Sleep Problems Pinterest
Health

ഭക്ഷണവും വ്യായാമവും അതിന് ശേഷമേ വരൂ, ആയുസ്സ് കുറയ്ക്കുന്ന പ്രധാന ഘടകം ചൂണ്ടിക്കാട്ടി ​ഗവേഷകർ

ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിനാണ് പ്രഥമസ്ഥാനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാത്രി ഉറക്കം നഷ്ടപ്പെടുത്തി സ്ക്രീനിൽ നോക്കിയിരിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, നിങ്ങളുടെ ആയുർദൈർഘ്യം വിചാരിക്കുന്നതിലും വേ​ഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആന്റ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ സമീപകാല പഠനത്തിൽ നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കുകയും ഉറക്കം കുറയുന്നവരുടെ ആയുർദൈർഘ്യം കുറയുകയും ചെയ്യുന്ന പ്രവണത കണ്ടെത്തി.

2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ സിഡിസി (Centers for Disease Control and Prevention) നടത്തിയ സർവേകളാണ് പഠനവിധേയമാക്കിയത്. ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിനാണ് പ്രഥമസ്ഥാനം. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കം എന്നിവ അതിന് ശേഷമാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. ആയുസ്സിന്റെ കാര്യത്തിൽ ഉറക്കത്തേക്കാൾ സ്വാധീനം ചെലുത്തുന്ന ഒരു ഘടകം പുകവലി മാത്രമാണെന്നും ഗവേഷകർ പറയുന്നു.

ആരോ​ഗ്യത്തിന് ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും ആയുസ്സുമായുള്ള ഉറക്കത്തിന്റെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ആദ്യ പഠനമാണിതെന്നും ​ഗവേഷകർ പറയുന്നു. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണമെന്നും ​ഗവേഷകർ പറയുന്നു.

ഹൃദയാരോഗ്യം കാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമൊക്കെ ഉറക്കം കൂടിയേതീരൂ എന്നും ഇതുവഴി ആയുസ്സ് കൂട്ടാമെന്നും ഗവേഷകർ പറയുന്നു. ഭക്ഷണം, വ്യായാമം എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യത്തോടെ ഉറക്കത്തേയും സമീപിക്കണം.

നല്ല ഉറക്കം ലഭിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങൾ എത്രകാലം ജീവിക്കും എന്നതിനേക്കൂടി നിശ്ചയിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു. സ്ലീപ് അഡ്വാൻസസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നല്ല ഉറക്കത്തിന്...

  • പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും. ഇത് മെലാടോണിൻ്റെ ഉൽപാദനം കുറയ്ക്കും. രാത്രി ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക.

  • ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക.

  • ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക.

  • ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്.

  • ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.

  • അത്താഴത്തിന് ദഹനം പെട്ടെന്ന് നടക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

  • തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.

Poor sleep may reduce your lifespan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!