ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണെല്ലോ കരൾ. ശരീരത്തിനുള്ളിലെ ഏതാണ്ട് അഞ്ഞൂറിലധികം പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു അവയവം. ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിലും രക്തപ്രവാഹത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നതിനുമെല്ലാം കരളാണ് പ്രധാനി.
അതുകൊണ്ട് തന്നെ കരളിനെ ബാധിക്കുന്ന പ്രശ്നങ്ങൾ നമ്മുടെ ജീവൻ അപകടത്തിലാക്കാം. കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തത് വെല്ലുവിളിയാണ്. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പുറത്തുവരിക. കരൾ രോഗവുമായി ബന്ധപ്പെട്ട് കൈകളിൽ പ്രത്യക്ഷപ്പെടുന്ന ചില സൂചനകളുണ്ട്.
വിരലുകളുടെ അറ്റം വീര്‍ത്ത് നഖങ്ങള്‍ പുറത്തേക്ക് വളഞ്ഞ് നില്‍ക്കുന്ന അവസ്ഥയെ വിളിക്കുന്നത് നെയില്‍ ക്ലബിങ് എന്നാണ്. കണ്ടാല്‍ ഒരു സ്പൂണ്‍ കമഴ്ത്തി വച്ച പോലെയാകും നഖങ്ങളുടെ അവസ്ഥ. ഇത് ആദ്യം തള്ളവിരലിലും ചൂണ്ടുവിരലിലുമാകും പ്രത്യക്ഷപ്പെടുക.
കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണമാണിത്. കരൾവീക്കം മൂലം വിരലുകളിലേക്കുള്ള രക്തപ്രവാഹം വർധിക്കുകയും ഇവിടുത്തെ ധമനികളെ വികസിപ്പിക്കുന്നതുമാണ് നെയിൽ ക്ലബിങ്ങിന് കാരണമാകുന്നത്.
കൈത്തലം ചുവന്ന് തുടുക്കുന്നതും കരൾ വീക്കത്തിന്റെ ഒരു ലക്ഷണമാകാം. കൈകള്‍ക്ക് ചെറിയ ചൂടും അനുഭവപ്പെടാം. എന്നാല്‍ നീരോ, വേദനയോ, ചൊറിച്ചിലോ ഒന്നും ഇതിന്റെ ഭാഗമായി ഉണ്ടാകില്ല. കരള്‍ വീക്കം വന്നവരില്‍ 23 ശതമാനം പേര്‍ക്കും ചുവന്ന കൈത്തലങ്ങള്‍ കാണപ്പെടാമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ തവിട്ട്, കറുപ്പ് ചര്‍മനിറമുള്ളവരില്‍ ഈ ലക്ഷണം അത്ര പ്രകടമാകില്ല.
നഖത്തിന്റെ ഭൂരിഭാഗം പ്രദേശവും വെളുത്തിരിക്കുന്ന അവസ്ഥയാണ് ടെറി നെയില്‍സ്. കരള്‍വീക്കമുള്ളവരില്‍ 10ല്‍ എട്ട് പേര്‍ക്കും വെളുത്ത നഖം ഉണ്ടായിരിക്കുമെന്ന് കണ്ടെത്തിയ ഗവേഷകൻ റിച്ചാര്‍ഡ് ടെറിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
കൈകളിലെ ഈ മൂന്ന് ലക്ഷണങ്ങള്‍ക്ക് പുറമേ ചര്‍മത്തില്‍ എട്ട് കാലിയുടെ രൂപത്തിലുള്ള ചുവന്ന പാടുകള്‍, തൊലിപ്പുറത്തെ ചെറിയ ചുവന്ന പൊട്ടുകള്‍, ചര്‍മത്തിലും കണ്‍പോളകളിലും ചെറിയ മഞ്ഞ കൊഴുപ്പ് നിക്ഷേപങ്ങള്‍, എളുപ്പത്തിലുള്ള രക്തസ്രാവം തുടങ്ങിയവയും കരള്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.
ഇതിനൊപ്പം അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ലൈംഗിക താത്പര്യം നഷ്ടമാകല്‍, മഞ്ഞപിത്തം, ചര്‍മത്തില്‍ ചൊറിച്ചില്‍, ഛര്‍ദ്ദി, ഓക്കാനം, അടിവയറ്റില്‍ വേദന, വയറിലും കാലുകളിലും കണങ്കാലിലുമൊക്കെ നീര്, കൈ വിറയല്‍, കുഴഞ്ഞ സംഭാഷണം, ആശയക്കുഴപ്പം, രക്തം ഛര്‍ദ്ദിക്കല്‍, കറുത്ത നിറത്തിലുള്ള മലം എന്നിവയും കരള്‍ രോഗങ്ങളുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates