിടയിൽ അവബോധ ക്ലാസുകളും സെമിനാറുകളും നടത്തും. അമിതമായ പഞ്ചസാരയുടെ ഉപഭോഗം പ്രമേഹ സാധ്യത വർധുപ്പിക്കുക മാത്രമല്ല, പൊണ്ണത്തടി, ദന്ത രോഗങ്ങള്‍, മറ്റ് ഉപാപചയ വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. ഇത് ആത്യന്തികമായി കുട്ടികളുടെ ദീർഘകാല ആരോഗ്യത്തെയും അക്കാദമിക് പ്രകടനത്തെയും ബാധിക്കുമെന്നും സിബിഎസ്ഇ, സ്കൂൾക്ക് അയച്ച കത്തിൽ പറഞ്ഞു.

നാലു മുതല്‍ പത്തു വയസായ കുട്ടികള്‍ ദിവസവും കഴിക്കുന്ന കലോറിയുടെ 13 ശതമാനം പഞ്ചസാരയാണെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കൂടാതെ 11നും 18നും ഇടയിലുള്ള കുട്ടികളില്‍ ഇത് 15 ശതമാനമാണ്. എന്നാല്‍ ദിവസേന ഒരാള്‍ക്ക് കഴിക്കാവുന്ന അനുവദനീയമായ അളവു അഞ്ച് ശതമാനമാണ്. സ്കൂള്‍ പരിസരങ്ങളില്‍ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളും ശീതളപാനീയങ്ങളും ലഭ്യമാകുന്നത് ഇതിന്‍റെ തോത് വര്‍ധിപ്പിക്കുന്നുവെന്ന് അധുകൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളുടെ അവകാശത്തിനു വേണ്ടി രൂപവത്കരിച്ച നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈള്‍ഡ് റൈറ്റ്സിന്‍റെ നിര്‍ദേശവും നടപടിക്കു പിന്നിലുണ്ട്. നിര്‍ദേശം നടപ്പാക്കിയ ശേഷം ജൂലായ് 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഎസ്, സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com