ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം? ഈ സംശയം ഒരുവിധം എല്ലാവരിലും ഉണ്ടായിട്ടുണ്ടാകാം. സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ ഇത് സംബന്ധിച്ച് വരാറുണ്ട്. ആരോഗ്യമുള്ള മുടിക്ക് ഏറ്റവും പ്രധാനം വൃത്തിയാണെന്ന അടിസ്ഥാനപരമായ കാര്യമാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. എത്ര തവണ മുടി കഴുകുക എന്നതിനെക്കാൾ മുടി വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം.
ദിവസവും തലയിൽ എണ്ണവെച്ച് കുളിച്ചിരുന്ന നാട്ടിൻപുറശീലങ്ങളിൽ നിന്ന് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലകുളിക്കുക എന്ന രീതിയിലേക്ക് ഏറെക്കുറെ ആളുകൾ മാറി. താരനും മുടികൊഴിച്ചിലും സ്ഥിരമായതോ വില കൂടിയ പല ഉൽപ്പന്നങ്ങളും പരീക്ഷിച്ചു. കഴുകാതെയിരുന്നാൽ മുടി കൊഴിയില്ലെന്ന് വിശ്വസിക്കുന്നവർ വരെ നമ്മുടെകൂട്ടത്തിലുണ്ട്.
ചിലർ ദിവസവും മുടി കഴുകുന്നത് നല്ലതാണെന്ന് പറയുമ്പോഴും, നിങ്ങളുടെ തലമുടി എത്ര തവണ കഴുകണം എന്നതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്.
സെബം അഥവാ എണ്ണ
ശിരോചർമത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന സെബം എന്ന പ്രകൃതിദത്ത എണ്ണയാണ് മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നത്. ഇത് കൂടിയാലും കുറഞ്ഞാലും മുടിയുടെ ആരോഗ്യത്തെ ബാധിക്കും.
സെബം ഉൽപാദനം കൂടുമ്പോൾ മുടി കൂടുതൽ എണ്ണമയമുള്ളതായി കാണപ്പെടും. ഇത് പൊടിയും ചെളിയും അടിഞ്ഞുകൂടാനും താരന് കാരണമാവുകയും ചെയ്യും. ഇത്തരക്കാർ ദിവസവും അല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിൽ മുടി കഴുകുന്നത് നല്ലതാണ്.
അതേസമയം വരണ്ട സ്കാൽപ് ഉള്ളവരിൽ സെബത്തിൻ്റെ ഉൽപാദനം അധികമുണ്ടാവില്ല. ഇത്തരക്കാർ ദിവസവും മുടി കഴുകുന്നത് മുടി കൂടുതൽ വരണ്ടതാകാനും മുടി പെട്ടെന്ന് പൊട്ടിപോകാനും കാരണമാകും.
മുടിയുടെ ഘടനയും തരം തലമുടി കഴുകുന്നതിന് നിർണയിക്കുന്ന മറ്റൊരു ഘടകമാണ്. കോലൻ മുടിയുള്ളവരും കനം കുറഞ്ഞ മുടിയുള്ളവരും ആഴ്ചയിൽ കൂടുതൽ തവണ മുടി കഴുകുന്നത് നല്ലതാണ്, എന്നാൽ ചുരുണ്ട മുടിയോ വേവി ഹെയർ ഉള്ളവരിലോ ദിവസവും മുടി കഴുകുന്നത് നല്ലതാണ്.
കാരണം, കോലൻ മുടിയിൽ സെബം എളുപ്പത്തിൽ വ്യാപിക്കുകയും എണ്ണമയമുള്ളതായി കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ ചുരുണ്ട മുടി അല്ലെങ്കിൽ വേവി ഹെയറിൽ പെട്ടെന്ന് സെബം വ്യാപിക്കില്ല. കൂടാതെ ചുരുണ്ട മുടിക്ക് സെബം ഉണ്ടാവുന്നത് നല്ലതാണ്. ഇത് മുടി മൃദുവാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും.
വിയർപ്പ്
വിയർപ്പ് മറ്റൊരു ഘടകമാണ്. വർക്ക്ഔട്ട് അല്ലെങ്കിൽ തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം എത്രത്തോളം വിയർക്കുന്നുവെന്നത് തലമുടി കഴുകേണ്ട തീരുമാനത്തെ സ്വാധീനിക്കും. വിയർപ്പ് സെബം കൂടുതൽ വ്യാപിപ്പിക്കുകയും മുടി വൃത്തികേടാക്കുകയും ചെയ്യും. കൂടാതെ മുടിക്ക് ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. വ്യായാമത്തിന് ശേഷം മൈഡ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.
പൊടിയും അഴുക്കും
വൃത്തിയാക്കൽ പോലുള്ള ജോലികൾക്ക് ശേഷം മുടി കഴുകണം. കാരണം അഴുക്കും പൊടിയുമെല്ലാം മുടിയിൽ പറ്റിപ്പിടിച്ചിരിക്കാനും മുടിയുടെ തിളക്കം കുറയ്ക്കാനും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates