കുത്തിവയ്പ്പിലൂടെ ഉപയോഗിക്കാവുന്ന ഹൈഡ്രോജൽ 
Health

സ്തനാർബുദ ചികിത്സയ്ക്കായി കുത്തിവയ്പ്പിലൂടെ ഉപയോഗിക്കാവുന്ന ഹൈഡ്രോജെൽ, നിര്‍ണായക കണ്ടെത്തലുമായി ഐഐടി

കാൻസർ ബാധയുള്ള പ്രദേശത്ത് കൃത്യമായി മരുന്ന് എത്തിക്കാൻ പുതിയതായി വികസിപ്പിച്ചെടുത്ത ഹൈഡ്രോജൽ സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കാൻസർ ചികിത്സരം​ഗത്ത് നിർണായക കണ്ടെത്തലുമായി ഐഐടി ​ഗുവാഹതി. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിന് കുത്തിവെയ്പ്പിലൂടെ ഉപയോ​ഗിക്കാവുന്ന ഹൈഡ്രോജെൽ ഐഐടി ​ഗവേഷകർ വികസിപ്പിച്ചു. ഇതിന് പാർശ്വഫലങ്ങള്‍ കുറവായിരിക്കുമെന്ന് മെറ്റീരിയല്‍ ഹോറിസോണ്‍സ് ജേണലിൽ പ്രദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളെയാണ് കാന്‍സര്‍ ബാധിക്കുന്നത്. കീമോതെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും കാൻസർ കോശങ്ങളെ അല്ലെങ്കിൽ ട്യൂമർ നീക്കം ചെയ്യുന്നതിന് പരിധികളുണ്ട്.

ശസ്ത്രക്രിയയിലൂടെ പലപ്പോഴും മുഴകള്‍ പൂർണമായും നീക്കം ചെയ്യാൻ സാധ്യമല്ല, പ്രത്യേകിച്ച് ആന്തരിക അവയവങ്ങളിൽ. കൂടാതെ കീമോതെറാപ്പിക്ക് പലപ്പോഴും ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇത് കാന്‍സര്‍ കോശങ്ങളെയും ആരോഗ്യകരമായ കോശങ്ങളെയും ഒരുപോലെ ബാധിക്കാം. ഈ വെല്ലുവിളികളെ മറികടക്കുന്നുകൊണ്ടാണ് ഹൈഡ്രോജെൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഐടി-ഗുവാഹതിയിലെ രസതന്ത്ര വിഭാഗം പ്രൊഫസർ ദേബപ്രതിം ദാസ് പറയുന്നു.

കാൻസർ ബാധയുള്ള പ്രദേശത്ത് കൃത്യമായി മരുന്ന് എത്തിക്കാൻ പുതിയതായി വികസിപ്പിച്ചെടുത്ത ഹൈഡ്രോജെൽ സഹായിക്കും. ഇവയുടെ സവിശേഷപ്പെട്ട ഘടന ജീവനുള്ള കലകളെ അനുകരിക്കുകയും ബയോമെഡിക്കൽ പ്രയോ​ഗങ്ങൾക്കായി അനുയോജ്യമാക്കുകയും ചെയ്യുന്നു. ദ്രാവകങ്ങളെ ആഗിരണം ചെയ്യാനും നിലനിര്‍ത്താനും കഴിയുന്ന തരത്തില്‍ ജലത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ത്രിമാന പോളിമര്‍ ശൃംഖലയുമാണ് ഹൈഡ്രോജെൽ. ഇത് കാൻസർ വിരുദ്ധ മരുന്നുകൾക്ക് സ്ഥിരതയുള്ള ഒരു റിസർവോയറായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അള്‍ട്രാ ഷോര്‍ട്ട് പെപ്‌റ്റൈഡുകള്‍, ബയോകോംപാറ്റിബിള്‍-ബയോഡീഗ്രേഡബിള്‍ ആയുള്ള പ്രോട്ടീൻ എന്നിവ കൊണ്ട് രൂപപ്പെടുത്തിയ ഹൈഡ്രോജെല്‍ ജൈവ ദ്രാവകങ്ങളില്‍ ലയിക്കില്ല. കാൻസർ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഗ്ലൂട്ടത്തയോണ്‍ എന്ന തന്മാത്രയോട് മാത്രമേ ഹൈഡ്രോജെൽ പ്രതികരിക്കൂ. ആരോഗ്യകരമായ കലകളോട് അതിന്റെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും വ്യവസ്ഥാപരമായ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ സ്തനാർബുദത്തിന്റെ ഒരു മ്യൂറൈൻ മോഡലിൽ ഹൈഡ്രോജൽ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായി ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കീമോതെറാപ്പി മരുന്നായ ഡോക്സോരുബിസിൻ നിറച്ച ഹൈഡ്രോജല്ലിന്റെ ഒരൊറ്റ കുത്തിവയ്പ്പിലൂടെ 18 ദിവസത്തിനുള്ളിൽ ട്യൂമറിന്റെ വലുപ്പത്തിൽ ഏകദേശം 75 ശതമാനം കുറഞ്ഞതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഹൈഡ്രോജൽ ട്യൂമർ പ്രദേശത്ത് മാത്രം പ്രവർത്തിക്കുന്നതിനാൽ മറ്റ് അവയവങ്ങളിൽ കണ്ടെത്താവുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ സൂക്ഷിക്കും. നൂതനമായ വിതരണ സംവിധാനം മരുന്നിന്റെ ഫലപ്രാപ്തി വർധിപ്പിക്കുകയും ആവശ്യമായ അളവ് കുറയ്ക്കുകയും അതുവഴി പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചെയ്യാം.

ഹൈഡ്രോജൽ കാൻസർ വിരുദ്ധ മരുന്ന് മെച്ചപ്പെട്ട രീതിയിൽ ആ​ഗിരണം ചെയ്യുകയും കോശ ചക്രം നിലനിർത്തുകയും ടാർ​ഗറ്റ് ചെയ്യപ്പെട്ട കാൻസർ കോശങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ വിലയിരുത്തി. ഒരൊറ്റ ഡോസ് കൊണ്ട് ട്യൂമറിന്റെ വലിപ്പം പരമാവധി കുറയ്ക്കാൻ കഴിയുന്നത് എങ്ങനെയെന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ദാസ് പറയുന്നു. സ്തനാർബുദത്തിന് അപ്പുറം മറ്റ് തരത്തിലുള്ള ട്യൂമറുകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT