വർഷംതോറും ദശലക്ഷക്കണക്കിന് ആളുകളാണ് ലോകമെമ്പാടും ഹൃദ്രോഗങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്നത്. ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണെന്ന് അറിയാമെങ്കിലും ഹൃദയാരോഗ്യത്തിൽ വേണ്ട പരിഗണന ആളുകൾ നൽകാറില്ലെന്നതാണ് സത്യം. ആരോഗ്യം ഗുരുതരമായ ശേഷമായിരിക്കും പലപ്പോഴും രോഗനിര്‍ണയം പോലും നടത്തുക. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് വഷളാകുന്നതിന് പിന്നിൽ ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കുന്നത് ഒരു പ്രധാന കാരണമാണ്.
ലക്ഷണങ്ങളെ ആരും അത്ര കാര്യമാക്കിയെടുക്കാറില്ല
ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ പകുതിയിലേറെ ആളുകളും അവഗണിക്കുന്നുവെന്ന് പല ആരോഗ്യ സർവെകളും ചൂണ്ടിക്കാണിക്കുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. ശ്വാസതടസമില്ലാതെ പടികൾ കയറാനും ടോയ്‌ലറ്റിൽ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്‍റെ ലക്ഷണങ്ങളാണ് ഇത്.
അടുത്തിടെ നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അഞ്ചിൽ ഒരാൾക്ക് വീതം തലകറക്കവും 11 ശതമാനം ആളുകൾക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ പല വ്യത്യസ്ത കാര്യങ്ങളില്‍ നിന്നാകാമെന്ന് കരുതുന്നു. അതേസമയം 26 ശതമാനം ആളുകള്‍ അവയെ ഗൗരവമായി എടുക്കാറില്ല. 17 ശതമാനം ആളുകള്‍ ഇത്തരം ലക്ഷണങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാൻ മടി കാണിക്കുന്നു. 13 ശതമാനം ആളുകള്‍ തങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങൾ അവഗണിക്കുന്നു.
ഹൃദ്രോഗം പ്രായമായവരില്‍ മാത്രമല്ല
പ്രായമായവരിലാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന തെറ്റിദ്ധാരണ സമീപകാല സംഭവങ്ങളോടെ മാറിത്തുടങ്ങി. പ്രത്യേകിച്ച് കോവിഡ് കാലത്തിന് ശേഷം. ഏത് പ്രായക്കാരിലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാം. വൈറസ് ഹൃദയത്തെയും ഹൃദയ പാളിയെയും ആക്രമിക്കും. ഇത് മയോപെരികാര്‍ഡിറ്റിസ് (വീക്കം നിറഞ്ഞ ഹൃദയവും ഹൃദയ ആവരണവും) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
പടികള്‍ കയറമ്പോഴുണ്ടാകുന്ന ശ്വാസ തടസം അല്ലെങ്കില്‍ ബുദ്ധിമുട്ട് ശ്വാസകോശ സംബന്ധമായ അസുഖമോ, ഫിറ്റ്‌നസ് കുറവോ, ശരീരഭാരം കൂടുന്നതോ ആകാം. എന്നാല്‍ ഇതിന് കൊറോണറി ആർട്ടറി രോഗം, ഹൃദയ വാല്‍വ് പ്രശ്‌നങ്ങള്‍, ക്രമരഹിതമായ ഹൃദയതാളം പോലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധമുണ്ടാകാം. ഹൃദയാരോഗ്യം വളരെ പ്രധാനമാണെന്ന് അറിയാമെങ്കിലും ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ച് മിക്ക ആളുകളുകള്‍ക്കും അറിവില്ല.
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
വേഗത്തിൽ എഴുന്നേൽക്കുമ്പോൾ തലകറക്കം
ശ്വാസതടസ്സം
കുനിയാൻ ബുദ്ധിമുട്ട്
ഹൃദയമിടിപ്പ് (നാഡിതുടിക്കല്‍)
നെഞ്ച് വേദന (നെഞ്ചില്‍ വലിഞ്ഞു മുറുകുന്ന വേദന)
ഇടതു കൈ വേദന - (കഴുത്തിലോ കൈകളുടെ മുകൾ ഭാഗത്തോ)
എഴുന്നേൽക്കാൻ ബുദ്ധിമുട്ട്
നെഞ്ചിലെ അസ്വസ്ഥത
കാലുകളില്‍ നീര്
ക്രമരഹിതമായ ഹൃദയമിടിപ്പ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates