പ്രാഥമികശുശ്രൂഷയുടെ പ്രാധാന്യത്തെ സ്കൂൾതലം മുതൽ തന്നെ നമ്മൾ ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് വീഴുകയോ മുറിയുകയോ ചെയ്താൽ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറില്ല. എന്നാല്‍ മനസ്സിനാണ് അത്തരമൊരു സാഹചര്യം വരുന്നതെങ്കിൽ, നൽകേണ്ട പ്രാഥമികശുശ്രൂഷയെ കുറിച്ച് അറിയാമോ?
ഇന്ത്യയില്‍ കോവിഡിന് ശേഷം ഉത്കണ്ഠ അനുഭവിക്കുന്നവരുടെ എണ്ണം 23.7 നിന്ന് 35 ശതമാനമായി ഉയര്‍ന്നതായി സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദം, ഉത്കണ്ഠ, പാനിക് അറ്റാക്ക്, വിഷാദം തുടങ്ങിയ വാക്കുകള്‍ താമാശയായിട്ടും കാര്യമായിട്ടുമൊക്കെ ഇന്നത്തെ നമ്മുടെ സാധാരണ വര്‍ത്തമാനങ്ങളില്‍ പോലും പതിവാണ്. പലപ്പോഴും ഈ വാക്കുകളുടെ അർഥത്തിന്റെ ആഴം മനസിലാക്കാതെയാണ് നമ്മൾ ഉപയോഗിക്കാറ്.
പാനിക് അറ്റാക്കുകളും ആങ്സൈറ്റി അറ്റാക്കുകളും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവർ നിരവധിയാണ്. എന്നാൽ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദർഭങ്ങളിൽ മാനസികമായി ദുർബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്പ്പെടുത്തുക.
ആങ്സൈറ്റി അറ്റാക്ക് യഥാർഥത്തിൽ ഒരു ഔദ്യോഗിക മെഡിക്കൽ പദമല്ല. മറിച്ച് ഉത്കണ്ഠ എന്നത് ഒരു വികാരമാണ്. സമ്മർദകരമായ ജീവിത സംഭവങ്ങൾ കാരണം അമിതമായ ഉത്കണ്ഠ ഉണ്ടാകാം. ചിലപ്പോൾ ഭാവിയിൽ സംഭവിച്ചേക്കാമെന്ന കാര്യങ്ങൾ ചിന്തിച്ച് ആളുകൾ സമ്മർദത്തിലാകുകയും ആശങ്കകൾ നിയന്ത്രണാതീതമാവുകയും ചെയ്യും. ഇതിന്റെ ലക്ഷണങ്ങൾ ആറ് മാസം വരെ നീണ്ടു നിൽക്കാം.
അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍
മനസ്സിന്‍റെയും പ്രവര്‍ത്തനങ്ങളുടെയും ചാഞ്ചല്യം
ആള്‍ക്കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങല്‍
അസാധാരണമായ രീതിയില്‍ പ്രകോപിതരാകല്‍
അല്ലെങ്കില്‍ പെട്ടെന്നുള്ള മൗനമോ അമിതമായ സംസാരമോ ഉണ്ടാകാം.
എന്നാല്‍ പാനിക് അറ്റാക് എന്നത് വളരെ പെട്ടെന്ന് സംഭവിക്കുന്നതാണ്. ഭയത്തിന്റെ പെട്ടെന്നുള്ള തീവ്രമായ ഒരു അവസ്ഥയാണിത്. പാനിക് അറ്റാക്കുകൾക്ക് വ്യക്തമായ ട്രിഗർ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകൾ മുതൽ ചിലപ്പോൾ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കാം. വ്യത്യസ്ത ആവൃത്തികളിൽ ആളുകൾക്ക് പാനിക് അറ്റാക്കുകൾ അനുഭവപ്പെടാം.
പാനിക് അറ്റാക് ലക്ഷണങ്ങള്‍
ശ്വാസതടസ്സം
വിയർക്കൽ അല്ലെങ്കിൽ വിറയൽ,
ഓക്കാനം,
നെഞ്ചുവേദന,
തലകറക്കം
ഈ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെ ആവണമെന്നില്ല. മാനസികാരോഗ്യ പ്രഥമശുശ്രൂഷ ഗൈഡ് അനുസരിച്ച് ഒരു വ്യക്തിക്ക് പാനിക് അറ്റാക് ഉണ്ടാകുമ്പോൾ, അവർ ദിശാബോധമില്ലാത്തവരോ ആശയക്കുഴപ്പത്തിലകപ്പെടുന്നവരോ ആയി മാറുന്നു. ഇത്തരം അവസ്ഥകളില്‍ അകപ്പെടുന്ന വ്യക്തികള്‍ക്ക് വാക്കുകള്‍ കൊണ്ട് ആശയവിനിമയം നടത്താനോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ സാധിക്കാത്ത അവസ്ഥ ഉണ്ടെങ്കില്‍ അവരെ മറ്റേതെങ്കിലും രീതിയില്‍ ആശയവിനിമയം നടത്താന്‍ പ്രോത്സാഹിപ്പിക്കണം.
പാനിക് അറ്റാക് സംഭവിച്ചവരെ കൈകാര്യം ചെയ്യുമ്പോള്‍
ആദ്യം സ്വയം ശാന്തത പാലിക്കുകയും സൗമ്യമായ സ്വരത്തിൽ അവരോട് ഇടപെടുകയും വേണം.
ആ വ്യക്തിയെ ആൾക്കൂട്ടത്തിൽ നിന്നോ അനാവശ്യ ശ്രദ്ധയിൽ നിന്നോ അകറ്റി ശാന്തമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുക.
അവർക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുക.
ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വന്നേക്കാം, എന്നാല്‍ എപ്പോഴും നിങ്ങളുടെ സ്വരം മൃദുവായി നിലനിർത്തുക.
അവരുടെ ശ്വസനം നിയന്ത്രിക്കാൻ അവരെ സഹായിക്കുക.
ഒരു പേപ്പർ ബാഗിലേക്ക് ശ്വാസം വിടുന്നതും ഉപയോഗപ്രദമാകും. അവർ സുരക്ഷിതരാണെന്നും അമിതമായ വികാരങ്ങൾ ക്രമേണ കുറയുമെന്നും ശാന്തമായ ശബ്ദത്തിൽ അവരെ ബോധ്യപ്പെടുത്തുക.
ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല
പാനിക് അറ്റാക് നേരിടുന്ന വ്യക്തികളോട് വിശ്രമിക്കൂ, ശാന്തമാകാന്‍ ശ്രമിക്കൂ എന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക.
പാനിക് അറ്റാക്ക് ബാധിച്ച ആളെ കുലുക്കുകയോ, തിരക്കുകൂട്ടുകയോ, അനാവശ്യ ശ്രദ്ധ ആകർഷിക്കുകയോ ചെയ്യരുത്. ഇത് സാഹചര്യം കൂടുതൽ വഷളാക്കും.
ഒരിക്കലും അവരുടെ അവസ്ഥയെ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates