ഒരു ദിവസം ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യവും മാനസികാവസ്ഥയുമൊക്കെ എങ്ങനെ മാറുമെന്ന് അനുഭവിച്ചവർക്കറിയാം. 20 ദിവസമായി ഡൽഹിയിൽ നിരാഹാരം സമയം നയിക്കുന്ന സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥ കഠിനമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ഡോ. മനോജ് വെള്ളനാട് ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു. ദീർഘനാളുകൾ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജലഭ്യത നിലയ്ക്കുമ്പോൾ ശരീരം അത് എങ്ങനെയാണ് മാനേജ് ചെയ്യുകയെന്നും കുറിപ്പിൽ അദ്ദേഹം വിശദീകരിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 20 ദിവസം പിന്നിടുന്നു. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ അദ്ദേഹം ഉയർത്തിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ മൗനം തുടരുകയാണ്.
ഡോ. മനോജ് വെള്ളനാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം 20 ദിവസം കടക്കുന്നു. ഒരു വ്യക്തി ഇരുപത് ദിവസത്തോളം തുടർച്ചയായി ജലപാനമില്ലാതെയോ (അല്ലെങ്കിൽ വെറും വെള്ളം മാത്രം കുടിച്ചോ) നിരാഹാരം അനുഷ്ഠിക്കുമ്പോൾ മനുഷ്യ ശരീരം അതിജീവനത്തിനായി കഠിനമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു ദിവസം ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ നമ്മുടെ ശരീരം, മൂഡ് ഒക്കെ എങ്ങനെ മാറുമെന്ന് അനുഭവിച്ചവർക്കറിയാം. അപ്പോൾ 20 ദിവസം എന്നത് അതികഠിനം എന്ന് പറയാതെ വയ്യ.
ഇങ്ങനെ ദീർഘനാൾ ആഹാരത്തിലൂടെയുള്ള ഊർജ്ജ ലഭ്യത നിലയ്ക്കുമ്പോൾ ശരീരം അതെങ്ങനെ മാനേജ് ചെയ്യും? ഇരുപത് ദിവസത്തെ നിരാഹാരം ശരീരത്തെ എങ്ങനെയാണ് ഘട്ടം ഘട്ടമായി ബാധിക്കുന്നതെന്ന് നോക്കാം.
ആദ്യത്തെ 24 മുതൽ 48 മണിക്കൂർ വരെ (ഗ്ലൂക്കോസ് തീരുന്ന അവസ്ഥ)
സാധാരണയായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് ആണ് ശരീരത്തിന് ഊർജ്ജം നൽകുന്നത്. ഭക്ഷണം നിലച്ച് ഏതാനും മണിക്കൂറുകൾക്കകം തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. ഈ അവസ്ഥയിൽ കരൾ, പേശികൾ എന്നിവയിൽ സംഭരിച്ചു വെച്ചിരിക്കുന്ന 'ഗ്ലൈക്കോജൻ' ശരീരം ഊർജ്ജത്തിനായി മാറ്റിയെടുക്കുന്നു. ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റിയാണ് ഇത് ചെയ്യുന്നത്. ഇത് പരമാവധി ഒരു ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. ഈ സമയത്ത് കഠിനമായ വിശപ്പ്, തലകറക്കം, തലവേദന, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്ക തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാവും. കാരണം തലച്ചോറിൻ്റെ പ്രധാന ഇന്ധനം ഗ്ലൂക്കോസാണ്.
3 മുതൽ 7 ദിവസം വരെ (കൊഴുപ്പ് എരിയുന്ന ഘട്ടം - Ketosis)
ഗ്ലൈക്കോജൻ പൂർണ്ണമായും തീരുന്നതോടെ ശരീരം സംഭരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിച്ച് ഊർജ്ജമാക്കാൻ തുടങ്ങുന്നു. ഈ പ്രക്രിയയെ 'കീറ്റോസിസ്' എന്ന് വിളിക്കുന്നു. ഗ്ലൂക്കോസ് കിട്ടാത്തപ്പോൾ കൊഴുപ്പ് ഉരുകുമ്പോൾ ഉണ്ടാകുന്ന കീറ്റോൺ ബോഡികളെയാണ് തലച്ചോറ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ സമയത്ത് വിശപ്പ് കുറച്ചൊന്ന് ശമിച്ചതായി തോന്നും, കാരണം കീറ്റോണുകൾ വിശപ്പ് കുറയ്ക്കും. എന്നാൽ കടുത്ത ക്ഷീണം, വായിൽ നിന്ന് ഒരു പ്രത്യേക തരം ഗന്ധം (Acetone breath), കടുത്ത പേശി വേദന എന്നിവ അനുഭവപ്പെടാം.
8 മുതൽ 14 ദിവസം വരെ (പേശികളുടെ നാശം)
കൊഴുപ്പ് കൂടി അലിഞ്ഞു തീരുന്നതോടെ ശരീരം ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായ അവയവങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കും. ഇതിനായി ശരീരത്തിലെ പ്രോട്ടീനുകളെ (അതായത് പേശികളെ) അത് തകർക്കാൻ തുടങ്ങുന്നു. പ്രോട്ടീനാണ് ശരീരത്തിലെ സകലമാന സംഗതികളും ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തു. പ്രോട്ടീൻ നഷ്ടപ്പെടുന്നതോടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം പൂർണ്ണമായും തകരാറിലാകുന്നു. അപ്പോൾ ചെറിയ അണുബാധകൾ പോലും മാരകമാകാം. ഈ സമയത്ത് കഠിനമായ ശരീരഭാരം കുറയൽ, എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത വിധം പേശികളുടെ ബലഹീനത, രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ താഴുക, ഹൃദയമിടിപ്പിന്റെ വേഗത കുറയുക തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാവും.
15 മുതൽ 20 ദിവസവും അതിനുമുകളിലും (Organ Failure)
ഇരുപത് ദിവസത്തോട് അടുക്കുമ്പോൾ ശരീരം അതിന്റെ അന്തിമ അതിജീവന ഘട്ടത്തിലാണ്. ഇന്ധനമില്ലാത്ത അവസ്ഥയിൽ ഹൃദയം, വൃക്കകൾ, കരൾ എന്നിവയുടെ കോശങ്ങളെ ശരീരം സ്വയം നശിപ്പിച്ച് ഊർജ്ജമാക്കുന്നു. ഇത് അവയവങ്ങളുടെ പ്രവർത്തനം പതുക്കെയാക്കുന്നു. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് തകിടം മറിയുന്നു. ഇത് ഹൃദയത്തിന്റെ താളം തെറ്റാൻ കാരണമാകും. വിറ്റാമിൻ, പ്രത്യേകിച്ച് വിറ്റാമിൻ B1 (Thiamine) ഇല്ലാതാകുന്നത് നാഡീവ്യൂഹത്തെയും തലച്ചോറിനെയും പിന്നെയും ഗുരുതരമായി ബാധിക്കുന്നു. ഇപ്പോൾ കടുത്ത കോച്ചിപ്പിടുത്തം, കാഴ്ച മങ്ങൽ, ഓർമ്മക്കുറവ്, അബോധാവസ്ഥ, മലമൂത്രവിസർജ്ജനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടൽ തുടങ്ങി പല അവസ്ഥകളും ഉണ്ടാവാം.
20 ദിവസത്തിൽ കൂടുതൽ നിരാഹാരം നീണ്ടുപോയാൽ ഹൃദയസ്തംഭനം മൂലമോ, ആന്തരിക അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നതു മൂലമോ മരണം വരെ സംഭവിക്കാം. കൃത്യമായ വൈദ്യസഹായവും (വെള്ളത്തോടൊപ്പം ഒആർഎസ് അല്ലെങ്കിൽ ഗ്ലൂക്കോസ് അടങ്ങിയ ദ്രാവകങ്ങൾ) നൽകിയില്ലെങ്കിൽ ഈ ഘട്ടത്തിൽ സംഭവിക്കുന്ന ആന്തരിക തകരാറുകൾ പലപ്പോഴും പിന്നീട് മാറ്റിയെടുക്കാൻ കഴിയാത്ത വിധം ഗുരുതരമായിരിക്കും.
എന്നാൽ നീണ്ട നിരാഹാരത്തിന് ശേഷം പെട്ടെന്ന് ഭക്ഷണം നൽകുമ്പോൾ 'റീഫീഡിംഗ് സിൻഡ്രോം' (Refeeding Syndrome) എന്ന മാരകമായ അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് തടയാൻ ഗ്ലൂക്കോസ് നൽകുന്നതിന് തൊട്ടുമുൻപായി വിറ്റാമിൻ ബി1 ഇൻജക്ഷൻ നൽകണം. ഇല്ലെങ്കിൽ ആ ഭക്ഷണം തന്നെ മരണകാരണമാവാം. മനുഷ്യശരീരത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും? ഇത് ഈ സമയത്ത് പലർക്കും തോന്നാവുന്ന ഒരു സംശയമാണ്.
അത് ആ വ്യക്തിയുടെ ആരോഗ്യം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, ചുറ്റുപാടുമുള്ള കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും. പൊതുവെ മെഡിക്കൽ സയൻസിൽ ഇതിനെ "റൂൾ ഓഫ് ത്രീ" (Rule of Threes) എന്ന ലളിതമായ തത്വം വെച്ചാണ് വിശദീകരിക്കാറുള്ളത്. വായുവില്ലാതെ 3 മിനിട്ട്, വെള്ളമില്ലാതെ 3 ദിവസം, ഭക്ഷണമില്ലാതെ 3 ആഴ്ച അങ്ങനെ.
ഒരു മനുഷ്യന് ശുദ്ധമായ വെള്ളം ലഭിക്കുകയാണെങ്കിൽ 3 ആഴ്ച മുതൽ 8 ആഴ്ച വരെ (ഏകദേശം 21 മുതൽ 60 ദിവസം വരെ) ജീവൻ നിലനിർത്താൻ സാധിക്കും. എന്നാൽ ഭക്ഷണവും ഒപ്പം ഒരിറ്റു വെള്ളവും ലഭിച്ചില്ലെങ്കിൽ മനുഷ്യന് പരമാവധി 3 മുതൽ 7 ദിവസം വരെ മാത്രമേ ജീവനോടെയിരിക്കാൻ സാധിക്കൂ.
നമ്മുടെ മനുഷ്യശരീരത്തിന്റെ 60 ശതമാനവും വെള്ളമാണ്. കോശങ്ങളുടെ പ്രവർത്തനം, രക്തചംക്രമണം, മാലിന്യങ്ങൾ പുറന്തള്ളൽ എന്നിവയ്‌ക്കെല്ലാം വെള്ളം അത്യാവശ്യമാണ്. വെള്ളം കുടിക്കാതിരുന്നാൽ ശരീരം അതിവേഗം നിർജ്ജലീകരണത്തിലേക്ക് നീങ്ങുകയും, വൃക്കകൾ പ്രവർത്തനരഹിതമാവുകയും ചെയ്യും. കഠിനമായ ചൂടുള്ള കാലാവസ്ഥയാണെങ്കിൽ 2-3 ദിവസത്തിനുള്ളിൽ തന്നെ മരണം സംഭവിച്ചേക്കാം.
സോനം വാങ്ചുക്ക് ഒരു അസാധാരണ മനുഷ്യനാണ്. പോരാളിയാണ്. അദ്ദേഹം ജീവിച്ചിരിക്കേണ്ടത് ആവശ്യമാണ്. അദ്ദേഹം ജീവൻ പോലും നൽകി ഈ സമരം ചെയ്യുന്നത് ഇന്ത്യയിലെ വരും തലമുറയിലെ ഓരോ മനുഷ്യനും വേണ്ടിയാണ്. അത് മനസിലാവുന്നവർ പക്ഷെ നാട്ടിൽ എണ്ണത്തിൽ കുറവാണെന്നതാണ് യാഥാർത്ഥ്യം. ഇതെഴുതുമ്പോഴും വലിയ സങ്കടം തോന്നുന്നുണ്ട്, നമ്മുടെ നിസഹായത ഓർത്ത്, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ തുടരാൻ പോകുന്ന ഇതേ നിസംഗത ഓർത്ത് ഒക്കെ. വല്ലാത്ത സങ്കടം.
മനോജ് വെള്ളനാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates