ദിവസവും രണ്ട് നേരം പല്ലുതേക്കുന്നത് ആരോഗ്യത്തിന് നല്ല ശീലമാണെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ അത്താഴം കഴിച്ച ഉടൻ പല്ലുതേക്കുന്നത് ചിലപ്പോൾ വിനയാകാം. പ്രത്യേകിച്ച് അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ചതിന് ശേഷം ഉടൻ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം.
പല്ലിന്റെ ഏറ്റവും പുറത്തുള്ള സംരക്ഷണ പാളിയാണ് ഇനാമൽ. മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ ടിഷ്യൂകളിലൊന്നാണിത്. എന്നാൽ ഒരിക്കൽ ഇനാമൽ നഷ്ടപ്പെട്ടാൽ ശരീരത്തിന് അത് പഴയതുപോലെ പുനർനിർമിക്കാൻ കഴിയില്ല.
പല്ലുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടാതിരിക്കാൻ ഭക്ഷണത്തിന് ശേഷം വായ വൃത്തിയാക്കുന്നത് പ്രധാനമാണ്. എന്നാൽ ബ്രഷ് ചെയ്യാനുള്ള സമയവും അത്ര പ്രധാനമാണ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ വായിൽ ചില താൽക്കാലിക മാറ്റങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ, പുളിയുള്ള ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, ചില ജ്യൂസ് തുടങ്ങിയവയിൽ അടങ്ങിയ ആസിഡുകൾ പല്ലിന്റെ ഇനാമലിനെ കുറച്ചുസമയം മൃദുവാക്കാം. ഈ സമയത്ത് ശക്തമായി ബ്രഷ് ചെയ്യുമ്പോൾ മൃദുവായ ഇനാമലിൽ അമിതമായ ഉരസൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഭക്ഷണത്തിന് ശേഷം വായിലെ ബാക്ടീരിയകൾ ഭക്ഷണത്തിലെ പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും ഉപയോഗിച്ച് ആസിഡുകൾ ഉൽപാദിപ്പിക്കും. ഇതോടെ വായിലെ പിഎച്ച് കുറയുകയും പല്ലിന്റെ ഇനാമലിൽ താൽക്കാലികമായി ധാതുക്കളുടെ നഷ്ടം സംഭവിക്കുകയും ചെയ്യാം.
പുളിയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും നേരിട്ട് പല്ലുമായി സമ്പർക്കത്തിലാകുമ്പോഴും ഇതേ രീതിയിൽ ഇനാമലിനെ ബാധിക്കാം. ഈ സമയത്ത് ഉടൻ ബ്രഷ് ചെയ്യുന്നതിനു പകരം കുറച്ചു സമയത്തിന് ശേഷം പല്ലുതേക്കാം.
ഭക്ഷണം കഴിച്ച ഉടൻ ബ്രഷ് ചെയ്യുന്നതിന് പകരം ഏകദേശം 30 മിനിറ്റ് ശേഷം പല്ലുതേക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പുളിയുള്ള ഭക്ഷണമോ പാനീയമോ കഴിച്ചിട്ടുണ്ടെങ്കിൽ ഈ ഇടവേള പ്രധാനമാണ്.
പല്ലുതേക്കുമ്പോൾ സമയത്തോടൊപ്പം രീതിയും പ്രധാനമാണ്. സോഫ്റ്റ് ബ്രിസിൽ ഉള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുക. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ ഏകദേശം രണ്ട് മിനിറ്റ് പല്ലുതേക്കുന്നതാണ് ദന്തരോഗ വിദഗ്ധ ശുപാശ ചെയ്യുന്നത്. പല്ലുകളിൽ ബ്രഷ് ശക്തമായി ഉരയ്ക്കേണ്ടതില്ല. പല്ലിന്റെ പുറംഭാഗം, അകത്തെ ഭാഗം, ചവയ്ക്കുന്ന ഭാഗം, മോണയ്ക്കു സമീപമുള്ള ഭാഗം എന്നിവ ശ്രദ്ധിച്ച് സാവധാനത്തിൽ ബ്രഷ് ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates