ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം ആകുമ്പോൾ ഒരു ചായയും ചെറുകടിയും കഴിക്കുന്ന ശീലം മലയാളികൾക്ക് പതിവാണ്. സമോസ, ഉഴുന്നുവട, പരിപ്പുവട, ബജ്ജി അങ്ങനെ നമ്മുടെ രുചിക്ക് സംതൃപ്തി നൽകുന്ന പലഹാരങ്ങൾ പലവിധമുണ്ട്. എന്നാൽ ഇതൊക്കെ രക്തത്തിലെ പഞ്ചസാര വേഗത്തിൽ ഉയരാനും പിന്നീട് അമിതവിശപ്പിനും കാരണമാകും. പ്രത്യേകിച്ച് പ്രമേഹരോഗികളിൽ ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
വൈകുന്നേരത്തെ സ്നാക് ആരോഗ്യകരമായി തിരഞ്ഞെടുത്താൽ അത് വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ പോശകങ്ങൾ രക്തത്തിലെ പഞ്ചസാര സ്ഥിരതയോടെ നിലനിർത്താനും സഹായിക്കും. ഭക്ഷ്യനാരുകൾ, ആവശ്യമായ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, കുറഞ്ഞ ഗ്ലൈസെമിക് സൂചിക എന്നിവയുള്ള ഭക്ഷണങ്ങൾ വൈകുന്നേരം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ അമിതമായ പഞ്ചസാര അടങ്ങിയതും മൈദയും ഒഴിവാക്കണം.
വറുത്ത കടല പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ മികച്ച സ്നാക്കാണ്. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാൻ അനുവദിക്കില്ല. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, ഊർജ്ജം കിട്ടാനും നല്ലതാണ്. 30-40 ഗ്രാം വരെ കഴിക്കാവുന്നതാണ്.
മുളപ്പിച്ച ചെറുപയർ, തക്കാളി, വെള്ളരി, സവാള, മല്ലിയില, നാരങ്ങാനീര് എന്നിവ ചേർത്ത് സാലഡ് തയ്യാറാക്കാം. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും നല്ലതാണ്.
വെള്ളരിക്കയും കാരറ്റും കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് യോഗർട്ട് ഡിപ്പിനൊപ്പം കഴിക്കാവുന്നതാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും.
ചിയ വിത്തുകളോ ഫ്ലാക്സ് വിത്തുകളോ ചേർത്ത് ഗ്രീക്ക് യോഗർട്ട് വൈകുന്നേര സ്നാക് ആയി ഉപയോഗിക്കാവുന്നതാണ്. ഇതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടാനും ഇത് നല്ലതാണ്.
പുഴുങ്ങിയ മുട്ട വൈകുന്നേരം സ്നാക് ആക്കുന്നത് മികച്ച തീരുമാനമാണ്. ഇതിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വയറിന് സംതൃപ്തി നൽകാനും ശരീരപേശികൾക്ക് ഗുണം ചെയ്യാനും സഹായിക്കും.
വൈകുന്നേരം ആപ്പിളിനൊപ്പം അഞ്ച്-ആറ് ബദാം അല്ലെങ്കിൽ രണ്ട് വാൾനട്ട് കഴിക്കുന്നത് നല്ലതാണ്. ഇതിൽ നിന്ന് ഉയർന്ന അളവിൽ ഭക്ഷ്യനാരുകൾ കിട്ടും. ആരോഗ്യകരമായ കൊഴുപ്പും ലഭിക്കാൻ സഹായിക്കും.
ബദാം, വാൾനട്ട്, പിസ്ത പോലുള്ള നട്സ് ഉപ്പ് ചേർക്കാതെ വൈകുന്നേരം കഴിക്കുന്നത് നല്ലതാണ്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഇത് മികച്ചതാണ്. വിശപ്പ് നിയന്ത്രിക്കാനും സഹായകരമാണ്.
ഓട്സിനൊപ്പം പച്ചക്കറികൾ ചേർത്ത് ഹെൽത്തി ഉപ്മ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് പ്രമേഹ രോഗികൾക്ക് മികച്ചതാണ്. ഭക്ഷ്യനാരുകൾ ധാരാളമുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും.
പ്രമേഹരോഗികൾക്ക് റാഗി കൊണ്ടുള്ളവ പലഹാരങ്ങൾ വൈകുന്നേരം കഴിക്കുന്നത് നല്ലതാണ്.
വൈകിട്ട് 4 മുതൽ 5.30 വരെ ആരോഗ്യകരമായ സ്നാക്ക് കഴിക്കുന്നത് രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. എന്നാൽ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വൈകുന്നേരത്തെ പലഹാരം ശരിയായി തിരഞ്ഞെടുക്കുന്നത് പ്രമേഹമുള്ളവർക്ക് മാത്രമല്ല, എല്ലാവർക്കും ഗുണകരമാണ്. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സ്നാക്കുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates