ഇന്ന് നമ്മുടെ നാട്ടിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ ഘടന. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രായമായവരുള്ള (60 വയസ്സിന് മുകളിൽ) സംസ്ഥാനം നമ്മുടെ കേരളമാണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ വലിയൊരു പങ്ക് മുതിർന്ന പൗരന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, വാർധക്യകാല ആരോഗ്യ പരിചരണത്തിൽ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിഷയമാണ് 'പോളിഫാർമസി'.
പ്രായം കൂടുമ്പോൾ സ്വാഭാവികമായും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ ഒരേസമയം കണ്ടേക്കാം. ഇതിനായി വ്യത്യസ്ത ഡോക്ടർമാരെ കാണുകയും, തൽഫലമായി ഒരാൾ ഒരേസമയം അഞ്ചോ അതിലധികമോ മരുന്നുകൾ സ്ഥിരമായി കഴിക്കേണ്ടി വരുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ 'പോളിഫാർമസി' എന്ന് വിളിക്കുന്നത്. ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നതുപോലെ, ശരിയായ മേൽനോട്ടമില്ലാത്ത മരുന്നുപയോഗം മുതിർന്നവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
പ്രായം കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തിൽ ചില മാറ്റങ്ങൾ വരുന്നു. പ്രത്യേകിച്ച് മരുന്നുകളെ സംസ്കരിക്കുന്ന കരളിന്റെയും, അവ പുറന്തള്ളുന്ന വൃക്കകളുടെയും പ്രവർത്തന ശേഷി പതുക്കെ കുറയാം. ഈ സാഹചര്യത്തിൽ അമിതമായി മരുന്നുകൾ കഴിക്കുന്നത് താഴെ പറയുന്ന ബുദ്ധിമുട്ടുകളിലേക്ക് നയിക്കാം:
മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം: ഒരു രോഗത്തിന് കഴിക്കുന്ന മരുന്ന് മറ്റൊരു രോഗത്തിന്റെ മരുന്നിന്റെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കുകയോ, അല്ലെങ്കിൽ ശരീരത്തിൽ വിഷാംശം ഉണ്ടാക്കുകയോ ചെയ്യാം.
വീഴ്ചകൾക്കുള്ള സാധ്യത: ചില മരുന്നുകളുടെ അമിത ഉപയോഗം തലകറക്കം, രക്തസമ്മർദ്ദം പെട്ടെന്ന് താഴുക, മയക്കം എന്നിവയ്ക്ക് കാരണമാകാം. ഇത് മുതിർന്നവർ പെട്ടെന്ന് വീഴാനും ഇടുപ്പെല്ല് പൊട്ടുന്നത് പോലുള്ള വലിയ അപകടങ്ങളിലേക്കും നയിക്കുന്നു.
മറവിയും ആശയക്കുഴപ്പവും: ആവശ്യമില്ലാത്തതോ തെറ്റായ അളവിലോ കഴിക്കുന്ന മരുന്നുകൾ മുതിർന്നവരിൽ പെട്ടെന്ന് മാനസികമായ ആശയക്കുഴപ്പവും താൽക്കാലികമായ മറവിയും ഉണ്ടാക്കാം. പലപ്പോഴും ഇത് അൽഷിമേഴ്സ് ആണെന്ന് വീട്ടുകാർ തെറ്റിദ്ധരിക്കാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മരുന്നുകൾ പൂർണ്ണമായി നിർത്തുകയല്ല വേണ്ടത്, മറിച്ച് അവ കൃത്യമായ മേൽനോട്ടത്തോടെ ക്രമീകരിക്കുകയാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശീലമാക്കാം:
നിങ്ങൾ കഴിക്കുന്ന എല്ലാ മരുന്നുകളുടെയും (ഇംഗ്ലീഷ് മരുന്നുകൾ, ആയുർവേദം, ഹോമിയോപ്പതി, വൈറ്റമിൻ ഗുളികകൾ എന്നിവയുൾപ്പെടെ) ഒരു പൂർണ്ണമായ ലിസ്റ്റ് പേര്, ഡോസ്, കഴിക്കുന്ന സമയം എന്നിവ സഹിതം ഒരു ഡയറിയിൽ എഴുതി സൂക്ഷിക്കുക.
ഏതൊരു ഡോക്ടറെ കാണാൻ പോകുമ്പോഴും നിലവിൽ കഴിക്കുന്ന എല്ലാ മരുന്നുകളുടെയും ഈ ലിസ്റ്റോ അല്ലെങ്കിൽ മരുന്നുകളുടെ കവറോ കൂടെക്കരുതുക. വ്യത്യസ്ത സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ എഴുതിയ മരുന്നുകൾ ഒരേ ഡോക്ടറെ കാണിച്ച് ഉറപ്പുവരുത്തുക.
ഒരു ഫാമിലി ഡോക്ടറെയോ ജെറിയാട്രിഷ്യനെയോ (വാർധക്യകാല രോഗവിദഗ്ദ്ധൻ) കണ്ട് നിലവിലെ എല്ലാ മരുന്നുകളും പരിശോധിപ്പിക്കുക. ഇപ്പോൾ ആവശ്യമില്ലാത്ത മരുന്നുകൾ ഒഴിവാക്കാനും ഡോസ് ക്രമീകരിക്കാനും ഇത് സഹായിക്കും.
മെഡിക്കൽ സ്റ്റോറുകളിൽ പോയി വേദനസംഹാരികളോ ഉറക്കഗുളികകളോ സ്വയം വാങ്ങി കഴിക്കുന്നത് മുതിർന്നവരിൽ വൃക്കസ്തംഭനം ഉൾപ്പെടെയുള്ള വലിയ ആഘാതങ്ങൾ ഉണ്ടാക്കാം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്.
കൃത്യമായ അളവിൽ, കൃത്യമായ സമയത്ത്, ആവശ്യമുള്ള മരുന്നുകൾ മാത്രം കഴിക്കുക എന്നതാണ് ആരോഗ്യകരമായ വാർധക്യത്തിന്റെ രഹസ്യം. മരുന്നുകളുടെ എണ്ണമല്ല, നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരമാണ് പ്രധാനം.
തയ്യാറാക്കിയത്: ഡോ. അനുശ്രീ എ എസ്, അസോസിയേറ്റ് കൺസൾട്ടന്റ്, ജെറിയാട്രിക് മെഡിസിൻ, ആസ്റ്റർ മെഡ്‌സിറ്റി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates