Face cream health risk Pinterest
Health

ഫെയർനെസ് ക്രീം 'പണി' തന്നു; 17കാരിക്ക് ഗുരുതര വൃക്കരോഗം, നിങ്ങളുടെ ക്രീമിലും മെർക്കുറിയുണ്ടോ?

ക്രീമില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മെര്‍ക്കുറിയാണ് വില്ലന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സുന്ദരമായ ചര്‍മം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല, എന്നാല്‍ അതിന് നല്‍കേണ്ടി വരുന്ന വില ചിലപ്പോള്‍ നമ്മുടെ ആരോഗ്യത്തെ തന്നെ ഇല്ലാതാക്കാം. അത്തരം ഒരു സംഭവമാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ചര്‍മസംരക്ഷണത്തിനായി ഉപയോഗിച്ച ഫേയ്‌സ് ക്രീം കാരണം 17കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചു.

ക്രീമില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മെര്‍ക്കുറിയാണ് വില്ലന്‍. ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെണ്‍കുട്ടിയില്‍ സ്ഥിരീകരിച്ചത്. ഇത് കേന്ദ്രനാഡീവ്യവസ്ഥയെയും ബാധിക്കും. ക്ഷീണം, വിറയല്‍, ഓർമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഒരു വര്‍ഷത്തോളം പെണ്‍കുട്ടി ഈ ക്രീം ഉപയോഗിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

പെട്ടെന്ന് ചർമം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ചില ക്രീമുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടകാരിയായ ഘടകമാണ് മെർക്കുറി. ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ലോഹമാണ് ഇത്. ചർമത്തിലൂടെ ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഇത് ദീർഘകാലം ഉപയോഗിക്കുന്നതിലൂടെ വൃക്ക, നാഡീവ്യൂഹം, തലച്ചോറ് തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കാം.

സൗന്ദര്യവർധക ഉൽപന്നങ്ങളിൽ മെർക്കുറി ഉപയോഗിക്കുന്നത് പ്രധാനമായും ചർമത്തിലെ മെലാനിൻ ഉൽപാദനം കുറയ്ക്കുന്നതിനും അതിലൂടെ ചർമം വെളുപ്പിക്കുന്നതിനുമാണ്. എന്നാൽ താൽക്കാലികമായി നിറം മാറുന്നതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാകാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, മെർക്കുറി അടങ്ങിയ ചർമം വെളുപ്പിക്കുന്ന ഉൽപന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. പല രാജ്യങ്ങളിലും ഇത്തരം ഉൽപന്നങ്ങൾക്ക് നിരോധനമുണ്ട്.

മെർക്കുറി എങ്ങനെ ആന്തരികാവയവങ്ങളെ ബാധിക്കും

വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം

മെർക്കുറി ശരീരത്തിലെത്തിയാൽ വൃക്കകളിൽ വിഷാംശം അടിഞ്ഞുകൂടാനും അവയുടെ പ്രവർത്തനത്തെ തകരാറിലാക്കാനും സാധ്യതയുണ്ട്. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നതു മുതൽ ഗുരുതരമായ വൃക്കരോഗങ്ങൾ വരെ ഉണ്ടാകാം.

നാഡീവ്യൂഹത്തെ ബാധിക്കുന്നു

മെർക്കുറിയുടെ വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചേക്കാം. കൈകാലുകളിൽ മരവിപ്പ്, തരിപ്പ്, വിറയൽ, തലവേദന, ഓർമക്കുറവ്, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം.

ചർമപ്രശ്നങ്ങൾ ഉണ്ടാകാം

മെർക്കുറി അടങ്ങിയ ക്രീമുകളുടെ ഉപയോഗം ചർമത്തിൽ ചൊറിച്ചിൽ, തിണർപ്പ്, നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ചിലരിൽ ചർമത്തിന്റെ സ്വാഭാവിക സംരക്ഷണശേഷിയെയും ബാധിച്ചേക്കാം.

മാനസികാരോഗ്യത്തെയും ബാധിക്കാം

മെർക്കുറിയുടെ വിഷബാധയുമായി ബന്ധപ്പെട്ട് മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അസ്വസ്ഥത, വിഷാദം, ഓർമപ്രശ്നങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗർഭസ്ഥ ശിശുവിന് അപകടം

ഗർഭിണികളിൽ മെർക്കുറി സമ്പർക്കം പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ചില രൂപത്തിലുള്ള മെർക്കുറി ഗർഭസ്ഥ ശിശുവിൻ്റെ തലച്ചോറിൻ്റെയും നാഡീവ്യൂഹത്തിൻ്റെയും വളർച്ചയെ ബാധിക്കാം. ചെറിയ കുട്ടികൾക്കും മെർക്കുറിയുടെ വിഷാംശത്തോട് കൂടുതൽ സംവേദനക്ഷമതയുണ്ട്.

ക്രീമിൽ മെർക്കുറി ഉണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

ക്രീമിൻ്റെ പാക്കറ്റിലെ ചേരുവകളുടെ പട്ടിക (Ingredients) ശ്രദ്ധാപൂർവം പരിശോധിക്കണം. മെർക്കുറി എല്ലായ്പ്പോഴും Mercury എന്ന പേരിൽ മാത്രമാകണമെന്നില്ല. താഴെ പറയുന്ന പേരുകളിലും ഇത് രേഖപ്പെടുത്തിയേക്കാം.

- Mercury

- Mercurous chloride

- Calomel

- Mercuric

- Mercurio

- Hg

ഇത്തരം ചേരുവകൾ രേഖപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കരുത്. ചില ഉൽപന്നങ്ങളിൽ മെർക്കുറിയുടെ സാന്നിധ്യം ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണമെന്നില്ല. അതിനാൽ ചേരുവകളുടെ പട്ടികയില്ലാത്തതോ വ്യക്തമായ വിവരങ്ങൾ നൽകാത്തതോ ആയ ക്രീമുകൾ വാങ്ങുന്നതും ഒഴിവാക്കണം.

Mercury in Fairness Creams: Hidden Health Risks You Should Know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ ദിനം കൊണ്ട് 5100 ജീവനക്കാര്‍ കോടിപതികള്‍, ജാക്ക്‌പോട്ട് സമ്മാനിച്ച് ആന്ത്രോപിക്; ചരിത്രം കുറിച്ച് ഐപിഒ

'ഗവര്‍ണര്‍ക്ക് പെന്‍ഷന്‍ ഇല്ലല്ലോ..'; വീണ്ടും വക്കീല്‍ കോട്ടിട്ട് പി എസ് ശ്രീധരന്‍ പിള്ള

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ

ഭക്തിയും പ്രണയവും ചേർന്ന 'ഗുരുവായൂർ അരങ്ങേറ്റം', ടൈറ്റിൽ ലുക്ക് പുറത്ത്; വിതരണത്തിനെത്തിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

'ഭാര്യ കരയുകയായിരുന്നു; പിന്തുണയുമായി ആദ്യം എത്തിയത് ഗംഭീര്‍'; ഡ്രസിങ് റൂം വിവാദത്തില്‍ മനസ്സ് തുറന്ന് സര്‍ഫറാസ്