

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സന്ദര്‍ശക രാജ്യമായി ഇംഗ്ലണ്ട് മാറി. ഒന്നാം ടി20യിലാണ് ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ചരിത്ര നേട്ടം. ഇന്ത്യയുടെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഒറ്റ റണ്‍ വ്യത്യാസത്തില്‍ തിരുത്തിയത്.
ഒന്നാം പോരാട്ടത്തില്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. 2022ലെ ലോകകപ്പില്‍ ഇന്ത്യ സിംബാബ്‌വെക്കെതിരെ നേടിയ 186 റണ്‍സിന്റെ ടോട്ടലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഓസീസ് മണ്ണില്‍ ഇംഗ്ലണ്ട് നേടുന്ന അവരുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടി20 ടോട്ടലും മെല്‍ബണിലെ ഈ സ്‌കോര്‍ തന്നെ. പെര്‍ത്തില്‍ 2022ല്‍ നേടിയ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഓസീസ് മണ്ണിലെ ഏറ്റവും മികച്ച ടോട്ടല്‍. 2014ല്‍ ഹൊബാര്‍ട്ടില്‍ നേടിയ 9 വിക്കറ്റിന് 200 റണ്‍സാണ് രണ്ടാമത്തെ മികച്ച ടോട്ടല്‍.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറിലെത്തിയത്. നായകന്‍ വെറും 28 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 65 റണ്‍സ് വാരി. 22 പന്തില്‍ 39 റണ്‍സെടുത്ത ടോം ബാന്റന്‍, 20 പന്തില്‍ 27 റണ്‍സെടുത്ത ജോര്‍ദാന്‍ ക്രോക്‌സ്, 21 റണ്‍സെടുത്ത സാം കറന്‍ എന്നിവരും സ്‌കോറിലേക്ക് സംഭാവന ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates