'ലുങ്കി ഡാൻസ്' എന്ന ഒരൊറ്റ ഗാനം മതി, ഹണി സിങ് എന്ന ഗായകനെ ചൂണ്ടിക്കാണിക്കാൻ. ബോളിവുഡിൽ നിന്ന് ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ഹണി സിങ് പക്ഷെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഏഴ് വർഷത്തോളം തനിക്ക് ഏറെ ഇഷ്ടപ്പെട്ട സംഗീതത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഹണി സിങ്.
2012-ൽ ദേസി കലാകാർ എന്ന പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഹണി സിങ്ങിന് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിക്കുന്നത്. മരണഭയം ആയിരുന്നു തന്നെ ആ നാളുകളിൽ ഏറെ അലട്ടിയിരുന്നതെന്ന് ഹണി സിങ് എബി ടാക്സ് പോഡ്കാസ്റ്റിൽ പറഞ്ഞു.
'ഷാരൂഖ് ഖാനൊപ്പം അന്താരാഷ്ട്രാ ടൂറിൻ്റെ ഭാഗമായി ചിക്കാഗോയിൽ ആയിരുന്നു. മരിക്കാൻ പോവുകയാണെന്ന ചിന്തകൾ വന്നുകൊണ്ടോയിരുന്നു. റിഹേഴ്സലിന് പോലും പോകാൻ സാധിച്ചില്ല. ഷാരൂഖ് കാര്യം തിരക്കിയപ്പോഴും പ്രശ്നമൊന്നുമില്ല, സ്റ്റേജിൽ കാണാമെന്ന് പറഞ്ഞു ഫോൺ നിർത്തി. പരിപാടി ഒഴിവാക്കിയാലോ എന്നു പോലും ചിന്തിച്ചു. സഹോദരിയെ ഫോൺ വിളിച്ച്, ഒട്ടും പറ്റുന്നില്ലെന്ന് അറിയിച്ചു. ഷോ മുടക്കരുതെന്ന് സഹോദരി പറഞ്ഞു. എന്നാൽ രണ്ട് പാട്ട് പാടിയ ശേഷം പാതിവഴിയിൽ സ്റ്റേജിൽ നിന്ന് ഇറങ്ങി'- ഹണി സിങ് പറഞ്ഞു.
പിന്നീട് നീണ്ട ഏഴ് വർഷത്തോളം താൻ മരണഭയത്തോടെയാണ് ജീവിച്ചതെന്ന് ഹണി സിങ് പറഞ്ഞു. തന്റെ മോശം അവസ്ഥയിൽ ആരാധകർ തന്നെ കാണരുതെന്ന് ചിന്തിച്ചു. 'ഏഴ് വർഷത്തോളം വീട്ടിൽ സ്വയം അടിച്ചിരുന്നു. സുഹൃത്തുക്കളെ കാണുന്നതു പോലും ആ സമയത്ത് ഒഴിവാക്കി. ഫോൺ കോളുകളോ ടിവിയോ ഇന്റർനെറ്റോ ഇല്ലാതെ കഴിച്ചുകൂട്ടി. സ്വന്തം വീട്ടുകാരോടു പോലും അധികം സംംസാരിക്കുമായിരുന്നില്ല. മൂന്ന് വർഷത്തോളം കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. കുളിക്കുമ്പോൾ പോലും ബാത്ത്റൂം ഡോർ തുറന്നിടുമായിരുന്നു, കാരണം മരിക്കുമോ എന്ന ഭയമായിരുന്നു'-ഹണി സിങ് തുറന്നു പറഞ്ഞു.
ബൈപോളാർ ഡിസോർഡർ യഥാർഥമല്ലാത്ത മാരകമായ ചിന്തകളിലേക്ക് നമ്മെ തള്ളിവിടും. ആ ചിന്തകൾ യഥാർത്ഥത്തിൽ സംഭവിക്കുന്നതായി നമ്മെ തോന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018-19 കാലഘട്ടത്തിൽ താൻ മരിച്ചുവെന്ന് ഒരു ഘട്ടത്തിൽ സ്വയം വിശ്വസിച്ചിരുന്നതായും ഹണി സിങ് തുറന്നു പറഞ്ഞു. 'മരിച്ചു പോയെന്നും സ്വർഗത്തിനും നരകത്തിനും ഇടയിൽ എവിടെയോ കുടുങ്ങിയിരിക്കുകയാണെന്നുമായിരുന്നു അന്നത്തെ ആശങ്ക. അമ്മ ഭക്ഷണം തരുമ്പോൾ അതായിരുന്നു അവസാനത്തെ ഭക്ഷണമെന്ന് കരുതി'.
ഏഴ് വർഷത്തോളം ഒരേ മരുന്ന് കഴിച്ചു. എന്നിട്ടും സുഖപ്പെട്ടില്ല. പക്ഷെ ഒടുവിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഞാൻ തീരുമാനിച്ചു. മുൻപ് കണ്ട ഡോക്ടറെയും മാറ്റി. പുതിയ ഡോക്ടർ പുതിയ കുറച്ചു മരുന്ന് നൽകി. നാല് ആഴ്ചകൾക്കുള്ളിൽ ഞാൻ സുഖപ്പെട്ടു തുടങ്ങി. ആ സമയത്തിനിടെ ആളുകളെ കാണാനും ജീവിതത്തെ വീണ്ടും അഭിമുഖീകരിക്കാനും തുടങ്ങിയെന്ന് ഹണി സിങ് പറയുന്നു.
ലഹരി ഉപയോഗം നിർത്തിയതിന് ശേഷവും അതിന്റെ സ്വാധീനം തന്റെ ശരീരത്തിൽ നീണ്ടു നിന്നിരുന്നതായി ഹണി സിങ് പറഞ്ഞു. 2014ലാണ് ലഹരി ഉപയോഗം നിർത്തുന്നത്, ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിന് ഏഴ് മുതൽ എട്ട് വർഷമെടുത്തു. അത് തന്റെ ജീവിതത്തിലെ വളരെ കഠിനമായ ഘട്ടമായിരുന്നുവെന്നും ഒടുവിൽ അതിജീവിച്ചുവെന്നും ഹണി സിങ് പറയുന്നു. സംഗീതലോകത്തു നിന്നും പിൻവാങ്ങിയ താൻ വീണ്ടും തിരികെയെത്തുന്നത് 2023-ലാണെന്നും ഹണി സിങ് പറഞ്ഞിട്ടുണ്ട്.
ബൈപോളാറുള്ള വ്യക്തികൾക്ക് പൊതുവെ മാനിയ (ഉന്മാദരോഗാവസ്ഥ), വിഷാദരോഗം എന്നീ രണ്ട് അവസ്ഥകളാണുണ്ടാവുക. ഉന്മാദരോഗാവസ്ഥയുടെ സമയത്ത് വ്യക്തിക്ക് അത്യധികമായ സന്തോഷവും വളരെ എനർജിയും ഉണ്ടാകും. ഇത് ആഴ്ചകൾ നീണ്ടുനിൽക്കാം.
നിർത്താതെയുള്ള സംസാരം, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കൽ, ഒരേ സമയത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് പോലുള്ള പ്രവൃത്തികൾ തുടങ്ങി വളരെ ആക്ടീവായിരിക്കും ഈ സമയത്ത്. എന്തിനേറെ രാത്രി ഉറക്കം പോലും നഷ്ടപ്പെടുന്ന തരത്തിലാവും ഇവരുടെ മാനസിക ഊർജം. നോർമലായി ഇരിക്കുന്ന സമയത്ത് സംസാരിക്കാനും തുറന്നു പറയാനും മടിക്കുന്ന പല കാര്യങ്ങളെപ്പറ്റിയും ഇവർ വാചാലരാകും. ചിലർക്ക് മാനിയ ഘട്ടം വളരെ ദേഷ്യം വരുന്നതാണ്. അത്യധികം ദേഷ്യത്തോടെ ചുറ്റുമുള്ളവരോട് പെരുമാറുന്നതും കാണാം.
ഇതിന് നേരെമറിച്ചാണ് വിഷാദാവസ്ഥ അല്ലെങ്കിൽ ലോ ഫെയ്സ്. എന്തിനാണ് സങ്കടപ്പെടുന്നതെന്ന് പോലും ഇവർക്ക് മനസിലാകണമെന്നില്ല. ഈ ഘട്ടവും മാസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ നീണ്ടു നിൽക്കാം. കാരണമില്ലാതെ എപ്പോഴും കരയുന്നതും ഇതിന്റെ ഭാഗമാണ്. പണ്ട് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നതും സന്തോഷം കണ്ടെത്തിയിരുന്നതുമായ കാര്യങ്ങൾ പഴയത് പോലെ ആസ്വദിക്കാൻ തോന്നുകയില്ല.
വളരെ പെട്ടെന്ന് ക്ഷീണിച്ച് എപ്പോഴും ഉറങ്ങണമെന്ന ചിന്ത മടിയെന്ന കുഴിയിൽ തള്ളിയിടും. അല്ലെങ്കിൽ ഉറക്കം ഇല്ലാത്ത അവസ്ഥയുമുണ്ടാകാം. ദൈനംദിന പ്രവൃത്തികളിൽ പോലും ശ്രദ്ധ ചെലുത്താതെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യാചിന്ത വരെയുണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates