mini anthurium Pinterest
Health

മനസ്സ് ശാന്തമാകും വീട് മനോഹരമാകും, മിനി ആന്തൂറിയം വീടിനുള്ളിൽ എങ്ങനെ വളർത്താം

കടും പച്ച നിറത്തില്‍ ഹൃദയാകൃതിയിലുള്ള ഇലകളാണ് ഇതിനുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വീടിൻ്റെ അകത്തളം മനോഹരമാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏറെ സഹായകരമാണ് ഇൻഡോർ ചെടികൾ. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം വീട്ടിൽ കൂടുതൽ ശാന്തമായ അനുഭവം നൽകാനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കും.

കട്ട് ഫ്ലവറിന് ഉപയോഗിക്കുന്ന പരമ്പരാഗത ആന്തൂറിയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ ചട്ടികളില്‍ വളര്‍ത്താവുന്ന മിനി ആന്തൂറിയമാണ് ഇപ്പോള്‍ ചെടിപ്രേമികളുടെ ഹരം. കടും പച്ച നിറത്തില്‍ ഹൃദയാകൃതിയിലുള്ള ഇലകളാണ് ഇതിനുള്ളത്. തിളക്കമാര്‍ന്ന ചുവപ്പ്, പിങ്ക്, വെള്ള, ചോക്ലേറ്റ് ബ്രൗണ്‍, പര്‍പ്പിള്‍, വെള്ളയും പിങ്കും ഇടകലര്‍ന്നത് എന്നീ നിറങ്ങളിലുള്ള പൂക്കളാണ് ഇവയ്ക്ക്.

mini anthurium

മാത്രമല്ല, അനുകൂല കാലാവസ്ഥയില്‍ പൂക്കള്‍ ഒരു മാസത്തോളം നിറം മങ്ങാതെയും കൊഴിയാതെയും ചെടിയില്‍ നില്‍ക്കും. കേരളത്തിലെ ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പൂച്ചെടി. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. ആന്തൂറിയം വിഷാംശമുള്ള ചെടിയാണ്. ഇലകളോ പൂക്കളോ കഴിക്കുന്നത് വായിലും വയറിലും അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും അകലെ വയ്ക്കുക.

മിനി ആന്തൂറിയം വീട്ടിൽ എവിടെ വയ്ക്കാം

മിനി ആന്തൂറിയം വീടിനുള്ളിൽ വയ്ക്കുമ്പോൾ നേരിട്ട് തീവ്രമായ സൂര്യപ്രകാശം ലഭിക്കാത്ത, എന്നാൽ വെളിച്ചമുള്ള സ്ഥലമാണ് ഏറ്റവും അനുയോജ്യം.

  • ജനലിനരികിൽ: കർട്ടനിലൂടെ ഫിൽട്ടർ ചെയ്യുന്ന വെളിച്ചം ലഭിക്കുന്നിടം.

  • ലിവിംഗ് റൂം: ജനലിൽ നിന്ന് കുറച്ച് അകലെയുള്ള പ്രകാശമുള്ള ഭാഗം.

  • ബെഡ്‌റൂം: നല്ല വായുസഞ്ചാരമുള്ള, വെളിച്ചമുള്ള സ്ഥലം.

  • ഇത് ഒഴിവാക്കണം: നേരിട്ടുള്ള ഉച്ചവെയിൽ, എസി/ഫാനിന്റെ നേരിട്ടുള്ള കാറ്റ്, പൂർണമായും ഇരുണ്ട കോണുകൾ.

mini anthurium

മിനി ആന്തൂറിയം വീടിനുള്ളിൽ വളർത്തുമ്പോൾ

ചകിരിച്ചോറും മണലും

ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടി മതി ഈ ചെടി വളര്‍ത്താന്‍. ചകിരിച്ചോറിനൊപ്പം ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ്, മരക്കരിയുടെ ചെറിയ കഷണങ്ങള്‍ ഇവ കലര്‍ത്തി നീര്‍വാര്‍ച്ചയുള്ള മിശ്രിതം നടാന്‍ ഉപയോഗിക്കാം. വളമായി വേപ്പിപിണ്ണാക്കും എല്ലുപൊടിയും കലര്‍ത്താം.

ഈര്‍പ്പം പാകത്തിന്

മിശ്രിതം നന്നായി ഉണങ്ങിയെങ്കില്‍ മാത്രം നനയ്ക്കുക. പോട്ടിങ് മിശ്രിതത്തില്‍ ഈര്‍പ്പം അധികമായാല്‍ കുമിള്‍ രോഗം വന്ന് കേടാകാന്‍ സാധ്യതയുണ്ട്. അതേസമയം ഇലകളില്‍ നേരിയ ഈര്‍പ്പം നിലനിര്‍ത്തുന്നത് ചെടി ആരോഗ്യത്തോടെ വളരാനും പൂവിടാനും നല്ലതാണ്. ഇതിനായി ഇലകളില്‍ നേര്‍ത്ത തുള്ളി നന ആവശ്യാനുസരണം നല്‍കാം.

എന്‍പികെ അനുയോജ്യം

ദ്രവ രൂപത്തിലുള്ള ജൈവവളങ്ങള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ വെള്ളത്തില്‍ പൂര്‍ണമായി ലയിക്കുന്ന എന്‍പികെ 19:19:19 രാസവളം ഇലകളിലും ചുവട്ടിലും വളര്‍ച്ചയ്ക്കായി നല്‍കാം. പൂവിടല്‍ പ്രോത്സാഹിപ്പിക്കാന്‍ നൈട്രജന്‍ കുറഞ്ഞ അളവിലുള്ള എന്‍പികെ വളം നല്‍കാം. ഉണങ്ങിയ പൂക്കളും പഴകിയ ഇലകളുമൊക്കെ മുറിച്ചുമാറ്റി ഇലകളുടെ എണ്ണം കുറച്ചു നിര്‍ത്തുന്നത് ഏറെ ഗുണകരമാണ്.

വെയില്‍ കൂടരുത്

ചട്ടിയിലെ മിശ്രിതം രണ്ട്-മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാറ്റി പുതിയതിലേക്ക് നടുക. ഇലയുടെയും പൂവിന്റെയും അഗ്രം കരിയുന്നത് ചെടി വച്ചിരിക്കുന്നിടത്ത് വെയില്‍ അധികമാണെന്നതിന്റെ സൂചനയാണ്. പൂവിടുന്നത് കുറഞ്ഞാല്‍ തണല്‍ അധികമാണ് അല്ലെങ്കില്‍ ചെടിയില്‍ ഇലകള്‍ അധികമാണ് എന്നിതിന്റെ ലക്ഷണമാണ്.

ഇളം വെയില്‍

രാവിലെ ഇളം വെയില്‍ ലഭിക്കുന്നിടമാണ് മിനി ആന്തൂറിയത്തിന് അനുയോജ്യമായ ഇടം. ഉച്ചവെയില്‍ നേരിട്ട് അടിക്കുന്നിടത്ത് ഇല കരിയും. പൂക്കള്‍ക്ക് ആയുസ്സും കുറയും.

How to plant Mini Anthurium in house. health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ( വിഡിയോ)

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

'ശ്രീകൃഷ്ണ സങ്കൽപ്പം'; പിണറായി വിജയന്റെ ജയന്തി ആശംസയ്ക്ക് താഴെ ട്രോൾ മഴ; 'ആദ്യം തോന്നിയിരുന്നെങ്കിൽ മൂന്നാം പിണറായി സർക്കാരുണ്ടായേനെ' എന്ന് പരിഹാസം

പൈസയും ക്രെഡിറ്റ് സ്‌കോറും എങ്ങനെ മാനേജ് ചെയ്യാം? ശ്രീനാഥ് ഭാസിയുടെ 'ക്രെഡിറ്റ് സ്‌കോര്‍' ടീസര്‍

'ജീവ പെട്ടെന്ന് എല്ലാം മറന്നുപോകും, സ്പൈ ആക്കുകയാണെങ്കിൽ ആര്യയെ ആയിരിക്കും'; കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ