വർഷങ്ങളായി ഒരേ പ്രഷർകുക്കർ തന്നെയാണോ ഉപയോഗിക്കുന്നത്? എങ്കിൽ നിങ്ങളുടെ ഭക്ഷണം വിഷമയമാകാൻ സാധ്യതയുണ്ട്. അതായത്, പഴയതും കേടുപാടുകൾ പറ്റിയതുമായ അലുമിനിയം കുക്കറുകൾ അസിഡിക് സ്വഭാവമുള്ള ഭക്ഷണവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലെഡ്, അലുമിനിയം പാർട്ടിക്കിളുകൾ ഈ ഭക്ഷണത്തിൽ അലിഞ്ഞു ചേരാൻ ഇടയാകും. ഇത് ലെഡ് ടോക്സിറ്റിക്ക് കാരണമാകാം. ഇത് അധികമാകുമ്പോൾ ന്യൂറൽ കാത്സ്യം ചാനലുകളെ തടസ്സപ്പെടുത്തുകയും ഇതുമൂലം തലച്ചോറിലെ സിഗ്നലുകൾ സാവധാനത്തിലാകുകയും ചെയ്യും.
അടുത്തിടെ മുംബൈയിൽ 20 വർഷമായി ഒരു കുക്കറിൽ തന്നെ വേവിച്ച ഭക്ഷണം കഴിച്ച 50-കാരൻ ലെഡ് ടോക്സിറ്റിയെ തുടർന്ന് ആരോഗ്യം ഗുരുതരമായ സംഭവം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. വലിയ അളവിൽ ലെഡ് അദ്ദേഹത്തിന്റെ രക്തത്തിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറയുന്നു. ഒരു ഡെസിലിറ്റർ രക്തത്തിൽ 22 മൈക്രോഗ്രാം ലെഡ് ആണുണ്ടായിരുന്നത്. പിന്നീട് ചെലേഷൻ തെറാപ്പിയിലൂടെയാണ് അദ്ദേഹത്തിന്‍റെ ശരീരത്തിൽ നിന്ന് ലെഡിന്‍റെ അംശം നീക്കം ചെയ്തത്.
രക്തത്തിൽ ഉയർന്ന അളവിൽ ലെഡിന്റെ അംശം കാണപ്പെടുന്നതാണ് ലെഡ് വിഷബാധ. ഭക്ഷണത്തിലൂടെയോ സ്പർശനത്തിലൂടെയോ ശ്വസനത്തിലൂടെയോ ലെഡ് ശരീരത്തിലെത്താം. തലച്ചോറ്, നാഡികൾ, രക്തം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങൾ തുടങ്ങി വിവിധ ശരീരഭാഗങ്ങളെ ലെഡ് ബാധിക്കാം. ലെഡുമായുള്ള ദീർഘകാല സമ്പർക്കം നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വിവിധ അവയവങ്ങളെയും തകരാറിലാക്കും. പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ ഉൾപ്പെടെയുളള തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾക്കും ദീർഘകാല ബൗദ്ധികപ്രശ്നങ്ങൾക്കും ലെഡ് പോയ്സണിങ്ങ് കാരണമാകും.
ലക്ഷണങ്ങൾ
തലവേദന, തളർച്ച, വിളർച്ച, കാലിലും കൈയിലും മരവിപ്പ്, പെരുമാറ്റത്തിൽ മാറ്റം, വയറുവേദന, ഛർദി, ക്ഷീണം, കാലുകൾക്കും കാൽപ്പാദങ്ങൾക്കും മരവിപ്പ്, ഹൈപ്പർ ആക്റ്റിവിറ്റി, ഛർദി, ലൈംഗികതയോടുള്ള വിരക്തി, പ്രത്യുത്പാദനശേഷിയില്ലായ്മ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ലെഡ് വിഷബാധയുടെ ലക്ഷണങ്ങളാണ്.
എത്ര നാൾ വരെ പ്രഷർ കുക്കർ ഉപയോഗിക്കാം
അഞ്ച് വർഷം വരെയാണ് ഒരു പ്രഷർ കുക്കർ ഉപയോഗിക്കാവുന്നത്. അതിനു ശേഷം പ്രഷർ കുക്കറിന് കേടുപാടുകൾ ഒന്നുമില്ലെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates