മരിച്ച് ഒരു വർഷത്തിന് ശേഷവും പത്മശ്രീ സ്വാമി ശിവാനന്ദയുടെ ജീവിതചര്യ പുതുതലമുറയ്ക്ക് ഒരു പാഠമാണ്. ജീവിതശൈലി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന ഇന്നത്തെ ലോകത്തിന്, 128 വർഷം അച്ചടക്കമുള്ള ജീവിതചര്യയിലൂടെ ആരോഗ്യസംരക്ഷണം സാധ്യമാക്കിയ അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രധാനമാണ്. അൽപാഹാരവും ആഗ്രഹനിഗ്രഹണവുമാണ് സ്വാമി ശിവാനന്ദ ദീർഘായുസ്സ് ലഭിക്കാൻ മുന്നോട്ടുവയ്ക്കുന്ന ഒറ്റമൂലി.
യോഗയും ലളിതമായ ഭക്ഷണരീതിയുമാണ് അദ്ദേഹത്തിൻ്റെ ദീർഘായുസ്സിന് പിന്നിലെ രഹസ്യം. 2022ൽ അദ്ദേഹം രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കയ്യിൽ നിന്ന് പത്മശ്രീ വാങ്ങുന്ന ദൃശ്യങ്ങൾ അന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പത്മശ്രീ വാങ്ങുന്ന വേളയിൽ 125-ാം വയസ്സിൽ കുമ്പിട്ടു തൊഴുതു വണങ്ങുന്ന സ്വാമി ശിവാനന്ദയുടെ ശരീരവഴക്കം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.
ശിവാനന്ദയുടെ പ്രായം വെറും കണക്കിൽ മാത്രമല്ല, അർപ്പണ ബോധത്തോടു കൂടിയ ജീവിതചര്യയുടെ ഫലം കൂടിയാണ്. അച്ചടക്കമുള്ളതും വളരെ ലളിതവുമായ ജീവിതചര്യയാണ് അദ്ദേഹം പിന്തുർന്നിരുന്നത്.
പുലർച്ചെ മൂന്ന് മണിക്ക് അദ്ദേഹം ഉണരും, പ്രായത്തെ വെല്ലുന്ന യോഗാഭ്യാസങ്ങളാണ് അദ്ദേഹം പരിശീലിച്ചിരുന്നത്. തറയിൽ പായ മാത്രം വിരിച്ചാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. മരത്തടിയായിരുന്നു തലയിണയായി അദ്ദേഹം ഉപയോഗിച്ചിരുന്നതെന്നും പദ്മ അവാർഡുകൾ ദാന ചടങ്ങിനിടെ പുറത്തിറക്കിയ രാഷ്ട്രപതി ഭവന്റെ കുറിപ്പിൽ പറയുന്നു.
പ്രായമായ ശേഷവും വലിയ ആരോഗ്യസങ്കീർണതകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. സ്വാമി ശിവാനന്ദ കർശനമായി സസ്യാഹാരിയായിരുന്നു. ഫാൻസി ഫുഡ് ആയി കണക്കാക്കുന്നതിനാൽ പഴങ്ങളും പാലും അദ്ദേഹം ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുകയും ചോറും പയറും അടങ്ങിയ അടിസ്ഥാന ഭക്ഷണങ്ങളായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്. 2025 മെയ് മൂന്നിനാണ് യോഗാചാര്യൻ കൂടിയായ പത്മശ്രീ സ്വാമി ശിവാനന്ദ അന്തരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates