

ഇഷ്ടത്തോടെ വാങ്ങുന്ന പുതിയ വസ്ത്രങ്ങൾ അതേപോലെ ധരിച്ച് മനസുഖം അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ശീലം ചിലപ്പോൾ നമുക്ക് വിനയായെന്ന് വരാം. കഴുകിയാൽ പുതിയ വസ്ത്രത്തിൻ്റെ നിറം മങ്ങുമോ, പുതുമ നഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ചാണ് പലരും മെനക്കെടാത്തത്.
ഒരു ദീർഘദൂര യാത്ര കഴിഞ്ഞാണ് ഓരോ വസ്ത്രങ്ങളും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഫാക്ടറികളിൽ നിന്ന് ഗോഡൗണുകളിലേക്കും, ഷിപ്പിങ് കണ്ടെയ്നറുകളിൽ നിന്ന് ഷോറൂമുകളിലേക്കും അങ്ങനെ പല ഇടങ്ങളിലും പലരുടെയും കൈകളിലൂടെയാണ് ഇവ കടന്നു പോകുന്നത്. ഇതിനിടെ പൊടിയും അഴുക്കും അണുക്കളുമൊക്കെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചേക്കാം.
മാത്രമല്ല, ട്രയൽറൂമിൽ ചെന്ന് ആ വസ്ത്രം ഇട്ടുനേക്കുന്ന ആദ്യ വ്യക്തിയും നമ്മളായിരിക്കണമെന്ന് നിർബന്ധമില്ല. ഇതിന് മുമ്പ് പലരും ധരിച്ച് മാറ്റിവെച്ചതാകാം. കാണുമ്പോൾ പുത്തൻ ലുക്ക് തോന്നുമെങ്കിലും വിയർപ്പും പൊടിയുമൊക്കെ അതിൽ അടങ്ങിയിരിക്കാം.
വസ്ത്രനിർമ്മാണ സമയത്ത് നിറം നിലനിർത്താനും തുണിയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാനുമൊക്കെയായി ചില രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ വസ്ത്രത്തിൽ ശേഷിച്ചേക്കാം. ഇവ ചിലപ്പോൾ ചർമത്തിൽ അലർജി ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.
സെൻസിറ്റീവ് സ്‌കിൻ, എക്‌സിമ, അല്ലെങ്കിൽ അലർജിയൊക്കെ ഉള്ളവർ കഴുകാത്ത പുതുവസ്ത്രം ധരിക്കുമ്പോൾ അവരുടെ അസ്വസ്ഥതകൾ കൂടാനിടയുണ്ട്. ശരീരത്തോട് ചേർന്ന ഇറുകിയ വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, വർക്കൗട്ട് വെയർ എന്നിവ കഴുകി ധരിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. വളരെ മൃദുലമായ ചർമമായതിനാൽ കുട്ടികൾക്ക് വളരെ വേഗത്തിൽ ചർമപ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്.
ചില വസ്ത്രങ്ങൾക്ക് സോപ്പുപൊടി ഉപയോഗിച്ചുള്ള കഴുകലിലൂടെ കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. അത്തരം തുണിത്തരങ്ങൾക്ക് ഷാംപൂ വാഷാണ് നല്ലത്. ചില ജാക്കറ്റുകൾ, പാർട്ടി വെയർ എന്നിവ സോപ്പുപയോഗിച്ച് കഴുകുമ്പോൾ അവയുടെ രൂപഭംഗി നഷ്ടപ്പെട്ടേക്കാം.
അത്തരത്തിൽ ഡ്രൈ-ക്ലീൻ മാത്രം വേണ്ട വസ്ത്രങ്ങൾക്ക് പ്രത്യേക പരിചരണം നൽകുക. കഴുകാതെ ധരിക്കുമ്പോൾ, അല്പനേരം വെയിലത്ത് വിരിച്ചിട്ട് ഉണക്കുകയോ, ആദ്യം അകത്ത് മറ്റൊരു വസ്ത്രം ധരിച്ച ശേഷം പുതുവസ്ത്രം ധരിക്കുകയോ ചെയ്യാം. ചർമത്തിന്റെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് വസ്ത്രം ധരിക്കുന്നത് പുതിയൊരു ശീലമായി മാറട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates