

മാഡ്രിഡ്: സമ്മോഹനമായ തന്റെ കായിക കരിയറില്‍ പുതിയ അധ്യായം തുറന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നദാല്‍ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന ക്ലബിന്റെ ജനറല്‍ അസംബ്ലിയില്‍ 99.5 ശതമാനം വോട്ടുകള്‍ നേടിയാണ് നദാല്‍ വന്‍ വിജയം നേടിയത്.
1713 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്. അതില്‍ 1704 വോട്ടുകളും നദാലിനു അനുകൂലമായാണ് അംഗങ്ങള്‍ ചെയ്തത്. 4 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചോയ്തത്. 5 പേര്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. 99.5 ശതമാനം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഫുട്‌ബോള്‍ ഭരണ തലപ്പത്തേക്ക് വരുന്നത്.
2011 മുതല്‍ നദാല്‍ റയലിന്റെ ഓണററി അംഗമാണ്. പുതിയ സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്നു അദ്ദേഹം പ്രതികരിച്ചു. 'മാതാപിതാക്കളില്‍ നിന്നു മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇഷ്ടമാണ് റയലിനോടുള്ളത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു മത്സരങ്ങള്‍ കാണാന്‍ ഒന്നിപ്പിക്കുന്ന ഘടകം. പുതിയ സ്ഥാനം വലിയ ബഹുമതി കൂടിയാണ്'- നദാല്‍ വ്യക്തമാക്കി.
നദാലിനെ ക്ലബിന്റെ ഭരണ രംഗത്തേക്ക് റയല്‍ അധ്യക്ഷന്‍ ഫ്‌ളോറന്റിനോ പെരസ് സ്വാഗതം ചെയ്തു. ക്ലബിനെ സംബന്ധിച്ച് സവിശേഷ നിമിഷമാണെന്നു അദ്ദേഹം വിശേഷിപ്പിച്ചു. 'റാഫ അസാധാരണ വ്യക്തിയാണ്. ലോക കായിക ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞ പേരുകാരന്‍. ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുള്ള വലിയ താരം'- പെരസ് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates