ആഗോളതലത്തിൽ, പ്രത്യേകിച്ച് അസുഖങ്ങൾ പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മലേറിയ ഇപ്പോഴും ഒരു വലിയ ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. ഇന്ത്യയിൽ ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയവ മലേറിയ എൻഡെമിക് മേഖലയായി പരിഗണിക്കപ്പെടുന്നു.
ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അവിടെ നിന്നുള്ള തൊഴിലാളികളുടെ വരവും കാരണം കേരളവും ഇന്ന് ഒരു റിസ്ക് സോണായി മാറിക്കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങളും ചികിത്സാ രംഗത്തെ പുരോഗതിയും ഉണ്ടായിട്ടും രോഗനിർണ്ണയത്തിലും ചികിത്സയിലുമുണ്ടാകുന്ന താമസം മൂലം ഇപ്പോഴും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായി ആദ്യനാളുകൾ ഏറ്റവും നിർണ്ണായകമാണെന്നാണ് ലോകാരോഗ്യ സംഘടനയടക്കമുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്.
ഈ കാലയളവ് രോഗബാധയുടെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്. തുടക്കത്തിൽ ലഘുവായ ലക്ഷണങ്ങൾ മാത്രമാണ് മലേറിയ പ്രകടിപ്പിക്കുകയെങ്കിലും, ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് അതിവേഗം ഗുരുതരാവസ്ഥയിലേക്ക് മാറിയേക്കാം.
അതിവേഗം പടരുന്ന രോഗാവസ്ഥ
മറ്റ് പല പകർച്ചവ്യാധികളിൽ നിന്നും വ്യത്യസ്തമായി മലേറിയ വളരെ വേഗത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. പനി, വിറയൽ, തലവേദന, ക്ഷീണം എന്നിവയെ സാധാരണ പനിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് പാരസൈറ്റ് രക്തത്തിൽ സജീവമായി പെരുകിക്കൊണ്ടിരിക്കും.
എന്താണ് ശരീരത്തിനുള്ളിൽ സംഭവിക്കുന്നത്?
കൊതുക് കടിയിലൂടെ രക്തത്തിലെത്തുന്ന പ്ലാസ്മോഡിയം (Plasmodium) പാരസൈറ്റുകൾ ആദ്യം കരളിലെത്തി അവിടെ വച്ച് പെരുകുന്നു. പിന്നീട് അവ വീണ്ടും രക്തപ്രവാഹത്തിലെത്തി ചുവന്ന രക്താണുക്കളെ നശിപ്പിക്കാൻ തുടങ്ങുന്നു. ഇത് അനീമിയയ്ക്കും രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി അവയവങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കാനും കാരണമാകുന്നു. രോഗം തിരിച്ചറിയാതെ പോകുന്ന സാഹചര്യത്തിൽ സമൂഹത്തിനുള്ളിൽ രോഗവ്യാപന സാധ്യതയും ഉയരും.
മിക്സഡ് ഇൻഫെക്ഷനും കോ-ഇൻഫെക്ഷനും
ചില സാഹചര്യങ്ങളിൽ ഒരേ സമയം ഒന്നിലധികം പ്ലാസ്മോഡിയം സ്പീഷീസുകൾ ബാധിക്കുന്ന മിക്സഡ് മലേറിയ ഇൻഫെക്ഷൻ ഉണ്ടാകാം. ഇത് രോഗലക്ഷണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചികിത്സയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, ടൈഫോയിഡ് പോലുള്ള മറ്റ് പകർച്ചവ്യാധികളോടൊപ്പം കോ-ഇൻഫെക്ഷൻ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ രോഗനിർണ്ണയം വൈകിയാൽ രോഗാവസ്ഥ വേഗത്തിൽ മോശമാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യവും വേഗത്തിലുള്ള പരിശോധന അത്യാവശ്യമാണ്.
വൈകിയുള്ള രോഗനിർണ്ണയം; അപകടങ്ങൾ
സെറിബ്രൽ മലേറിയ : തലച്ചോറിനെ ബാധിക്കുന്ന ഈ അവസ്ഥ അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകും.
അവയവങ്ങളുടെ തകരാർ: കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാം.
രോഗവ്യാപനം: കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത രോഗിയിൽ നിന്ന് കൊതുകുകൾ വഴി മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടും.
സ്വയം ചികിത്സ ഒഴിവാക്കി രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം :
കൃത്യമായ രോഗനിർണ്ണയം: മൈക്രോസ്കോപ്പി (Peripheral Smear), റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) വഴി കൃത്യമായി കണ്ടെത്താം.
ഫലപ്രദമായ ചികിത്സ: 'അർട്ടെമിസിനിൻ' (Artemisinin) അധിഷ്ഠിത മരുന്നുകൾ ഉടൻ ആരംഭിക്കാം.
നിരീക്ഷണം: ബോധക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉടൻ കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും.
അപകടസാധ്യതയുള്ളവർ ശ്രദ്ധിക്കുക:
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ
ഗർഭിണികൾ
പ്രായമായവർ
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
ആധുനിക കാലത്ത് മലേറിയ കണ്ടെത്താൻ മിനിറ്റുകൾ മാത്രം മതി. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) ഇന്ന് എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. മൈക്രോസ്കോപ്പി പരിശോധനയിലൂടെ പരാന്നഭോജിയുടെ തീവ്രത അളക്കാനും സാധിക്കും. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ അർട്ടെമിസിനിൻ- ബേസ്ഡ് കോമ്പിനേഷൻ തെറാപിസ് (ACT) ചികിത്സയിലൂടെ പാരസൈറ്റുകളെ രക്തത്തിൽ നിന്ന് വേഗത്തിൽ നീക്കം ചെയ്യാം. ഇത് മരണസാധ്യത ഗണ്യമായി കുറയ്ക്കുകയും രോഗി വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മലേറിയ നിയന്ത്രിക്കുന്നതിനായി പ്രാദേശിക പരിശോധനാ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരും ഇന്ന് സജീവമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കാലാവസ്ഥാ നിരീക്ഷണം എന്നിവ ഉപയോഗിച്ച് മലേറിയ പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കിയാൽ മലേറിയയെ പൂർണ്ണമായും സുഖപ്പെടുത്താം. വൈകിയുള്ള ചികിത്സ ജീവന് തന്നെ ഭീഷണിയാകാം.
തയ്യാറാക്കിയത്: ഡോ. ആശിഷ് പി കൃഷ്ണൻ, അസ്സോസിയേറ്റ് കൺസൽട്ടൻറ് ഇന്റെർണൽ മെഡിസിൻ, ആസ്റ്റർ മിംസ് കണ്ണൂർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates