മലയാളികൾക്ക് ഓണത്തെ കുറിച്ച് പ്രതേകിച്ച് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഇന്ന് അത്തം പിറന്നതോടെ കേരളത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളാണ് ഓണാഘാഷത്തിന്റെ പ്രധാന കാലഘട്ടം. വീട്ടുമുറ്റത്ത് പൂക്കളം ഒരുങ്ങുന്നതും ഓണക്കോടി വാങ്ങുന്നതും സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതുമെല്ലാം അത്തം മുതൽ സജീവമാകും. മലയാളികൾ ലോകത്തിന്റെ ഏതൊക്കെ മൂലയ്ക്കുണ്ടോ അവിടൊക്കെ ഓണാഘാഷം പൊടിപൊടിക്കും.
കേരളീയരുടെ ഓണത്തിന്റെ വേരുകൾ കാർഷിക ജീവിതത്തിലും പ്രകൃതിയുമായുള്ള ബന്ധത്തിലും സാമൂഹിക കൂട്ടായ്മകളിലുമാണ്. അതുകൊണ്ട് തന്നെ അത്തം ഓണത്തിന്റെ വരവറിയിക്കുന്ന ഒരു ദിവസമെന്നതിലുപരി തുടർന്നുള്ള ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്ന ദിനം കൂടിയാണ്.
ഓണാഘോഷത്തിലെ പത്ത് ദിവസങ്ങൾക്ക് ഓരോന്നിനും പ്രത്യേക പ്രാധാന്യമുണ്ട്. അത്തം മുതൽ പൂക്കളം ഇട്ടു തുടങ്ങുന്നു. ആദ്യ ദിവസം തുമ്പപ്പൂക്കൾ നിറച്ച ചെറിയ പൂക്കളമായിരിക്കും. ഓരോ ദിവസവും പുതിയ പൂക്കൾ ചേർത്ത് അതിനെ കൂടുതൽ വലുതാക്കും.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പൂക്കളത്തിന്റെ രീതിയിലും ഉപയോഗിക്കുന്ന പൂക്കളിലും ദിവസങ്ങളുടെ ആചാരങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും അത്തം ഓണാഘോഷത്തിന്റെ തുടക്കമായി കണക്കാക്കുന്ന പാരമ്പര്യം കേരളത്തിൽ ഒരുപോലെയാണ്.
വീടും മുറ്റവും വൃത്തിയാക്കാം
അത്തം ദിനത്തിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് വീടും പരിസരവും വൃത്തിയാക്കുന്നത്. പണ്ടുകാലത്ത് ഓണം എത്തുന്നതിന് മുമ്പായി വീടും പറമ്പും വൃത്തിയാക്കുകയും മുറ്റം വൃത്തിയാക്കി ഒരുക്കുകയും ചെയ്തിരുന്നു. ഓണത്തെ വീട്ടിലേക്ക് വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇതിനെ കണ്ടിരുന്നത്.
വീടിന്റെ പ്രധാന ഭാഗങ്ങൾ വൃത്തിയാക്കുക
മുറ്റവും പൂക്കളം ഇടുന്ന സ്ഥലവും വൃത്തിയാക്കുക
പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങൾ മാറ്റിവയ്ക്കുക
അടുക്കളയും സ്റ്റോറും വൃത്തിയാക്കുക
പൂക്കളം ഇടാനുള്ള സ്ഥലം നേരത്തെ തയ്യാറാക്കുക
ഓണം വെറും വസ്ത്രങ്ങളും ഭക്ഷണവും മാത്രമല്ലെന്നും വീടിനെയും മനസ്സിനെയും പുതിയൊരു ആഘോഷത്തിനായി ഒരുക്കുന്ന കാലമാണെന്നും ഇത് നമ്മെ ഓർമിപ്പിക്കുന്നു.
അത്തത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ആചാരമാണ് പൂക്കളം. പണ്ടുകാലത്ത് മുറ്റത്തും തൊടിയിലും പറമ്പിലുമൊക്കെ പൂത്തുനിൽക്കുന്ന നാട്ടുപൂക്കൾ ഉപയോഗിത്താണ് പൂക്കളം ഒരുക്കിയിരുന്നത്. ഇന്ന് പൂക്കളം വലിയ മത്സരങ്ങളുടെയും അലങ്കാരങ്ങളുടെയും ഭാഗമായെങ്കിലും അതിന്റെ അടിസ്ഥാന ആശയം പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. അത്തം മുതൽ ലളിതമായ പൂക്കളത്തിൽ നിന്ന് തുടങ്ങുന്നതാണ് പരമ്പരാഗത രീതിയുടെ ഭംഗി.
തിരുവോണ സദ്യയ്ക്ക് വേണ്ട സാധനങ്ങൾ അവസാന ദിവസം മാത്രം വാങ്ങുന്നതിനു പകരം അത്തം മുതൽ ക്രമേണ ഒരുക്കുന്നത് സൗകര്യപ്രദമാണ്. അരി, പയർവർഗങ്ങൾ, തേങ്ങ, മസാലകൾ, അച്ചാറിനും തോരനും കറികൾക്കുമുള്ള സാധനങ്ങൾ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കാം. വീട്ടിൽ കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളായിരുന്നു മുൻപ് ഓണത്തിന് ഉപയോഗിച്ചിരുന്നത്. ഓണസദ്യയ്ക്ക് പിന്നിലും കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ സ്വാധീനം കാണാം. വീട്ടുവളപ്പിൽ വിളയിച്ച പച്ചക്കറികളും ധാന്യങ്ങളും ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കായി വലിയൊരു ഭക്ഷണം ഒരുക്കുക എന്നത് ഓണത്തിന്റെ കൂട്ടായ്മാ സ്വഭാവത്തോട് ചേർന്നുനിൽക്കുന്നു.
ഓണത്തിന്റെ ഏറ്റവും പ്രശസ്തമായ ഐതിഹ്യം മഹാബലിയുടേതാണ്. ജനക്ഷേമത്തിനും സമത്വത്തിനും പ്രാധാന്യം നൽകിയിരുന്ന മഹാബലി കേരളം ഭരിച്ചിരുന്ന കാലത്ത് ഇവിടെ സമൃദ്ധമായിരുന്നുവെന്നാണ് ഐതിഹ്യം.
ഇദ്ദേഹത്തിൻ്റെ ജനപ്രീതിയിൽ അസൂയ തോന്നിയ ദേവന്മാരുടെ അപേക്ഷ കേട്ട് മഹാവിഷ്ണു വാമന രൂപത്തിലെത്തി മഹാബലിയോടെ മൂന്ന് അടി മണ്ണ് ചോദിച്ചു. രാജാവ് സമ്മതിക്കുകയും ചെയ്തു.
എന്നാൽ ആദ്യ രണ്ട് അടികളിലൂടെ ഭൂമിയും ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടിക്ക് സ്ഥലം നൽകാനായി മഹാബലി തൻ്റെ തല കുനിച്ചുകൊടുത്തുവെന്നാണ് ഐതിഹ്യം.
തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലെത്തുന്ന ദിവസമാണ് തിരുവോണം എന്നാണ് വിശ്വാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates