ഒരു വീടിന്റെ ഹൃദയഭാഗമാണ് അടുക്കളയെന്ന് വിശേഷിപ്പിക്കാറുണ്ട്. അടുക്കളയിൽ നിന്നാണ് ആരോഗ്യത്തിന്റെയും സമാധാനത്തിന്റെ ആവി പറക്കുന്നത്. ചിലർക്ക് ഭക്ഷണം പാകം ചെയ്യുക എന്നത് അതിജീവനത്തിന് വേണ്ടിയാണെങ്കിൽ മറ്റ് ചിലർക്ക് അതൊരു അഭിരുചിയാണ്. എന്ത് തന്നെയാണെങ്കിലും അടുക്കള വൃത്തിയാക്കിവയ്ക്കുക എന്നത് പ്രധാനമാണ്.
അടുക്കും ചിട്ടയുമുള്ള അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നത് സന്തോഷവും ഭക്ഷണത്തിന് വൃത്തിയും ഉറപ്പാക്കും. എന്നാൽ അടുക്കള മുഴുവൻ എല്ലാ ദിവസവും വൃത്തിയായി വയ്ക്കുന്നത് വളരെയധികം സമയം വേണ്ടതും ശ്രമകരവുമായ ഒരു കാര്യമാണ് എന്നാണോ വിചാരിച്ചിരിക്കുന്നത്? എന്നാൽ അങ്ങനെയല്ല, കൃത്യമായി പ്ലാൻ ചെയ്ത് ഇക്കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ അടുക്കളയെ വൃത്തിയായി സൂക്ഷിക്കാം.
വ്യക്തിശുചിത്വം: വൃത്തിയുള്ള അടുക്കള നേടാനുള്ള ആദ്യപടിയാണ് ഇത്. അടുക്കളയിൽ പാചകം ചെയ്തതോ പാചകം ചെയ്യാൻ ഉപയോഗിക്കുന്നതോ ആയ ഏത് വസ്തുവിൽ സ്പർശിക്കുന്നതിന് മുമ്പും കൈകൾ വൃത്തിയായി കഴുകണം. നഖങ്ങൾ വെട്ടി വൃത്തിയാക്കാനും മുടി കെട്ടിവയ്ക്കാനുമെല്ലാം ശ്രദ്ധിക്കണം. മുഖവും കൈകളും ഇടയ്ക്കിടെ തുടയ്ക്കാൻ പ്രത്യേകമായി ഒരു ടവൽ സൂക്ഷിക്കാം.
ഭക്ഷണം ശരിയായി സ്റ്റോർ ചെയ്യാം: പാകം ചെയ്ത ഭക്ഷണവും പാചകത്തിന് ഉപയോഗിക്കുന്ന ചേരുവകളുമെല്ലാം ശരിയായ പാത്രങ്ങളിൽ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ അവ കൃത്യമായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ചേരുവകളും സൂക്ഷിക്കാൻ കൃത്യമായ ഒരു ഇടം കണ്ടെത്തണം. ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും അതേ ഇടത്തിൽ തിരിച്ചുവയ്ക്കാനും ഓർക്കണം. ഇത്തരം അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഭക്ഷണം കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാനും സഹായിക്കും. അതുമാത്രമല്ല, ഭക്ഷണം തെറ്റായ രീതിയിൽ സ്റ്റോർ ചെയ്യുന്നത് ദോഷകരമായ സൂക്ഷ്മാണുക്കൾ സ്ഥാനംപിടിക്കാൻ ഇടയാക്കും.
പാത്രങ്ങൾ വൃത്തിയായി കഴുകുക: എല്ലാ പാത്രങ്ങളും അടുക്കളയിൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാത്രങ്ങളിൽ മിച്ചംവന്ന ഭക്ഷണാവശിഷ്ടങ്ങൾ ബാക്ടീരിയ വളരാൻ കാരണമാകുകയും ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കഴുകുന്നതിനൊപ്പം തന്നെ പ്രധാനമാണ് എല്ലാം വൃത്തിയായി തുടച്ച് സൂക്ഷിക്കുക എന്നതും. കഴുകിയ ഉടനെ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചുവേണം എല്ലാ ഉപകരണങ്ങളും സൂക്ഷിക്കാൻ.
ഓവൻ, സിങ്ക്, കിച്ചൻ കൗണ്ടർ: പലരും മറക്കുന്ന ഒരു കാര്യമാണ് ഇത്, പക്ഷെ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ വളരെ പ്രധാനപ്പെട്ട പങ്ക് ഇവ മൂന്നിനും ഉണ്ട്. ഓവൻ, സിങ്ക്, കിച്ചൻ കൗണ്ടർ എന്നിവിടങ്ങളിൽ ഭക്ഷണാവശിഷ്ടം ഉണ്ടെങ്കിൽ അത് ബാക്ടീരിയക്കുള്ള വാസസ്ഥലമായിരിക്കും. അതുമാത്രമല്ല അടുക്കളയിൽ അസഹനീയമായ ഗന്ധം പരക്കാനും ഇത് കാരണമാകും.
വേസ്റ്റ് ബിൻ അത്യാവശ്യമാണ്: അടുക്കളയിൽ കുറഞ്ഞത് രണ്ട് വേസ്റ്റ് ബിന്നുകളെങ്കിലും സൂക്ഷിക്കണം. എല്ലാ ദിവസവും ഇവ കൃത്യമായി നീക്കം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates