ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള തീവ്ര വ്യായാമം പോലും നമ്മുടെ ആരോഗ്യത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തെളിയിക്കുകയാണ് ന്യൂകാസില്‍ സര്‍വകലാശാല ഗവേഷകരുടെ പുതിയ പഠനം. ഇന്ന് ഏറെ ഭയക്കുന്ന അർബുദത്തെ ചെറുക്കാൻ വ്യായാമത്തിനാകുമെന്ന് പഠനം കണ്ടെത്തി.
വെറും 10 മിനിറ്റ് ദൈർഘ്യമുള്ള തീവ്രമായ വ്യായാമം ആമാശയത്തിലെ അര്‍ബുദ വളര്‍ച്ച കുറയ്ക്കാനാകുമെന്നും കേട് വന്ന ഡിഎന്‍എകള്‍ ശരീരത്തിന് നന്നാക്കാനാകുമെന്നും ഇൻ്റർനാഷണൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വ്യായാമം ചെയ്യുന്നതിലൂടെ വ്യത്യസ്ത തരം പ്രോട്ടീനുകൾ രക്തപ്രവാഹത്തിലേക്ക് എത്തുന്നു. ഇവ ശരീര വീക്കം കുറയ്ക്കാനും രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മെറ്റബോളിസം ഉത്തേജിപ്പിക്കാനും സഹായിക്കുന്നതാണ്.
ഇവ ഡിഎൻഎ നന്നാക്കൽ പ്രവർത്തനക്ഷമമാക്കുകയും കാൻസർ വളർച്ചകളെ തടയുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. വ്യായാമത്തിന് ശേഷമുള്ള രക്തസാമ്പിളുകളിലേക്ക് ഗവേഷകര്‍ ആമാശയത്തിലെ അര്‍ബുദ കോശങ്ങളെ കടത്തിവിട്ടപ്പോൾ നൂറുകണക്കിന് കാൻസറുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രവർത്തനം മാറിയതായും ഗവേഷകർ നിരീക്ഷിച്ചു.
അര്‍ബുദ കോശങ്ങളെ വ്യായാമത്തിന് ശേഷമെടുത്ത രക്തവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ 1364 ജീനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായെന്നും ഗവേഷകർ പറയുന്നു. ഡിഎന്‍എ അറ്റകുറ്റപ്പണി, ഊര്‍ജ്ജവിനിയോഗം, അര്‍ബുദ കോശ വളര്‍ച്ച എന്നിവയില്‍ ഇടപെടുന്ന ജീനുകളാണ് ഇവ.
വ്യായാമവും മറ്റും ഉള്‍പ്പെടുന്ന സജീവ ജീവിതശൈലി പിന്തുടരുന്നവരില്‍ ആമാശയ കാന്‍സര്‍ പൊതുവേ കാണപ്പെടാത്തതിന് ഇതാണ് കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. വ്യായാമം ആരോഗ്യകരമായ കോശസംയുക്തങ്ങള്‍ക്ക് മാത്രമല്ല ഗുണം ചെയ്യുന്നതെന്നും അര്‍ബുദ കോശങ്ങളിലെ ആയിരക്കണക്കിന് ജീനുകളെ നേരിട്ട് സ്വാധീനിക്കുമെന്നും പഠനം പറയുന്നു.
വ്യായാമം കാൻസർ സാധ്യത എങ്ങനെ കുറയ്ക്കുന്നുവെന്ന് വിശദീകരിക്കാനും ചികിത്സയെ പുതിയ രീതിയിൽ രൂപപ്പെടുത്താനും ഈ പഠനം സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. 30 പേരാണ് പഠനത്തിൻ്റെ ഭാഗമായത്. 10-12 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന വ്യായാമ സെഷനുകള്‍ക്ക് മുന്‍പും പിന്‍പും പരീക്ഷണത്തില്‍ ഭാഗമായവരുടെ രക്തസാമ്പിള്‍ പരിശോധിച്ചു കൊണ്ടായിരുന്നു പഠനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates