വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ (School Reopening) നാളെ തുറക്കുകയാണ്. കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തുമ്പോൾ അവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകണം. കളിസ്ഥലങ്ങളും ക്ലാസ് മുറികളും കൂട്ടുകാരുമൊത്തുള്ള ഇടപെടലുകളും കുട്ടികൾക്ക് പകർച്ചവ്യാധികൾക്കും അണുബാധകൾക്കും സാധ്യത വർധിപ്പിക്കാം.
എന്നാൽ രണ്ട് ലളിതമായ ശീലങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം ഒരുപരിധി വരെ ഉറപ്പിക്കാം. പറഞ്ഞു വരുന്നത്, കൈകൾ കഴുകുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ചും കുപ്പി വെള്ളം പങ്കുവയ്ക്കുന്നതിനെ കുറിച്ചുമാണ്.
കുട്ടികൾ ദിവസവും നിരവധി വസ്തുക്കളിലാണ് സ്പർശിക്കുന്നത്. ബെഞ്ച്, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, വാതിലുകൾ പോലുള്ള പൊതുയിടങ്ങളിൽ നിന്നുള്ള രോഗാണുക്കൾ കൈകളിൽ പറ്റിപ്പിടിക്കാനും ശരീരത്തിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൈകൾ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും ശീലിപ്പിക്കുകയും വേണം.
ഭക്ഷണം കഴിക്കുന്നതിന് മുൻപ്
ശൗചാലയം ഉപയോഗിച്ചതിന് ശേഷം
കളി കഴിഞ്ഞ ശേഷം
ചുമയ്ക്കുകയോ മൂക്ക് തുടയ്ക്കുകയോ ചെയ്തതിന് ശേഷം
വീട്ടിലെത്തിയ ഉടൻ
കുറഞ്ഞത് 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകളുടെ ഉൾഭാഗവും വിരലുകളുടെ ഇടയിലും നഖത്തിനടി വശവും വൃത്തിയാക്കുക. വെള്ളമില്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. കൈകഴുകുന്ന ശീലം വയറിളക്കം, ശ്വാസകോശ അണുബാധ തുടങ്ങിയ പല സാധാരണ രോഗങ്ങളും കുറയ്ക്കാൻ ഈ ലളിതമായ ശീലത്തിലൂടെ സാധിക്കും.
കുട്ടികൾ സൗഹൃദം പങ്കുവെയ്ക്കുന്നതു പോലെ വീട്ടിൽ നിന്ന് കൊണ്ടു വരുന്ന വെള്ളവും പങ്കുവെയ്ക്കാറുണ്ട്. പങ്കുവയ്ക്കൽ ശീലം നല്ലതാണെങ്കിലും വെള്ളം കുപ്പി പങ്കുവെയ്ക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് ഓരോ കുട്ടിക്കും സ്വന്തം വെള്ളക്കുപ്പി ഉണ്ടായിരിക്കണം.
കുട്ടിയുടെ പേരെഴുതി കുപ്പി നൽകുക
ദിവസവും കുപ്പി കഴുകി വൃത്തിയാക്കുക
സ്കൂളിൽ ആവശ്യത്തിന് വെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കുക
സ്കൂൾ ജീവിതം കുട്ടികളുടെ വളർച്ചയുടെയും സൗഹൃദത്തിന്റെയും പ്രധാന ഘട്ടമാണ്. എന്നാൽ ആരോഗ്യകരമായ ശീലങ്ങളാണ് അവരുടെ പഠനത്തെയും വളർച്ചയെയും പിന്തുണയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates