പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം വളരെ പ്രധാനമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇരുമ്പിന്റെ അംശം കൂടുതല്‍ ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച തുടങ്ങിയവ ലക്ഷണങ്ങള്‍ക്ക് കാരണമാകാം. ഇത് പരിഹരിക്കാൻ പറ്റിയ ഏറ്റവും മികച്ച മാർഗമാണ് പാലക്ക് ചീര.
100 ഗ്രാം പാലക്ക് ചീരയിൽ ഏകദേശം 4.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒരു സമീകൃതാഹാരത്തിന്റെ ഭാഗമായി ചീര കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ സ്വാഭാവികമായ രീതിയിൽ തന്നെ ലഭിക്കും. കാഴ്ചശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്താനും പാലക്ക് ചീര മികച്ചതാണ്.
ദിവസവും ഒരു കപ്പ് ചീര കഴിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ദൈനംദിന പോഷകാഹാര ആവശ്യങ്ങളുടെ 56 മുതൽ 188 ശതമാനം വരെ നിറവേറ്റാൻ കഴിയുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് അഗ്രികൾച്ചർ റിസർച്ച് വ്യക്തമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും പാലക്ക് ചീര പതിവായി കഴിക്കുന്നത് നല്ലതാണ്.
പാലക്ക് ചീരയുടെ 91 ശതമാനവും വെള്ളമായതിനാൽ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. പ്രോട്ടീൻ, ഇരുമ്പ് എന്നിവയ്ക്ക് പുറമെ വിറ്റാമിൻ എ, സി, കെ1 എന്നിവയും മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഇതിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഈ ഇലക്കറി. ഹൃദയാരോഗ്യത്തിനും ദഹനപ്രക്രിയ സുഗമമാക്കാനും പാലക്ക് ചീര മികച്ചൊരു ഔഷധമായി പ്രവർത്തിക്കുന്നു.
ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണം കൂടിയാണ് പാലക്ക് ചീര. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാലക്ക് ചീരയിൽ അടങ്ങിയ വിറ്റാമിൻ കെ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates