വേനൽകാലത്ത് ഉണ്ടായ കനത്ത ചൂടിനെ തടയാൻ മിക്ക വീടുകളിലും എയർ കണ്ടീഷണർ (AC) സ്ഥാപിച്ചിരുന്നു. ഇപ്പോൾ വെയിൽ മാറി മൺസൂൺ എത്തി. മഴക്കാലത്ത് വീടിനുള്ളിലെ ഉപകരണങ്ങൾക്കൊപ്പം എയർ കണ്ടീഷണറിന്റെ സുരക്ഷയും ശ്രദ്ധിക്കണം. പ്രത്യേകിച്ച് വീടിന് പുറത്തുള്ള ഔട്ട്ഡോർ യൂണിറ്റ് മഴയും വെള്ളക്കെട്ടും ഈർപ്പവും നേരിടാൻ സാധ്യതയുള്ളതിനാൽ ശരിയായ പരിചരണം ആവശ്യമാണ്.
സാധാരണ മഴ നനയുന്നതുകൊണ്ട് മാത്രം എസി കേടാകണമെന്നില്ല. എ സിയുടെ ഔട്ട്ഡോർ യൂണിറ്റുകൾ മഴയെ നേരിടാൻ രൂപകൽപ്പന ചെയ്തവയാണ്. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നതും തെറ്റായ രീതിയിൽ മൂടുന്നതും വൈദ്യുതിബന്ധത്തിലെ തകരാറുകളും പ്രശ്നങ്ങളുണ്ടാക്കാം. മഴക്കാലത്ത് എ സി സംരക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം.
1.ഔട്ട്ഡോർ യൂണിറ്റിന് ചുറ്റും വെള്ളം കെട്ടിനിൽക്കരുത്
എസിയുടെ പുറം യൂണിറ്റ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് മഴവെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ യൂണിറ്റ് സുരക്ഷിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ടെക്നീഷ്യന്റെ സഹായം തേടാം.
2. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പൂർണമായി മൂടരുത്
മഴ നനയാതിരിക്കാൻ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് പ്ലാസ്റ്റിക് ഷീറ്റോ ടാർപോളിനോ ഉപയോഗിച്ച് പൂർണമായി മൂടുന്നത് ഒഴിവാക്കണം. ഇത് വായുസഞ്ചാരം തടസ്സപ്പെടുത്തുകയും യൂണിറ്റ് പ്രവർത്തിപ്പിക്കുമ്പോൾ അമിതമായി ചൂടാകാൻ കാരണമാവുകയും ചെയ്യാം. മഴയിൽനിന്ന് അധിക സംരക്ഷണം ആവശ്യമെങ്കിൽ കമ്പനി നിർദേശിക്കുന്ന രീതിയിലുള്ള കവർ അല്ലെങ്കിൽ ഷെൽട്ടർ മാത്രം ഉപയോഗിക്കുക.
3. വൈദ്യുതിബന്ധങ്ങൾ പരിശോധിക്കുക
കനത്ത മഴയിലും ഇടിമിന്നലിലും വൈദ്യുതിബന്ധങ്ങളിൽ തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറുകൾ പൊട്ടിയിട്ടുണ്ടോ, പ്ലഗ് പോയിന്റുകളിൽ ഈർപ്പമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. നനഞ്ഞ കൈകൊണ്ട് സ്വിച്ചുകളോ വൈദ്യുത ഉപകരണങ്ങളോ കൈകാര്യം ചെയ്യരുത്. വൈദ്യുതി തകരാർ സംശയിക്കുന്നുവെങ്കിൽ എസി ഓഫ് ചെയ്ത് ടെക്നിഷ്യന്റെ സഹായം തേടുക.
4. ഡ്രെയിനേജ് പൈപ്പ് പരിശോധിക്കുക
എസിയിൽനിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്ന ഡ്രെയിനേജ് പൈപ്പ് തടസ്സപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. പൈപ്പിൽ തടസ്സമുണ്ടായാൽ വെള്ളം വീടിനുള്ളിലേക്ക് ചോർന്നേക്കാം. ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹരിക്കുക.
5. ഇടിമിന്നലുള്ളപ്പോൾ പ്രത്യേക ശ്രദ്ധ വേണം
ശക്തമായ ഇടിമിന്നലുണ്ടാകുമ്പോൾ എസി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതമായ മുൻകരുതൽ. ഉപകരണം ഓഫ് ചെയ്യേണ്ടിവന്നാൽ സുരക്ഷിതമായി ചെയ്യുക. വൈദ്യുതിബന്ധങ്ങൾ നനഞ്ഞിരിക്കുമ്പോൾ നേരിട്ട് കൈകാര്യം ചെയ്യരുത്.
സാധാരണ മഴയിൽ ഔട്ട്ഡോർ യൂണിറ്റ് നനയുന്നത് സ്വാഭാവികമാണ്. അതിനെ പൂർണമായി മൂടുന്നതിനേക്കാൾ വെള്ളക്കെട്ട് ഒഴിവാക്കുക, വായുസഞ്ചാരം ഉറപ്പാക്കുക, വൈദ്യുതിബന്ധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates