തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്. കഴിഞ്ഞ കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അശാസ്ത്രീയ പ്രവണതകളാണ് കേരളത്തിന് തിരിച്ചടിയായത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളില്‍ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വര്‍ധന എന്നിവയാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നിതിനിടെ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക (2023 -24) ല്‍ ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ സൂചിക 80 പിന്നിടുമ്പോഴും നാലാം സ്ഥാനമാണ് ലഭിച്ചത്. ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചല്‍ പ്രദേശ് (83) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി. കേരളത്തിനൊപ്പം കര്‍ണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളില്‍ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളില്‍ 93 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി. 2018 മുതലാണ് കേരളത്തില്‍ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ല്‍ കേരളം പട്ടികയില്‍ ഒന്നാമതെത്തി. 2020-21 ല്‍ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കല്‍ തുടങ്ങിയ സൂചകങ്ങള്‍ ഉള്‍പ്പെടുക്കിയപ്പോള്‍ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു.
മാതൃമരണ അനുപാതം, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്‌ഐവി അണുബാധ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ പ്രവര്‍ത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.
9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയില്‍ കേരളം പിന്നോട്ടുപോയി. സംസ്ഥാനത്ത് 2023-24 സമയത്ത് വാക്‌സിനേഷന്‍ ശതമാനം 85.40 ആയി കുറഞ്ഞു. 2020-21 ല്‍ 92 ആയിരുന്ന വാക്‌സിനേഷന്‍ നിരക്കിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെ പ്രസവങ്ങള്‍ ശതമാനം 99.90 ല്‍ നിന്ന് 99.85 ആയി കുറഞ്ഞെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയതായി ഉള്‍പ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് നടത്തിയത്. ആത്മഹത്യ നിരക്ക് മുന്‍ കണക്കുകളേക്കാള്‍ ഉയര്‍ന്നു. 2020-21 സമയത്ത് 24.30 ആയിരുന്നു സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2023-24 പതിപ്പില്‍ ഇത് 28.50 ആയി ഉയർന്നു. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തില്‍ ആത്മഹത്യ നിരത്ത് ഇരട്ടിയിലധികം രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. ഒരു ലക്ഷം പേരില്‍ 12.10 ആണ് ഈ കണക്ക്. എന്നാല്‍ ഇതും ദേശീയ ശരാശരിയേക്കാള്‍ (12.4) ഉയര്‍ന്ന് നില്‍ക്കുന്നു.
സംസ്ഥാനത്ത് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവും കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 17 ശതമാനമാണ് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആത്മഹത്യനിരക്ക് ഉള്‍പ്പെടെയുള്ളവയില്‍ കേരളം നേരിട്ടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൗണ്‍സിലിങ് ഉള്‍പ്പെടെ മെച്ചപ്പെടുത്തേണ്ടുണ്ടെന്ന് ഡോ. എന്‍ എം അരുണ്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ പരിപാലന രംഗം മെച്ചപ്പെടുണം. ഒരു ആശുപത്രിയില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ക്രമീകരണം ഉണ്ടാകണം. വാക്‌സിനേഷന്‍, വീടുകളിലെ പ്രസവം എന്നിവ കുറയുന്നതില്‍ മതപരമായ വിശ്വാസങ്ങള്‍ക്ക് അപ്പുറത്ത് സോഷ്യല്‍ മീഡിയുടെ സ്വാധീനം ശക്തമാണെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates