
കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ക്ക് തലവേദനയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സദാസമയവും കണ്ണുകള്‍ ഫോണിനുള്ളിലാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ഇപ്പോഴിതാ, വര്‍ധിച്ചുവരുന്ന സ്‌ക്രീന്‍ ടൈം ഉപയോഗം കൗമാരക്കാരില്‍ ഉത്കണ്ഠയും പെരുമാറ്റ പ്രശ്‌നങ്ങളുമുണ്ടാക്കാനുള്ള സാധ്യത അധികമാണെന്ന് കാനഡയിലെ വെസ്റ്റേണ്‍ സര്‍വകലാശാല കണ്ടെത്തി.
സ്ക്രീന്‍ ഉപയോഗിക്കുന്ന ദൈര്‍ഘ്യത്തെക്കാള്‍ കുട്ടികള്‍ സ്‌ക്രീന്‍ ടൈം എങ്ങനെ ഉപയോഗിക്കുന്നതാണ് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ പ്രധാന കാരണമെന്നും കംപ്യൂട്ടേഴ്‌സ് ഇന്‍ ഹ്യൂമന്‍ ബിഹേവറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
12നും 17നും ഇടയില്‍ പ്രായമായ 580 കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി. മറ്റ് തരത്തിലുള്ള സ്‌ക്രീന്‍ പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് ബുദ്ധിശൂന്യമായ സ്‌ക്രോളിങ്, ഉള്ളടക്കത്തില്‍ ഇടപെടാതിരിക്കുന്നത് തുടങ്ങിയ നിഷ്‌ക്രിയ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ശക്തമായ ബന്ധമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
കോവിഡ് കാലത്താണ് കൗമാരക്കാരില്‍ സ്‌ക്രീന്‍ ടൈം വളരെയധികം വര്‍ധിക്കുന്നത്. സൗഹൃദം കണ്ടെത്തുന്നതിനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും സോഷ്യല്‍മീഡിയ പ്രധാന മാര്‍ഗമായി മാറുകയായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും കുട്ടികള്‍ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ കുറവുണ്ടായില്ല. മാത്രമല്ല, സ്ഥിതി വഷളാകുകയും ചെയ്തു.
ഡൂം സ്‌ക്രോളിങ്
കമന്റുകളിലൂടെയോ പോസ്റ്റുകളിലൂടെയോ സജീവമായി ഇടപെടാതെ സോഷ്യല്‍മീഡിയയില്‍ അനന്തമായി സ്‌ക്രോള്‍ ചെയ്തു കൊണ്ട് ഉള്ളടക്കം നിഷ്‌ക്രിയമായി ഉപയോഗിക്കുന്നതാണ് ഡൂം സ്ക്രോളിങ്. ഈ ശീലം കൗമാരക്കാര്‍ക്കിടയില്‍ ഉത്കണ്ഠയ്ക്ക് ഒരു പ്രധാന കാരണമായി മാറിയെന്നും ഗവേഷകര്‍ പറയുന്നു. ഈ പെരുമാറ്റം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കി. സോഷ്യല്‍മീഡിയയിലൂടെ താരതമ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആത്മാഭിമാനം കുറയാനും അസൂയ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ ശക്തിപ്പെടാനും കാരണമാകുന്നു.
കുട്ടികളിലെ സ്ക്രീന്‍ ടൈം കുറയ്ക്കാം
സ്ക്രീൻ സമയ പരിധി നടപ്പിലാക്കുക
സ്ക്രീൻ ആസക്തിയെക്കുറിച്ചുള്ള അവബോധം വളർത്തുക
മൈൻഡ്‌ഫുൾനെസ് പ്രാക്ടീസുകൾ
ഡിജിറ്റൽ ഡീറ്റോക്‌സ്
ഗുരുതര സാഹചര്യങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ മറക്കരുത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ